| Friday, 4th July 2025, 1:07 pm

അശ്രദ്ധ മൂലമുണ്ടാകുന്ന അപകടമരണങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അശ്രദ്ധയെ തുടര്‍ന്നുണ്ടാകുന്ന അപകടമരണങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആര്‍. മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.

അമിത വേഗതയില്‍ കാര്‍ ഓടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട വ്യക്തിയുടെ കുടുംബം 80 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ കര്‍ണാടക ഹൈക്കോടതിയും പ്രസ്തുത ഹരജി തള്ളിയിരുന്നു.

2024 നവംബര്‍ 23നാണ് ഹൈക്കോടതി ഹരജി തള്ളിയത്. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ നിയമം ലംഘിച്ച വ്യക്തി ചെയ്ത തെറ്റിന് നഷ്ടപരിഹാരം കൊടുക്കുന്നതിന് തുല്യമാകുമെന്നും കോടതി പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഇടപെടാൻ ബെഞ്ച് താത്പര്യപ്പെടുന്നില്ലെന്നും ഹരജി തള്ളുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

2014 ജൂണ്‍ 18നാണ് ഹരജിക്കാസ്പദമായ അപകടം നടന്നത്. മല്ലസാന്ദ്ര ഗ്രാമത്തില്‍ നിന്ന് അരസിക്കെരെ പട്ടണത്തിലേക്ക് കാറില്‍ പോകുന്നതിനിടെ എന്‍.എസ്. രവിഷ എന്നയാള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടം നടക്കുമ്പോള്‍ രവിഷയുടെ അച്ഛനും സഹോദരിയും കുട്ടികളും കാറിലുണ്ടായിരുന്നു.

അപകടത്തില്‍ ഗുരുതമായി പരിക്കേറ്റ യുവാവ് ചികിത്സക്കിടെ മരിക്കുകയായിരുന്നു. പിന്നാലെ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് അപകടം നടന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്.

കൂടാതെ ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിക്കുന്ന വ്യക്തിയായിരുന്നു രവിഷയെന്നും കോടതി കണ്ടെത്തുകയുണ്ടായി.

Content Highlight: Insurance companies are not required to pay compensation for accidental deaths caused by negligence: Supreme Court

We use cookies to give you the best possible experience. Learn more