| Thursday, 15th May 2025, 4:18 pm

ഇന്ത്യയിലല്ല... ഇവിടെ, ഐഫോണുകളുടെ നിര്‍മാണം അമേരിക്കയില്‍ കേന്ദ്രീകരിക്കണം; ആപ്പിളിന് ട്രംപിന്റെ ഉപദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണിന്റെ നിര്‍മാണം അമേരിക്കയില്‍ കേന്ദ്രീകരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശം. ഐഫോണിന്റെ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റരുതെന്നും അമേരിക്കയിലെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട് ട്രംപ് ആവശ്യപ്പെട്ടു.

ഐഫോണിന്റെ നിര്‍മാണം ഇന്ത്യയില്‍ നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കയിലെ നിര്‍മാണം വര്‍ധിപ്പിക്കാനാണ് താത്പര്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്ന് (വ്യാഴാഴ്ച) ഖത്തറിലെ ബിസിനസ് നേതാക്കളുമായി നടന്ന ഒരു പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ട്രംപ്.

ഉയര്‍ന്ന താരിഫുകള്‍ ചുമത്തി ലോകത്തില്‍ ഏറ്റവും കൂടുതല്‍ തടസങ്ങളുണ്ടാകുന്ന രാജ്യമാണ് ഇന്ത്യയെന്നും ട്രംപ് കുറ്റപ്പെടുത്തി. കൂടാതെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഒരു രാജ്യത്ത് അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ യു.എസ് ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തതായും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നതിനിടെയാണ് ട്രംപിന്റെ അടുത്ത വാദം.

മധ്യസ്ഥതയില്‍ വ്യാപാരം അടക്കം ചര്‍ച്ച ചെയ്തുവെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. എന്നാല്‍ അമേരിക്കയുമായുള്ള ചര്‍ച്ചയില്‍ വ്യപാരം ചര്‍ച്ചയായിട്ടില്ലെന്നും വെടിനിര്‍ത്തലില്‍ ആരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷിയെ ഇടപെടാന്‍ അനുവദിക്കില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്ന് വെടിനിര്‍ത്തലില്‍ ആരും തന്നെ മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന ഇന്ത്യയുടെ വാദം തള്ളി ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യു.എസ് ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുമെന്ന് ഇന്ത്യ വാഗ്ദാനം നല്‍കിയെന്നും ട്രംപ് അവകാശപ്പെടുന്നത്.

അതേസമയം ആപ്പിള്‍ തങ്ങളുടെ മിക്ക ഉത്പന്നങ്ങളും ചൈനയിലാണ് ഏറ്റവും കൂടുതലായി നിര്‍മിക്കുന്നത്. ഇന്ത്യയില്‍ ഫോക്സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലും ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഒരു പ്ലാന്റിലുമാണ് ഐഫോണുകള്‍ അസംബിള്‍ ചെയ്യുന്നത്.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആപ്പിള്‍ ഐഫോണുകളുടെ ഏറ്റവും വലിയ നിര്‍മാണ കേന്ദ്രങ്ങളിലൊന്നായി ഇന്ത്യ മാറിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിളിന്റെ അസംബ്ലി ലൈനുകള്‍ 22 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്.

ഇത് മുന്‍ വര്‍ഷത്തേതില്‍ നിന്ന് 60 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Content Highlight: Instead of going to India, iPhone manufacturing should be concentrated in America; Trump’s advice to Apple

We use cookies to give you the best possible experience. Learn more