| Sunday, 8th November 2026, 9:37 am

കാനറി ദ്വീപുകളിൽ അഭയാർത്ഥി പ്രവാഹം: എൽ ഹിയേറോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ശ്രീലക്ഷ്മി പി.പി

മാഡ്രിഡ്: പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരും അഭയാർത്ഥികളും ബോട്ടുകളിൽ കൂട്ടത്തോടെ എത്തിയതിനെത്തുടർന്ന് സ്പെയിനിന്റെ ഭാഗമായ എൽ ഹിയേറോ ദ്വീപിൽ പ്രാദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ സർക്കാരിൽ നിന്ന് അടിയന്തര രക്ഷാസഹായവും സൈനിക പിന്തുണയും തേടിയിട്ടുണ്ട്.
നവംബർ മാസം തുടങ്ങിയതുമുതൽ ഇതുവരെ മുപ്പതോളം ബോട്ടുകളിലായി 3,300-ലധികം ആളുകളാണ് ഈ കൊച്ചുദ്വീപിൽ എത്തിച്ചേർന്നത്.

വെറും പതിനൊന്നായിരത്തോളം ആളുകൾ മാത്രം താമസിക്കുന്ന ദ്വീപിലെ ആരോഗ്യസംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇതോടെ പൂർണമായും തകരാറിലായി.

എത്തുന്ന ആളുകളെ വലിയ ദ്വീപുകളിലേക്ക് മാറ്റാനുള്ള ബോട്ടുകളും വാഹനങ്ങളും തികയാതെ വന്നതോടെ രക്ഷാപ്രവർത്തകർ കടുത്ത പ്രതിസന്ധിയിലാണ്. കൂടുതൽ പൊലീസിനെയും ഡോക്ടർമാരെയും കോസ്റ്റ് ഗാർഡ് സംഘത്തെയും ഉടൻ അയക്കണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.

സ്വന്തം നാടുകളിലെ കടുത്ത ദാരിദ്ര്യം, തൊഴിലില്ലായ്മ, ആഭ്യന്തര കലാപങ്ങൾ എന്നിവയിൽ നിന്ന് രക്ഷപ്പെടാനും കുടുംബത്തിന് മെച്ചപ്പെട്ടൊരു ജീവിതം കണ്ടെത്താനുമാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ജീവൻ പണയം വെച്ച് നാടുവിടുന്നത്.

പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള അറ്റ്‌ലാന്റിക് കടൽപ്പാത ലോകത്തിലെ ഏറ്റവും അപകടകരമായ യാത്രാമാർഗ്ഗങ്ങളിലൊന്നാണ്. ഈ ദിവസങ്ങളിലും യാത്രയ്ക്കിടയിൽ ജീവൻ നഷ്ടപ്പെട്ട നിരവധി പേരുടെ മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെത്തിയിരുന്നു.

വടക്കൻ ആഫ്രിക്കൻ തീരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതോടെ, ഗാംബിയയും ഗിനിയയും പോലുള്ള തെക്കൻ രാജ്യങ്ങളിൽ നിന്ന് കൂടുതൽ ദൂരവും അപകടവും താണ്ടിയാണ് ആളുകൾ ഇപ്പോൾ യൂറോപ്പിലേക്ക് എത്താൻ ശ്രമിക്കുന്നത്.

Content Highlight:Influx of refugees in the Canary Islands: State of emergency declared in El Hierro.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more