കരിയറിന്റെ തുടക്കത്തില്‍ സിനിമയില്‍ തനിക്ക് പെര്‍ഫോം ചെയ്യാനുള്ള അവസരം തന്നതില്‍ ഒഴിവാക്കാന്‍ പറ്റാത്ത വ്യക്തിയാണ് ഉര്‍വശിയെന്ന് നടന്‍ ഇന്ദ്രന്‍സ്. ഏറ്റവും പുതിയ സിനിമയായ പ്രൈവറ്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉര്‍വശിയെ പോലൊരു നടി നമുക്ക് വേറെയില്ല. ഉര്‍വശി കഥ എഴുതിയ ഒരു സിനിമയുണ്ട്, ഉത്സവമേളം. ഉര്‍വശി സ്‌ക്രിപ്റ്റും ഉണ്ണിത്താന്‍ സംവിധാനവും ചെയ്ത സിനിമയായിരുന്നു ഉത്സവമേളം. ആ സിനിമയില്‍ ഉടനീളം നന്നായി പെര്‍ഫോം ചെയ്യാന്‍ അവസരം തന്നയാളാണ് ഉര്‍വശി. അമ്മക്ക് ഒരു പൊന്നിന്‍ കുടം എന്ന പാട്ടിലൊക്കെ തുള്ളിച്ചാടാനുള്ള അവസരം തന്നു. ആ സിനിമയുടെ കോസ്റ്റിയൂമറായിരുന്നു ഞാന്‍,’ഇന്ദ്രന്‍സ് പറയുന്നു.
ഉത്സവമേളത്തിലാണ് തന്റെ പോസ്റ്റര്‍ ആദ്യമായി ചുമരില്‍ വന്നതെന്നും കദിന ഗോപാലന്‍ എന്ന കഥാപാത്രമായിട്ടാണ് താന്‍ അഭിനയിച്ചിരുന്നതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. ആദ്യത്തെ കാലം പറയുമ്പോള്‍ തനിക്കെപ്പോഴും ഒഴിവാക്കാന്‍ പറ്റാത്ത ആള്‍ക്കാരില്‍ ഒരാളാണ് ഉര്‍വശിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഉണ്ണിത്താന്‍ സംവിധാനത്തില്‍ 1992ലാണ് ഉത്സവമേളം റിലീസ് ചെയ്തത്. ചിത്രത്തില്‍ ഉര്‍വശി നരേന്ദ്രപ്രസാദ്, സുരേഷ് ഗോപി, ജഗതി ശ്രീമകുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. മോഹന്‍ സിതാരയാണ് ചിത്രത്തിന്റ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
അതേസമയം ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാനവേഷങ്ങളിലെത്തിയ പ്രൈവെറ്റ് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ കടും വെട്ടുകള്‍ പ്രൈവറ്റിനുമുണ്ടായിരുന്നു. പൗരത്വ ബില്‍, ബിഹാര്‍ എന്നീ വാക്കുകള്‍ ഒഴുവാക്കിയാണ് സിനിമ തിയേറ്ററുകളിലെത്തിയത്.
Content highlight: Indrans talks about Urvashi and the movie Utsavamelam