ജസ്റ്റ് ഒരു ഹിറ്റ് മാത്രമാകുമെന്ന് പലരും കരുതിയ വാഴ 2 ബോക്‌സ് ഓഫീസില്‍ 150 കോടിയോളം നേടി കുതിക്കുകയാണ്. ആദ്യഭാഗത്തിന്റെ അതേ ട്രീറ്റ്‌മെന്റ് തന്നെയാണെങ്കിലും ഇമോഷന് കുറച്ചധികം പ്രാധാന്യം കൊടുത്തുകൊണ്ട് ഒരുക്കിയ ചിത്രം ഈ വര്‍ഷം മോളിവുഡിലെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞു.
വിഷു റിലീസായി മറ്റ് സിനിമകള്‍ എത്തിയാലും വാഴ 2ന് തന്നെയാണ് പ്രാധാന്യമെന്ന് പലരും കണക്കുകൂട്ടുന്നുണ്ട്. എല്ലാം ഒത്തുവന്നാല്‍ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ സാധ്യതയുണ്ടെന്നും ട്രാക്കര്‍മാര്‍ വിലയിരുത്തുന്നുണ്ട്. ലോകഃ കേരളത്തില്‍ നിന്ന് നേടിയ 120 കോടി എന്ന മാന്ത്രിക സംഖ്യ മറികടക്കാന്‍ 50 കോടിയും കൂടി വാഴ 2ന് ആവശ്യമാണ്.
വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റാകാന്‍ സാധ്യതയേറിയതോടെ മലയാളത്തില്‍ അടുത്തകാലത്തായി വന്ന ഇന്‍ഡസ്ട്രി ഹിറ്റുകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ ഇന്‍ഡസ്ട്രി ഹിറ്റുകളെക്കുറിച്ചാണ് പോസ്റ്റില്‍ പറയുന്നത്. പുലിമുരുകന്‍ (2016), 2018 (2023), തുടരും (2025), ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര (2025) എന്നിങ്ങനെയാണ് മോളിവുഡിലെ ഇന്‍ഡസ്ട്രി ഹിറ്റുകള്‍.
സ്വന്തം ബോക്‌സ് ഓഫീസ് റെക്കോഡ് തിരുത്തിക്കുറിക്കുകയും മോളിവുഡിന്റെ റേഞ്ച് വലുതാക്കുകയും ചെയ്ത പുലിമുരുകനിലൂടെ മോഹന്‍ലാല്‍ തന്റെ സ്റ്റാര്‍ഡം വലുതാക്കി. മലയാളം പോലൊരു കൊച്ച് ഇന്‍ഡസ്ട്രിക്കും 100 കോടി എന്ന മാന്ത്രിക സംഖ്യ സ്വന്തമാക്കാനാകുമെന്ന് പുലിമുരുകന്‍ തെളിയിച്ചു. ബാഹുബലിയടക്കം വമ്പന്‍ സിനിമകള്‍ വിചാരിച്ചിട്ടും മുരുകനെ വീഴ്ത്താനായില്ല.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുരുകന്റെ കേരള കളക്ഷന്‍ തകര്‍ന്നത്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ മലയാളികള്‍ അതിജീവിച്ച രീതി ബിഗ് സ്‌ക്രീനില്‍ വരച്ചിട്ട 2018 പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ഒ.ടി.ടി റിലീസിന് ശേഷം ചിത്രം ട്രോളുകളേറ്റുവാങ്ങിയിരുന്നു. 2018ന്റെ റെക്കോഡിന് അധികം ആയുസ് നല്‍കാന്‍ മോഹന്‍ലാല്‍ സമ്മതിച്ചില്ല.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കൈവിട്ടുപോയ ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടം മലയാളത്തിന്റെ മോഹന്‍ലാല്‍ തിരിച്ചുപിടിച്ചു. തരുണ്‍ മൂര്‍ത്തി എന്ന ഫാന്‍ബോയ് സംവിധായകന്‍ മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടാമെന്ന് തെളിയിച്ചു. എന്നാല്‍ തുടരുമിന്റെ റെക്കോഡിന് അധികം ആയുസുണ്ടായിരുന്നില്ല.
നാല് മാസങ്ങള്‍ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ലോകഃ ചാപ്റ്റര്‍ വണ്‍ തുടരുമിനെ മറികടന്നു. ഒപ്പം 300 കോടി ക്ലബ്ബില്‍ കയറിയ ആദ്യ മലയാള ചിത്രമായി ലോകഃ മാറി. ഇതില്‍ 2018 എന്ന ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായത് മലയാളി പ്രേക്ഷകരുമായി ഒരുപാട് കണക്ടായ കഥയായതുകൊണ്ടാണ്.
മലയാളികള്‍ കാലങ്ങളായി കേട്ടുവളര്‍ന്ന കഥയെ ആധുനിക പശ്ചാത്തലത്തില്‍ അവതരിപ്പിച്ചതുകൊണ്ടാണ് ലോകഃയും ഇന്‍ഡസ്ട്രി ഹിറ്റായത്. വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് കുതിക്കുന്നതും എല്ലാവര്‍ക്കും കണക്ടാകുന്നതുകൊണ്ടാണ്.
എന്നാല്‍ പുലിമുരുകന്‍, തുടരും എന്നീ ചിത്രങ്ങള്‍ ഇന്‍ഡസ്ട്രി ഹിറ്റായത് മോഹന്‍ലാല്‍ എന്ന ഫാക്ടര്‍ കൊണ്ട് മാത്രമാണെന്ന് പറയാം. ഈ രണ്ട് സിനിമകളുടെയും വിജയം മോളിവുഡില്‍ തങ്കലിപികളാല്‍ എഴുതിവെക്കപ്പെട്ട ചരിത്രമാണ്. മലയാളത്തിലെ ആദ്യ 100 കോടിയും കേരളത്തില്‍ നിന്ന് മാത്രമുള്ള ആദ്യത്തെ 100 കോടിയും നേടിയതിന് പിന്നില്‍ ‘L’ ഫാക്ടര്‍ തന്നെയാണ്.
Content Highlight: Industry hits of Mollywood in last 10 years
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ