| Friday, 7th November 2025, 3:20 pm

ചിരിപ്പിക്കാനാകാത്ത കോമഡികളുമായി ഇന്നസെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മന്ദാകിനിക്ക് ശേഷം അല്‍ത്താഫ് സലിം- അനാര്‍ക്കലി കോമ്പോ ഒരിക്കല്‍കൂടി ഒന്നിച്ച ചിത്രമാണ് ഇന്നസെന്റ്. പുറത്തുവന്ന പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം കോമഡി സിനിമയാണെന്ന പ്രതീതി തന്നെങ്കിലും ചിരിപ്പിക്കാത്ത തമാശകള്‍ നിറഞ്ഞ ‘കോമഡി’ ചിത്രമായാണ് ഇന്നസെന്റ് അനുഭവപ്പെട്ടത്. സ്‌ക്രീനില്‍ വന്നവരെല്ലാം കോമഡി എന്ന തരത്തില്‍ ഒരുപാട് ഡയലോഗുകള്‍ പറയുന്നുണ്ടെങ്കിലും അതൊന്നും ഒട്ടും ചിരിപ്പിച്ചില്ല.

ഭക്ഷ്യവിഷബാധയേറ്റ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനില്‍ വെച്ച് ദുരനുഭവം ഉണ്ടാവുകയും അതിന് ശേഷം സിസ്റ്റത്തിനെതിരെ അയാള്‍ പോരാടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ കഥ. സീരിയസായിട്ടുള്ള ഒരു വിഷയത്തെ തമാശയുടെ മേമ്പൊടിയില്‍ അവതരിപ്പിക്കാന്‍ നോക്കിയ സംവിധായകന്റെ ശ്രമം അമ്പേ പാളിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം റീല്‍സ്, യൂട്യൂബ് ഷോര്‍ട്‌സ് എന്നിവയില്‍ വരുന്ന തമാശകള്‍ സിനിമയില്‍ ആവര്‍ത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഒരുപാട് വട്ടം ശ്രമിച്ചു. എന്നാല്‍ അവയൊന്നും ചിരിപ്പിച്ചില്ലെന്ന് മാത്രമല്ല, മടുപ്പിക്കുകയും ചെയ്തു. അഭിനയിച്ച സിനിമകളിലൊന്നും വെറുപ്പിക്കാതെ, സ്ഥിരം ശൈലി കൊണ്ട് ചിരിപ്പിച്ച അല്‍ത്താഫിന് ഇന്നസെന്റില്‍ ഒട്ടും ചിരിപ്പിക്കാനായില്ല.

ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, അശ്വിന്‍ കോഴിക്കോട് തുടങ്ങി നിരവധി ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിലുണ്ടെങ്കിലും ആര്‍ക്കും ചിരിപ്പിക്കാന്‍ സാധിച്ചില്ല. ഇതില്‍ ജോമോനും അസീസും കോമഡിക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന സീനുകള്‍ കണ്ടാല്‍ കരച്ചില്‍ വരും. കഥയുമായോ കഥാപാത്രങ്ങളുമായോ ഒരു തരത്തിലും കണക്ടാകാന്‍ സാധിക്കാത്ത ചിത്രമായി ഇന്നസെന്റ് മാറി.

നായികമാരായെത്തിയ അന്ന പ്രസാദ്, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ക്ക് കഥയില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മോശം ഡയലോഗ് ഡെലിവറി കൊണ്ട് അനാര്‍ക്കലി സിനിമയിലെ കല്ലുകടികളിലൊന്നായി മാറി. സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകളായി വന്ന ചിലരുടെ പ്രകടനം പക്കാ ആര്‍ട്ടിഫിഷ്യലായിട്ടാണ് അനുഭവപ്പെട്ടത്. ഇതിനിടയില്‍ വിജയ് ആരാധകനെന്ന നിലയില്‍ ശ്രദ്ധേയനായ ഉണ്ണിക്കണ്ണന്‍ മംഗലം ഡാം ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിയ കിലി പോളിനെയും അണിയറപ്രവര്‍ത്തകര്‍ ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളെയെല്ലാം ഉള്‍പ്പെടുത്തിയാല്‍ സിനിമ നന്നാകില്ലെന്നും അതിന് നല്ലൊരു സ്‌ക്രിപ്റ്റ് ആവശ്യമാണെന്നും ഇതിന്റെ എഴുത്തുകാര്‍ തിരിച്ചറിയുന്നത് നന്നായിരിക്കും.

സിനിമയുടെ തുടക്കത്തില്‍ കഥയുമായി ഒരു ബന്ധവുമില്ലാത്ത കൊറ്റംകുളങ്ങര ചമയവിളക്കെല്ലാം കാണിക്കുന്നുണ്ട്. ദൈര്‍ഘ്യം തികക്കാന്‍ വേണ്ടിയാണോ ഇതെല്ലാം കാണിച്ചതെന്ന് സിനിമ തീര്‍ന്നപ്പോള്‍ വെറുതേ ചിന്തിച്ചു. മലയാള സിനിമയില്‍ തമാശക്ക് ഇത്രക്ക് ക്ഷാമമുണ്ടോ എന്ന് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

ജയ് സ്റ്റെല്ലാര്‍ ഒരുക്കിയ ഗാനങ്ങള്‍ നല്ലതായി അനുഭവപ്പെട്ടു. നിഖില്‍ എസ്. പ്രവീണിന്റെ ഛായാഗ്രഹണവും മികച്ചതായിരുന്നു. എന്നാല്‍ ഇത്തരമൊരു സ്‌ക്രിപ്റ്റില്‍ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല എന്നേ അണിയറപ്രവര്‍ത്തകരോട് പറയാനുള്ളൂ. ദിലീപ് നായകനായ പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് ശേഷം ആദ്യാവസാനം ചിരിക്കാതെ ഒരു കോമഡി ചിത്രം കണ്ടുതീര്‍ത്തത് ഇന്നസെന്റിലൂടെയാണ്.

Content Highlight: Innocent movie review

We use cookies to give you the best possible experience. Learn more