ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ നിന്നുള്ള അനധിക്യത കുടിയേറ്റക്കാരെ കോണ്‍ഗ്രസ് സംരക്ഷിച്ചിരുന്നെന്ന പ്രധാനമന്ത്രി നഭരന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതിന് പകരം ഭരണകക്ഷിയായ ബി.ജെ.പി പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പതിറ്റാണ്ടുകളോളം അവഗണിക്കുകയായിരുന്നുവെന്ന മോദിയുടെ ആരോപണത്തോടായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും സമീപ മേഖലയുടെ സുരക്ഷയും സ്വത്വവും പണയപ്പെടുത്തി പതിറ്റാണ്ടുകളോളം നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.
അസമിലെ ഗുവാഹത്തി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചത്.
ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കോണ്‍ഗ്രസ് സ്ഥിരതാമസത്തിന് അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം പോലും നുഴഞ്ഞുകയറ്റക്കാരെ ജനാധിപത്യ പ്രക്രിയയില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണെന്നും മോദി അവകാശപ്പെട്ടു.
നുഴഞ്ഞുകയറ്റം തടയാന്‍ കേന്ദ്രം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ദേശദ്രോഹികള്‍ അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷത്തെ ഉന്നംവെച്ച് മോദി പറഞ്ഞിരുന്നു.
എന്നാല്‍, ഇതിനുള്ള മറുപടിയില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന ബി.ജെ.പി സര്‍ക്കാര്‍ തന്നെയാണ് കേന്ദ്രവും അസമും ഭരിക്കുന്നതെന്ന് ഖാര്‍ഗെ ഓര്‍മിപ്പിച്ചു. എന്നിട്ടും സ്വന്തം പരാജയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന് മേല്‍ പഴി ചാരാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘കേന്ദ്രത്തിലും മോദിയുടെ സര്‍ക്കാരാണ്. അസമിലും അദ്ദേഹത്തിന്റെ സ്വന്തം സര്‍ക്കാരാണ് ഭരിക്കുന്നത്. അതിനെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരെന്നല്ലേ വിളിക്കുന്നത്. അവര്‍ സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താന്‍ എങ്ങനെ സാധിക്കും,’ ഖാര്‍ഗേ ചോദിച്ചു.
സര്‍ക്കാര്‍ പരാജയപ്പെടുമ്പോഴെല്ലാം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് മോദി ഒരു ശീലമാക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ദേശദ്രോഹികള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നും ആരെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും തീവ്രവാദികളെയും നുഴഞ്ഞുകയറ്റക്കാരെയും കോണ്‍ഗ്രസ് പിന്തുണച്ചിട്ടില്ല. അവരെ തടയുന്നതില്‍ പരാജയപ്പെട്ടതുകൊണ്ട് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
Content Highlight: Instead of blaming the opposition, take responsibility for the defeat: Kharge challenges Modi