| Thursday, 19th February 2026, 10:56 pm

ബോബിയായി പ്രേം നസീര്‍, നീനയായി ശാരദ, മിന്നാരം കോപ്പിയാണെന്ന് കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

മലയാളികളും ഇഷ്ടചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായ മിന്നാരം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്നും പലരുടെയും ഫേവറെറ്റാണ്. ഊട്ടിയുടെ മനോഹാരിതയില്‍ പ്രിദര്‍ശന്‍ പറഞ്ഞ ബോബിയുടെയും നീനയുടെയും കഥ ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാത്ത വിങ്ങലായി നില്‍ക്കുന്നുണ്ട്.

മിന്നാരം Photo: Sree Movies

എന്നാല്‍ മിന്നാരത്തിന്റെ കഥ കോപ്പിയാണെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 1972ല്‍ പ്രേം നസീര്‍. ശാരദ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ബ്രഹ്‌മചാരി എന്ന ചിത്രത്തിന്റെ കഥ അതേപടി പകര്‍ത്തിയാണ് പ്രിയദര്‍ശന്‍ മിന്നാരം ഒരുക്കിയതെന്ന് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പ്രേം നസീര്‍ അവതരിപ്പിച്ച ജയചന്ദ്രന്‍ എന്ന കഥാപാത്രത്തെ തേടി അയാളുടെ പഴയ കാമുകി ശ്രീദേവി ജയചന്ദ്രന്റെ വീട്ടിലെത്തുന്നു. തന്റെ കൈയിലുള്ള കുഞ്ഞിന്റെ അച്ഛന്‍ ജയചന്ദ്രനാണെന്ന് ശ്രീദേവി ആരോപിക്കുന്നു. എന്നാല്‍ ശ്രീദേവി തന്റെ കാമുകിയായിരുന്നെന്നും കുഞ്ഞ് തന്റേതല്ലെന്നും ജയചന്ദ്രന്‍ വാദിക്കുന്നു.

കുഞ്ഞ് തന്റേതല്ലെന്ന് തെളിയിക്കാന്‍ ബ്ലഡ് ടെസ്റ്റ് വരെ ജയചന്ദ്രന്‍ നടത്തുന്നുണ്ട്. ഒടുവില്‍ ശ്രീദേവിയുടെ ഇരട്ട സഹോദരി വിമലയാണ് കുഞ്ഞിന്റെ അമ്മയെന്നും ജയചന്ദ്രന്റെ ജ്യേഷ്ഠനായ വേണുഗോപാലാണ് കുഞ്ഞിന്റെ അച്ഛനെന്നുമാണ് ബ്രഹ്‌മചാരിയുടെ ട്വിസ്റ്റ്. പെണ്ണേ നീ വാഴ്ക എന്ന തമിഴ് സിനിമയുടെ റീമേക്കായാണ് ബ്രഹ്‌മചാരി ഒരുങ്ങിയത്.

തമിഴില്‍ വന്ന ഒരു കഥയുടെ മലയാളം റീമേക്ക് മലയാളത്തില്‍ തന്നെ കോപ്പിയടിച്ച് ആളുകള്‍ക്ക് ഒട്ടും സംശയം തോന്നാത്ത രീതിയില്‍ അവതരിപ്പിച്ച പ്രിയദര്‍ശനം പലരും അഭിനന്ദിക്കുന്നുണ്ട്. ബ്രഹ്‌മചാരിയുടെ കഥയില്‍ കുറച്ച് കോമഡിയും സൗണ്ട് ഓഫ് മ്യൂസിക്കിന്റെ ഫ്‌ളേവറുകളും ചേര്‍ത്താണ് പ്രിയദര്‍ശന്‍ മിന്നാരം ഒരുക്കിയതെന്നാണ് വീഡിയോയുടെ കമന്റ് ബോക്‌സില്‍ പലരും അഭിപ്രായപ്പെടുന്നത്.

രാഹുല്‍മോഹന്‍ എന്നയാളാണ് രണ്ട് സിനിമകളും തമ്മിലുള്ള സാമ്യത വീഡിയോരൂപത്തില്‍ പങ്കുവെച്ചത്. ‘ചിങ്കാരക്കിന്നാരം’ എന്ന പാട്ട് ബ്രഹ്‌മചാരിയുടെ വീഡിയോക്ക് മിക്‌സ് ചെയ്തതാണ് റീലിന്റെ ഹൈലൈറ്റ്. ബ്രഹ്‌മചാരിയെക്കാള്‍ എന്റര്‍ടൈന്മെന്റ് വാല്യു മിന്നാരത്തിനാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാണ്. രസകരമായ പല കമന്റുകളും വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തൊക്കെ കോപ്പിയാണെന്ന് പറഞ്ഞാലും പ്രിയദര്‍ശന്റെ സിനിമകളെല്ലാം വേറെ ലെവലാണെന്നാണ് പ്രധാന കമന്റ്.

‘നീനയെപ്പോലെ വായില്‍കൊള്ളാത്ത പേര് തന്നെയാണ് ഈ സിനിമയിലെ നായികക്കും’, ‘റിച്ചാര്‍ഡ് ഹോസ്പിറ്റലിന് പകരം താലൂക്ക് ആശുപത്രി’, ‘രണ്ട് സിനിമയിലും ശങ്കരാടി ചേട്ടന് നല്ല റോളുണ്ട്. പുള്ളിക്കെങ്കിലും കൊച്ചിന്റെ അച്ഛന്‍ വേറെയാണെന്ന് പറയാമായിരുന്നു’, ‘എത്രയാണെന്ന് വെച്ചാ ഹോളിവുഡില്‍ നിന്ന് കോപ്പിയടിക്കുക, ഇതാവുമ്പോ സ്വന്തം ഭാഷയാണല്ലോ’, ‘ഭാഗ്യം പാട്ട് കോപ്പിയടിച്ചില്ല’ എന്നിങ്ങനെയാണ് കമന്റുകള്‍.

ബ്രഹ്‌മചാരി സിനിമയുടെ യൂട്യൂബ് കമന്റ് ബോക്‌സിലും മിന്നാരം ഫാന്‍സിനെ കാണാന്‍ സാധിക്കുന്നുണ്ട്. റീല്‍ കണ്ടിട്ടാണ് പലരും ഈ ചിത്രം കണ്ടതെന്ന് കമന്റ് ബോക്‌സ് വ്യക്തമാക്കുന്നുണ്ട്.

Content Highlight: Instagram reel that Minnaram is the copy of old Malayalam movie viral

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more