മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വര്‍ഷമായി ഇതിനോടകം തന്നെ മാറിയിരിക്കുകയാണ് 2026. ഏറെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ആട് 3 നൂറ് കോടി ക്ലബ്ബിലെത്തുകയും പിന്നാലെ പുറത്തിറങ്ങിയ വാഴ 2, മോഹിനിയാട്ടം, അതിരടി, ദൃശ്യം 3, ബെത്ലഹേം കുടുംബ യൂണിറ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തതോടെ ആയിരം കോടിയ്ക്ക് മുകളിലാണ് മലയാള സിനിമയില്‍ നടന്ന ബിസിനസ്. കേരള ബോക്സ് ഓഫീസില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വിന്റെ കളക്ഷന്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ ബെത്ലഹേം കുടുംബ യൂണിറ്റ് തകര്‍ക്കുകയും ചെയ്തതോടെ വലിയ ആവേശത്തിലായിരുന്നു സിനിമാ ലോകം.
ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com
സിനിമാ മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സാധാരണയായി കേട്ടുവരുന്ന വാക്കാണ് ഇന്‍ഡസ്ട്രി ഹിറ്റ്. ഒരു നിര്‍ദിഷ്ട സിനിമാ മേഖലയില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രത്തെയാണ് സാധാരണയായി ഇന്‍ഡസ്ട്രി ഹിറ്റ് എന്ന പദം കൊണ്ട് സൂചിപ്പിക്കാറുള്ളത്. പുതിയ ചിത്രങ്ങള്‍, മുമ്പിറങ്ങിയ ചിത്രത്തെക്കാള്‍ കളക്ഷന്‍ നേടുന്ന മുറയ്ക്ക് ഈ സ്ഥാനം കൈമാറി പോരുന്നതാണ് പതിവ് രീതി. അതിനാല്‍ തന്നെ ഇന്‍ഡസ്ട്രി ഹിറ്റടിക്കുന്ന ചിത്രങ്ങള്‍ക്ക് ഒരുപാട് കാലം ഈ നേട്ടത്തില്‍ തുടരാന്‍ സാധിക്കാറില്ല.
2000ന് ശേഷം മലയാള സിനിമയില്‍ ബെത്‌ലഹേം അടക്കം ആകെ ഉണ്ടായിരിക്കുന്നത് പതിനൊന്ന് ഇന്‍ഡസ്ട്രി ഹിറ്റുകളാണ്. ഇതില്‍ 2023വരെയുള്ള 23 വര്‍ഷത്തിനുള്ളില്‍ ഏഴ് ചിത്രങ്ങള്‍ മാത്രമാണ് ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയതെങ്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ നേട്ടത്തിന് അര്‍ഹരായെത്തിയത് നാല് ചിത്രങ്ങളാണെന്ന് കാണാം. ബോക്‌സ് ഓഫീസ് കരുത്തില്‍ അതിവേഗം വളരുന്ന മലയാള സിനിമയെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലൗ ആക്ഷന്‍ ഡ്രാമ, കിങ് ലയര്‍. Photo: IMDB
ഇപ്പോഴിതാ ഇന്‍ഡസ്ട്രി ഹിറ്റെന്ന പദവിയുമായി ബന്ധപ്പെട്ട് പുതിയൊരു ട്രെന്‍ഡാണ് സമൂഹ മാധ്യമങ്ങളിലെ സിനിമാ പേജുകളില്‍ അരങ്ങേറുത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറങ്ങിയതിന് പകരം ഇന്നാണ് ഇറങ്ങിയതെങ്കില്‍ മോളിവുഡില്‍ നിന്നും വലിയ വിജയം നേടി ഇന്‍ഡസ്ട്രി ഹിറ്റടിക്കാന്‍ സാധ്യതയുള്ള ചിത്രങ്ങളാണ് പലരും പങ്കുവെക്കുന്നത്.
മമ്മൂട്ടി നായകനായ രാജാധിരാജ, പ്രേക്ഷകരുടെ ഇഷ്ട ചിത്രം വെള്ളിമൂങ്ങ, ക്യാമ്പസ് കോമഡി ഹൊറര്‍ എന്റര്‍ടെയിനര്‍ അടി കപ്യാരെ കൂട്ടമണി, ദിലീപ് ചിത്രങ്ങളായ ടു കണ്‍ട്രീസ്, കിങ് ലയര്‍ തുടങ്ങി പല ചിത്രങ്ങളും ഇത്തരത്തില്‍ ആരാധകര്‍ സിനിമാ പേജുകളില്‍ പങ്കുവെക്കുന്നുണ്ട്. നിവിന്‍ പോളി ചിത്രങ്ങളായ ലൗ ആക്ഷന്‍ ഡ്രാമയും പ്രേമവും ഇവയില്‍ ചിലതാണ്
Content Highlight: Industry Trend going on in social media cinema pages relating Malayalam cinema