മലയാള സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായി തുടക്കം കുറിച്ച് പിന്നീട് ഒഴിച്ചുകൂടാൻ കഴിയാത്ത താരമായി മാറിയ നടനാണ് ഇന്ദ്രൻസ്. ചെയ്ത് വെച്ച ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ നില നിൽക്കുന്നവയാണ്.
ആദ്യം ഹാസ്യ വേഷങ്ങളിലൂടെ തിളങ്ങിയ താരം പിന്നീട് ക്യാരക്ടർ റോളുകളിലൂടെയും തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോഴിതാ സിനിമ ഷൂട്ടിങ്ങിനെ കുറിച്ചും വിതരണങ്ങളെ കുറിച്ചും സംസാരിക്കുകയാണ് താരം. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ഇന്ന് ഒരുപാടുപേർ എന്നെ പ്രധാനവേഷത്തിൽ അവതരിപ്പിച്ചുകൊണ്ടുള്ള കഥകളുമായി എത്താറുണ്ട്. കഥകേട്ട് ഇഷ്ടമായാൽ, അപ്പോൾ തന്നെ സഹകരിക്കാമെന്ന് തീരുമാനിക്കുന്നതാണ് രീതി. പക്ഷേ, ആ തീരുമാനം പലപ്പോഴും അപകടങ്ങളിൽ ചാടിച്ചിട്ടുണ്ട്.
ഇന്ദ്രൻസ്, Photo: Indrans/ Facebook
ആദ്യ കേൾവിയിൽ കേട്ട് ഇഷ്ടപ്പെട്ട പലതും അഭിനയിക്കാൻ ചെല്ലുമ്പോൾ കഥയിലുണ്ടാകില്ല, നമ്മൾ പ്രതീക്ഷയോടെ കണ്ട പല സീനുകളും ഒഴിവാക്കിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്.
വാക്കു കൊടുത്ത സ്ഥിതിക്ക് സിനിമയുമായി സഹകരിക്കേണ്ടിവരും. ഇത്തരം പല സിനിമകളുടെയും ചിത്രീകരണം തുടങ്ങി കുറച്ചുദിവസം കഴിയുമ്പോഴേക്കും അണിയറപ്രവർത്തകരുടെ ആവേശം അവസാനിക്കും.
പിന്നെയെങ്ങനെയെങ്കിലും സിനിമ ഇറക്കിയാൽ മതിയെന്ന അവസ്ഥയിലേക്കാകും കാര്യങ്ങൾ. പരസ്യമോ വേണ്ടത്ര പ്രചാരണമോ ഇല്ലാതെ, വിതരണക്കാരെപ്പോലും കിട്ടാതെയുള്ള റിലീസാകും പലപ്പോഴും സംഭവിക്കുക. എല്ലാ സിനിമകളും അങ്ങനെയാണെന്നല്ല,’ ഇന്ദ്രൻസ് പറഞ്ഞു.
ഇന്ദ്രൻസ്, Photo: Indrans/ Facebook
എന്നാൽ ഇപ്പോൾ പ്രധാനവേഷത്തിലേക്ക് തന്നെ ക്ഷണിക്കുമ്പോൾ കഥ, കഥാപാത്രം, അണിയറപ്രവർത്തകർ, നിർമാതാക്കൾ എന്നിവരെക്കുറിച്ചെല്ലാം അന്വേഷിക്കാറുണ്ടെന്നും താരം പറഞ്ഞു.
വലിയ അഭിനേതാക്കളുള്ള സിനിമകളിൽ ചെറുവേഷമാണെങ്കിലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും കാരണം, ആ സിനിമകളെല്ലാം പ്രേക്ഷകരുടെ മുന്നിലെത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയസൂര്യ നായകനായി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് 3 യാണ് താരത്തിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. പി. പി ആശാൻ എന്ന കഥാപാത്രം ഇത്തവണയും പ്രേക്ഷകരെ നിരാശരാക്കിയില്ല എന്നാണ് ആരാധകരുടെ അഭിപ്രായം
Content Highlight: Indrans talks about the movie