ഏഷ്യ കപ്പിന് പിന്നാലെ മറ്റൊരു ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് വേദിയൊരുങ്ങുന്നു. ഐ.സി.സി വനിതാ ഏകദിനത്തിലാണ് അയല്‍ക്കാര്‍ പരസ്പരം പോരിനിറങ്ങുന്നത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം നടക്കുക.
ടൂര്‍ണമെന്റിലെ രണ്ടാം ജയം തേടിയാണ് ഇന്ത്യന്‍ വനിതകള്‍ അയല്‍ പോരിന് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ശ്രീലങ്ക തോല്‍പിച്ച ഹര്‍മന്‍പ്രീത് കൗറും സംഘവും അതേ ആത്മവിശ്വാസത്തോടെ ആയിരിക്കും ഇന്നും കളത്തിലിറങ്ങുക.
ഒന്നാം മത്സരത്തില്‍ 59 റണ്‍സിന്റെ ആധികാരിക വിജയമാണ് ടീം സ്വന്തമാക്കിയത്. ഈ മത്സരത്തിലേത് പോലെ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് പുലര്‍ത്തി പാക് സംഘത്തെ മലര്‍ത്തിയടിക്കാനാവും ഇന്ത്യന്‍ വനിതകള്‍ സ്വപ്‍നം കാണുന്നത്.
അതേസമയം, മറുവശത്ത് ഈ ലോകകപ്പിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് പാക് വനിതകള്‍ ഇന്ത്യയെ നേരിടുക. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റതിന്റെ ക്ഷീണം ഇന്ത്യയോട് ജയിച്ച് തീര്‍ക്കുക എന്നതാവും ഫാത്തിമ സനയും കൂട്ടരും നോട്ടമിടുന്നത്.
ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിന്റെ തോല്‍വിയായിരുന്നു പാക് വനിതകള്‍ നേരിട്ടത്. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ അവര്‍ക്ക് വിജയം അനിവാര്യമാണ്.
ഇരുവരും ടൂര്‍ണമെന്റില്‍ ആദ്യമായി നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഹെഡ് ടു കണക്കുകള്‍ ഇന്ത്യയ്ക്ക് അനകൂലമാണ്. ഇതുവരെ 50 ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും 11 തവണയാണ് ഏറ്റുമുട്ടിയത്. ഇതില്‍ എല്ലാ മത്സരങ്ങളിലും വിജയം ഇന്ത്യന്‍ പടക്കായിരുന്നു.
2022ലാണ് അവസാനമായി ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. അന്ന് ഇന്ത്യ 107 റണ്‍സിന്റെ വിജയമാണ് കൈപിടിയിലൊതുക്കിയത്. ഇന്ത്യ പാകിസ്ഥാനെതിരെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയത് 2008ലായിരുന്നു. 207 റണ്‍സിന്റെ വിജയമായിരുന്നു അത്.
വിക്കറ്റിന്റെ അടിസ്ഥാനത്തിലെ ഏറ്റവും വലിയത് 2006 ലും 2008 ലും നേടിയ 10 വിക്കറ്റ് വിജയങ്ങളാണ്. ഈ കണക്കുകളും ഇന്ത്യന്‍ വനിതകള്‍ക്ക് ഉണര്‍വേകും.
അതേസമയം, ഏഷ്യാ കപ്പിലെ പുരുഷ ടീം സ്വീകരിച്ച നിലപാടോ ഇന്ത്യന്‍ വനിതകളും സ്വീകരിക്കുമോയെന്നാന്ന് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പില്‍ സൂര്യയും സംഘവും പാക് താരങ്ങള്‍ക്ക് കൈകൊടുക്കുകയോ ഫൈനലില്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.
കൂടാതെ, ഫൈനലിന് മുമ്പുള്ള ക്യാപ്റ്റന്മാരുടെ ഫോട്ടോഷൂട്ടിലും സൂര്യ പങ്കെടുത്തിരുന്നില്ല. ഇതേ സമീപനം തന്നെ വനിതകളും തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Ind vs Pak: Indian women cricket team against Pakistan women team in ICC Women’s ODI World Cup 2025