ഐ.സി.സി വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. ഓസ്ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യന്‍ വനിതകള്‍ വഴങ്ങിയത്. മന്ഥാനയുടെയും റാവലിന്റെയും അര്‍ധ സെഞ്ച്വറികളുടെ മികവില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ടീം തോല്‍ക്കുകയായിരുന്നു. ക്യാപ്റ്റന്‍ അലീസ ഹീലിയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസീസിന്റെ വിജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 330 ന് പുറത്തായിരുന്നു. ഇത് ഓസീസ് ഒരു ഓവര്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. 107 പന്തില്‍ 142 റണ്‍സ് നേടിയ ക്യാപ്റ്റന്റെ ഇന്നിങ്സാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.
ക്യാപ്റ്റന്‍ ഹീലിക്ക് പുറമെ, എല്ലിസ് പെറിയും ഇന്ത്യക്കെതിരെ തിളങ്ങി. വണ്‍ ഡൗണായി ഇറങ്ങിയ താരം 39 പന്തില്‍ പുറത്താവാതെ 47 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. കൂടാതെ, ആഷ്ലി ഗാര്‍ഡ്‌നര്‍ (46 പന്തില്‍ 45), ഫോബ് ലിച്ച്ഫീല്‍ഡ് (39 പന്തില്‍ 40) എന്നിവരും ഓസീസ് നിരയില്‍ തിളങ്ങി.
ഇവരുടെ കരുത്തില്‍ ടീം വിജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തോടെ ടീം പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
ഇന്ത്യയ്ക്കായി നല്ലപുരെഡ്ഡി ചരണി മൂന്ന് വിക്കറ്റുകള്‍ നേടി ബൗളിങ്ങില്‍ തിളങ്ങി. ദീപ്തി ശര്‍മയും അമന്‍ജോത് കൗറും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
അതേസമയം, ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും പ്രതിക റാവലും ഇന്ത്യയ്ക്ക് മത്സരത്തില്‍ മികച്ച തുടക്കം നല്‍കിയിരുന്നു. ഇരുവരും അര്‍ധ സെഞ്ച്വറി നേടിയാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മന്ഥാന 66 പന്തില്‍ 80 റണ്‍സ് എടുത്തപ്പോള്‍ റാവല്‍ 96 പന്തില്‍ 75 റണ്‍സ് സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന് 155 റണ്‍സിന്റെ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തിയിരുന്നു.
പിന്നാലെ ബാറ്റിങ്ങിനെത്തിയവര്‍ പലരും വലിയ സ്‌കോര്‍ കണ്ടെത്തിയില്ലെങ്കിലും മികച്ച ബാറ്റിങ് പുറത്തെടുത്ത് തിളങ്ങിയിരുന്നു. മൂന്ന് പേര്‍ ടീമിനായി 30+ സ്‌കോര്‍ കണ്ടെത്തി.
ഹാര്‍ലിന്‍ ഡിയോള്‍ (42 പന്തില്‍ 38), ജെമീമ റോഡ്രിഗസ് (21 പന്തില്‍ 33), റിച്ച ഘോഷ് (22 പന്തില്‍ 32) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 17 പന്തില്‍ 22 റണ്‍സ് എടുത്തു.
ഇവര്‍ക്ക് പിന്നാലെ എത്തിയവര്‍ക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. അതോടെ ഘട്ടത്തില്‍ ശക്തമായ നിലയില്‍ നിന്നിരുന്ന ഇന്ത്യ 330ന് പുറത്തായി.
ഓസ്ട്രേലിയ്ക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍. മോളിനക്‌സ് മൂന്ന് വിക്കറ്റുകളും നേടി. ഇവര്‍ക്ക് പുറമെ, മേഗന്‍ ഷട്ടും ആഷ്ലി ഗാര്‍ഡ്‌നറും ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlight: IndW vs AusW: Australia defeated India in ICC Women’s ODI World Cup; second consecutive loss for India