യാത്രകളും കൂട്ടായുള്ള ചില പരിപാടികളും ഗിരീഷ് എ.ഡി സിനിമകളില്‍ പലപ്പോഴും കഥയുടെ ഭാഗമായെത്താറുണ്ട്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലെ സ്‌കൂള്‍ എക്സ്‌കര്‍ഷന്‍ മുതല്‍ ‘സൂപ്പര്‍ ശരണ്യ’യിലെ തൃശൂര്‍ ടൗണിലൂടെയുള്ള കറക്കവും ‘പ്രേമലു’വിലെ ഹൈദരാബാദ് യാത്രയും വരെ വളരെ രസകരമായാണ് ഗിരീഷ് എ.ഡി ചിത്രീകരിച്ചിട്ടുള്ളത്.
കഥാപാത്രങ്ങളെ കൂടുതല്‍ അടുത്തറിയാനും അവരുടെ ബന്ധങ്ങളെയും സൗഹൃദങ്ങളെയും മറ്റൊരു സാഹചര്യത്തില്‍ അവതരിപ്പിക്കാനുമുള്ള ഇടമായി കൂടിയാണ് ആ യാത്രകള്‍ സിനിമയില്‍ ഉപയോഗിക്കുന്നത്.
ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘ബെത്ലഹേം കുടുംബ യൂണിറ്റി’ലും ജസ്റ്റിനും സുഹൃത്തുക്കളും ആഷ്ലിയും കുടുംബവുമൊക്കെ ഒന്നിച്ചുള്ള ഗോവ യാത്രയുണ്ട്. എന്നാല്‍ ഈ ഗോവ ട്രിപ്പ് ആദ്യം ആലോചിച്ചത് ഇങ്ങനെയായിരുന്നില്ലെന്നാണ് സംവിധായകന്‍ ഗിരീഷ് എ.ഡി പറയുന്നത്.
യാത്രകളുടെ ഭാഗമായി മാത്രം ഗോവ ട്രിപ്പ് കൊണ്ടുവന്നതല്ലെന്നും, സിനിമയുടെ ആദ്യ ആലോചനയില്‍ തന്നെ മറ്റൊരു തരത്തിലുള്ള യാത്രയായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. ആദ്യത്തെ പ്ലാന്‍ പ്രകാരം നാട്ടിലെ 90 വയസുള്ള അപ്പൂപ്പന്മാര്‍ മുതല്‍ ചെറിയ പയ്യന്മാര്‍ വരെയുള്ള എല്ലാവരും ഉള്‍പ്പെടുന്ന ഒരു ബോയ്സ് ട്രിപ്പായിരുന്നു ആലോചിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ പടത്തില്‍ ടൂറും പരിപാടികളും ഉണ്ടാകുന്നത് കൊണ്ട് ഇതിലും അങ്ങനെയൊരെണ്ണം കൊണ്ടുവരാമെന്ന് കരുതി കൊണ്ടുവന്നതല്ല ആ ഗോവ യാത്ര. ആദ്യത്തെ നമ്മുടെ ആലോചനയില്‍ ഇതൊരു ബോയ്സ് ട്രിപ്പായിരുന്നു.
നാട്ടിലുള്ള 90 വയസുള്ള അപ്പൂപ്പന്മാര്‍ മുതല്‍ പിള്ളേര് വരെ അടിച്ചുമറിയാന്‍ വേണ്ടി പോകുന്ന ഒരു സെറ്റപ്പ് എന്ന രീതിയിലായിരുന്നു ആലോചിച്ചത്.
വീട്ടുകാരോട് മറ്റൊരു കാരണം പറഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം പോകുന്ന ട്രിപ്പുകളുടെ കഥകളില്‍ നിന്നുള്ള ഒരു രസകരമായ ആശയവും ആദ്യത്തെ പ്ലാനിലുണ്ടായിരുന്നുവെന്നും ഗിരീഷ് പറയുന്നു.
‘വീട്ടില്‍ പറഞ്ഞേക്കുന്നത് സെന്റ് തോമസിന്റെ ഭൗതിക ശരീരം കാണാന്‍ പോകുകയാണെന്നും അത് 12 വര്‍ഷത്തില്‍ ഒരിക്കലേ പുറത്തെടുക്കുകയുള്ളൂ എന്നൊക്കെയാണ്. അങ്ങനെ ഗോവയ്ക്ക് പോയ ടീമുകളുടെ കഥ കേട്ടിട്ടുണ്ട്. അങ്ങനെ വീട്ടില്‍ പറഞ്ഞ് പോകുന്ന ട്രിപ്പായിട്ടാണ് ആദ്യം പ്ലാന്‍ ചെയ്തത്,’ ഗിരീഷ് പറഞ്ഞു.
എന്നാല്‍ പിന്നീട് തിരക്കഥ വികസിച്ചപ്പോള്‍ യാത്രയുടെ സ്വഭാവത്തിലും മാറ്റം വരികയായിരുന്നു. ജസ്റ്റിനും സുഹൃത്തുക്കളും മാത്രമുള്ള യാത്രയേക്കാള്‍ ആഷ്ലിയും കസിന്‍സുമൊക്കെ ഉള്‍പ്പെടുന്ന വലിയൊരു സംഘത്തിന്റെ യാത്രയായി ഇത് മാറിയാല്‍ അത്് കൂടുതല്‍ രസകരമാകുമെന്ന് തോന്നിയതെന്നും ഗിരീഷ് പറയുന്നു.
Content Highlight: Initially, Ashley wasn’t part of the Goa trip Girish A.D.