മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാക്കളില്‍ രണ്ടുപേരാണ് ജയറാമും ഇന്ദ്രന്‍സും. കോസ്റ്റിയൂം ഡിസൈനറായി സിനിമയിലെത്തി 1981 ല്‍ പുറത്തിറങ്ങിയ ചൂതാട്ടത്തില്‍ സൈഡ് റോളിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച അഭിനേതാവാണ് ഇന്ദ്രന്‍സ്. അതേസമയം മിമിക്രിയിലൂടെ കരിയര്‍ തുടങ്ങി 1988ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ അഭിനേതാവാണ് ജയറാം.
സിനിമയില്‍ ഭൂരിഭാഗവും ഹാസ്യതാരമായി അഭിനയിച്ച ഇന്ദ്രന്‍സിന്റെ കരിയര്‍ മാറ്റിവെച്ച ചിത്രങ്ങളായിരുന്നു 2018 ല്‍ പുറത്തിറങ്ങിയ ആളൊരുക്കവും മിഥുന്‍ മാനുവല്‍ തോമസിന്റെ അഞ്ചാം പാതിരയും. ഇരു ചിത്രങ്ങളും ഇന്ദ്രന്‍സ് എന്ന അഭിനേതാവിന്റെ റേഞ്ച് പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നതായിരുന്നു. കഴിഞ്ഞ ദിവസം ജയറാം ചിത്രമായ ആശകള്‍ ആയിരത്തിനൊപ്പം ഇന്ദ്രന്‍സിന്റെ ആശാന്‍ ക്ലാഷ് റിലീസായി തിയേറ്ററുകളിലെത്തിയത് ഇന്ദ്രന്‍സ് എന്ന നടന്‍ സിനിമയില്‍ നേടിയെടുത്ത വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.
കാവടിയാട്ടം. Photo: screen grab/ sree movies official/ youtube.com
1990കള്‍ മുതല്‍ 2000 വരെയുള്ള ജയറാമിന്റെ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ വന്ന വര്‍ഷങ്ങളില്‍ ഭൂരിഭാഗം ചിത്രങ്ങളിലും ഇന്ദ്രന്‍സ് ഹാസ്യവേഷം കൈകാര്യം ചെയ്തിരുന്നു. അനിയന്‍ഭാവ ചേട്ടന്‍ഭാവ, മേലെപ്പറമ്പില്‍ ആണ്‍വീട്, കിലുകില്‍ പമ്പരം, പട്ടാഭിഷേകം, കൊട്ടാരം വീട്ടില്‍ അപ്പുട്ടന്‍ തുടങ്ങി ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.
ഈ ചിത്രങ്ങളിലെല്ലാം നായകന്റെയും മറ്റ് കഥാപാത്രങ്ങളുടെയും കൈയില്‍ നിന്നും ചീത്ത കേള്‍ക്കുന്ന ഹാസ്യകഥാപാത്രമായാണ് ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാവടിയാട്ടത്തില്‍ ജയറാം പ്രാന്തിളകിയതുപോലെ അഭിനയിക്കുന്ന സീനില്‍ ജയറാമിന്റെ ചവിട്ട് കൊണ്ട് വാഴക്കുലയും പിടിച്ച് വീഴുന്ന സീന്‍ മലയാളത്തിലെ ഐക്കോണിക് കോമഡി സീനുകളില്‍ ഒന്നാണ്. ജയറാമിന്റെ മാത്രമല്ല ഇന്ദ്രന്‍സ് അഭിനയിച്ച ചിത്രങ്ങളിലെല്ലാം താരത്തിന്റെ ശരീരപ്രകൃതിയും രൂപവും പ്രേക്ഷകരില്‍ ചിരി പടര്‍ത്താന്‍ ഉപയോഗിച്ചിരുന്നു.
എന്നാല്‍ ദശാബ്ധങ്ങള്‍ക്കിപ്പുറം അതേ മലയാള സിനിമയില്‍ താന്‍ സൈഡ് റോള്‍ ചെയ്ത നായകനടന്മാര്‍ക്കൊപ്പം ക്ലാഷ് വെക്കാനുള്ള നിലയിലേക്കുള്ള ഇന്ദ്രന്‍സിന്റെ വളര്‍ച്ച് സിനിമാ മേഖലക്ക് പുറത്തുള്ളവര്‍ക്കും പ്രചോദനമാണ്. ഗപ്പി, അമ്പിളി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ആശാനിലെ ടൈറ്റില്‍ ക്യാരക്ടറാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.
ഹോമില്‍ ഇന്ദ്രന്‍സ്. Photo: The News minute
വി.സി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള കേരളസംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഇന്ദ്രന്‍സ് സ്വന്തമാക്കിയിരുന്നു. 2021 ല്‍ റോജിന്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹോം സിനിമയിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശവും താരം സ്വന്തമാക്കിയിരുന്നു.
ജി. പ്രജിത്ത് സംവിധാനം ചെയ്ത് ജയറാമും മകന്‍ കാളിദാസ് ജയറാമും പ്രധാനവേഷത്തിലെത്തുന്ന ആശകള്‍ ആയിരം എന്ന ചിത്രത്തിനും മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഇരുചിത്രങ്ങള്‍ക്കും പുറമെ ഭാവന പ്രധാനവേഷത്തിലെത്തുന്ന അനോമിയും കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയിരുന്നു.
Content Highlight: Indrans who appeared in comedy roles in his career’s early stages becomes an actor who has market value