| Friday, 26th September 2025, 7:46 pm

ആര്‍.എസ്.എസ് നേതാക്കളെ കാണുമ്പോള്‍ നട്ടെല്ല് വളയ്ക്കുന്ന സതീശന്റെ മതേതര സര്‍ട്ടിഫിക്കറ്റ് ഐ.എന്‍.എല്ലിന് വേണ്ട: എന്‍.കെ. അബ്ദുല്‍ അസീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മതേതര നിലപാടിനെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐ.എന്‍.എല്‍) എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ അബ്ദുല്‍ അസീസ്.

സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുകയാണ് പ്രതിപക്ഷനേതാവെന്ന് അബ്ദുല്‍ അസീസ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.

ഐ.എന്‍.എല്‍ സ്ഥാപകന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിന് മാര്‍ക്കിടാന്‍ മാത്രം പ്രതിപക്ഷനേതാവ് വളര്‍ന്നിട്ടില്ലെന്നും സംഘപരിവാറിന് നാരങ്ങാവെള്ളം കലക്കാന്‍ തങ്ങളെ കിട്ടില്ലെന്നും നാഷണല്‍ ലീഗ് നേതാവ് പറഞ്ഞു.

സംഘപരിവാറിന്റെ തിട്ടൂരങ്ങള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുന്നതാണ് മതേതരത്വം എന്ന് സതീശന്‍ പറഞ്ഞാല്‍ അതൊക്കെ തലകുലുക്കി സമ്മതിച്ച് സംഘികള്‍ക്ക് നാരങ്ങാ വെള്ളം കലക്കാന്‍ ലീഗുകാരെ കിട്ടുമായിരിക്കും, അതുകൊണ്ടാണ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുമ്പില്‍ കുമ്പിട്ടു നിന്ന പ്രതിപക്ഷ നേതാവും, നരസിംഹ റാവുവിന് ഓശാന പാടിയ ലീഗും ഒക്കച്ചങ്ങാതിമാരായതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘ആര്‍.എസ്. എസ് സ്ഥാപക നേതാക്കളുടെ ഫോട്ടോ കാണുമ്പോള്‍ നട്ടെല്ല് വളയ്ക്കുന്ന വി.ഡി. സതീശന്റെ മതേതര സര്‍ട്ടിഫിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമില്ല. മൂന്നര പതിറ്റാണ്ടോളമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹ്യ രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന ഞങ്ങളെ അടുത്തറിഞ്ഞവരാണ് കേരളീയ പൊതു സമൂഹം, അവരോടുള്ള താങ്കളുടെ ഉണ്ടയില്ലാ വെടി സ്വന്തം ആസനത്തിലാണ് തറയ്ക്കുന്നതെന്ന ഓര്‍മ്മ വേണം.

സംഘപരിവാറിനെതിരെ സന്ധിയില്ലാസമരം നയിച്ച സേട്ട് സാഹിബിനെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, താങ്കളുടെ വര്‍ഗീയ മനസ്സിന് മാപ്പില്ല.’, അബ്ദുല്‍ അസീസ് പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ക്കാന്‍ പ്രധാനമന്ത്രി നരസിംഹറാവുവും വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും സംഘപരിവാറിന് മൗനാനുവാദം നല്‍കി. എല്ലാ ഒത്താശയും ചെയ്തുകൊടുത്ത് ഈ രാജ്യത്തെ അവര്‍ ഒറ്റുകൊടുത്തെന്നും അബ്ദുല്‍ അസീസ് ആരോപിച്ചു.

ഈ കൊടും വഞ്ചനയില്‍ പ്രതിഷേധിച്ചാണ് ഐ.എന്‍.എല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. അധികാരമോഹികളായ ലീഗിലെ കച്ചവട സംഘം കോണ്‍ഗ്രസ്-ആര്‍.എസ്.എസ് കൂട്ടുകെട്ടിനൊപ്പം നിലകൊണ്ടതോടെയാണ് ഖയിദെ മില്ലത്ത് കള്‍ച്ചറല്‍ ഫോറവും പിന്നീട് നാഷണല്‍ ലീഗും പിറവിയെടുത്തതെന്ന് അബ്ദുല്‍ അസീസ് പറഞ്ഞു.

ബാബ്‌റി മസ്ജിദ് വിഷയമാണ് മോദിയെ അധികാരത്തില്‍ എത്തിച്ചതെന്ന് തുറന്ന് സമ്മതിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പു പറഞ്ഞു, ആ പാപക്കറയില്‍ നിന്ന് ലീഗ് ഇന്നും മുക്തരായിട്ടില്ല. കൊടും വഞ്ചനയുടെ ചരിത്രങ്ങള്‍ വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു മനസ്സിലാക്കണമെന്നും അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു.

ഒ.ബി.സി വിഭാഗത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ നല്‍കിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ചവരില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ മുന്‍നിരയിലുണ്ടായിരുന്നെന്നും അന്ന് ഈ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞവരാണ് ഐ.എന്‍.എല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കാള്‍ വലുത് അധികാരമാണെന്ന ഒരു വിഭാഗം ലീഗ് നേതാക്കളുടെ അഴകൊഴമ്പന്‍ നിലപാടാണ് സേട്ട് സാഹിബിനെ ഇരുത്തി ചിന്തിപ്പിച്ചതെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും എല്‍.ഡി.എഫിന് ഒപ്പമാണെന്ന് നിലപാടെടുത്തതിനെ കുറിച്ച് സംസാരിക്കവെയാണ് വി.ഡി. സതീശന്‍ വിവാദ പരാമര്‍ശം നടത്തിയത്. എന്‍.എസ്.എസുമായോ എസ്.എന്‍.ഡി.പിയുമായോ കോണ്‍ഗ്രസിന് തര്‍ക്കമില്ലെന്നും വര്‍ഗീയ പാര്‍ട്ടിയായ ഐ.എന്‍.എല്ലിനെ കക്ഷത്ത് വെച്ച് നടക്കുന്ന എം.വി. ഗോവിന്ദന്‍ തങ്ങളെ മതേതരത്വം പഠിപ്പിക്കേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞിരുന്നു.

ലീഗ് മതേതര പാര്‍ട്ടിയാണെന്ന് പറഞ്ഞ് അവര്‍ക്ക് പിന്നാലെ നടന്ന സി.പി.ഐ.എം ഇപ്പോള്‍ ലീഗിന്റെ മതേതര നിലപാടിന് എതിരെ നിന്ന ഐ.എന്‍.എല്ലിനെ കക്ഷത്ത് വെച്ച് നടക്കുകയാണെന്നായിരുന്നു വി.ഡി സതീശന്‍ പറഞ്ഞത്. ഇതിനുള്ള മറുപടിയുമായാണ് ഐ.എന്‍.എല്‍ രംഗത്തെത്തിയിരിക്കുന്നത്.

Content Highlight: INL does not want the secular certificate of Satheesan, who bends his spine when he sees RSS leaders: NK Abdul Azeez

We use cookies to give you the best possible experience. Learn more