| Friday, 29th May 2026, 12:04 pm

ഗവര്‍ണറേയും വന്ദേമാതരത്തേയും അവഹേളിച്ചു; സര്‍ക്കാര്‍ സി.പി.ഐ.എമ്മിനും ജമാഅത്തെ ഇസ്‌ലാമിക്കും വിധേയപ്പെടുന്നതിന്റെ തെളിവെന്ന് വി.മുരളീധരന്‍

നിഷാന. വി.വി

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ വന്ദേമാതരം മുഴുവന്‍ പാടാത്തതിനെതിരെ രംഗത്തെത്തി ബി.ജെ.പി

ബി.ജെ.പി എം.എല്‍.എ വി. മുരളീധരനാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവന്‍ ആലപിക്കണം എന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും നിയമസഭയില്‍ അത് പാലിക്കപ്പെട്ടില്ലെന്നും ഇത് ലോക്ഭവനോടും ഗവര്‍ണരോടുമുള്ള അവഹേളനമാണെന്നും മുരളീധരന്‍ പറഞ്ഞു.

150 ആം വാര്‍ഷികം ആഘോഷിക്കുന്ന ദേശീയഗീതവം അപമാനിക്കപ്പെട്ടുവെന്നും
ജമാഅത്തെ ഇസ്‌ലാമിക്കും സി.പിഐമ്മിനും വഴങ്ങുകയാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രതികരണം.

‘ദേശീയഗീതം മതനിരപേക്ഷതയ്ക്ക് നിരക്കാത്തത് എന്ന അവരുടെ വാദം സര്‍ക്കാര്‍ അംഗീകരിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 1896ല്‍ കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തില്‍ ആദ്യമായി ആലപിച്ച ‘വന്ദേമാതര’ത്തോട് എന്നുമുതലാണ് കോണ്‍ഗ്രസിന് അയിത്തം തുടങ്ങിയത് എന്ന് വി.ഡി സതീശന്‍ വ്യക്തമാക്കണം,’ പോസ്റ്റില്‍ പറയുന്നു.

ഇന്ന് നടന്ന ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിന് മുമ്പ് സംസ്ഥാന നിയമസഭയില്‍ വന്ദേ മാതരം ആലപിച്ചിരുന്നു. എന്നാല്‍ വന്ദേ മാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ചിരുന്നില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികളുടെഇന്‍സ്ട്രുമെന്റല്‍ പതിപ്പാണ് ആലപിച്ചത്. ഇതിനെതിരെയാണ് മുരളീധരന്റെ പരാമര്‍ശം.

ഇതാദ്യമായാണ് സഭയില്‍ വന്ദേ മാതരം ആലപിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി വി.ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണരൂപം ആലപിച്ചത് വിവാദമായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് അന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചത്.

വിഷയത്തില്‍ അന്ന് പ്രതിപക്ഷ കക്ഷിയായ സി.പി.ഐ.എം വിമര്‍ശനമുന്നയിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് തെറ്റായ നടപടിയാണെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടിരുന്നു.

Content Highlight: Insulting the Governor and Vande Mataram; V. Muraleedharan says it is proof that the government is subservient to the CPI(M) and Jamaat-e-Islami

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more