മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഇന്ദ്രന്‍സ്. കോസ്റ്റ്യൂം ഡിസൈനറായി കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമായി മാറുകയും പ്രേക്ഷക മനസില്‍ ഇടം നേടുകയും ചെയ്തു. ചൂതാട്ടം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം തന്റെ നീണ്ട 40 വര്‍ഷത്തെ കരിയറില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
തുടക്കത്തില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ ഇന്ദ്രന്‍സ് അഞ്ചാം പാതിര, ഉടല്‍, ഹോം എന്നീ ചിത്രങ്ങളിലൂടെ സീരിയസ് വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. ഇന്ദ്രന്‍സിന്റേതായി ഇപ്പോള്‍ തിയേറ്ററുകളില്‍
പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ആശാന്‍. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഇന്ദ്രന്‍സാണ് നായകവേഷത്തിലെത്തുന്നത്.
ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കോമഡി വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്ന് ഇന്ദ്രന്‍സ് പറയുന്നു. കോമഡി ചെയ്യാനാണ് ഇഷ്ടമെന്നും ക്യാമറയ്ക്ക് മുന്നില്‍ കുസൃതിയൊക്കെ കാണിച്ച് ചിരിച്ചും ചിരിപ്പിച്ചും അഭിനയിക്കുക എന്നത് പ്രത്യേക സന്തോഷവും ഊര്‍ജവും ലഭിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.
‘അത്തരം വേഷങ്ങളെല്ലാം സ്വീകരിക്കാന്‍ ഉത്സാഹം കൂട്ടുന്ന മനസാണ് ഇന്നും എന്റേത്. എന്നാല്‍, അടു ത്തകാലത്തായി തേടിവരുന്നതെല്ലാം ഗൗരവമുള്ള വേഷങ്ങളാണ്. ചിരിയില്ലാത്ത ചില കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ, ആ വഴിയിലൂടെ വീണ്ടും വീണ്ടും നടത്താനാണ് പലരും ശ്രമിക്കുന്നത്.
ഗൗരവ മുള്ള വേഷങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടിവരും.
അഭിനയിച്ച് അവസാനിപ്പിച്ചാലും കഥാപാത്രത്തിന്റെ നിഴല്‍ പിന്നെയും കുറച്ചുനാള്‍ ഒപ്പം തന്നെ ഉണ്ടാകും. ഇന്ന് സിനിമയിലെ തമാശകളുടെ രീതിയിലും അവതരണശൈലിയിലുമെല്ലാം കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്, കാലത്തിന്റെ മാറ്റമാണ് അതെല്ലാം. എങ്കിലും കോമഡിയോട് എന്നും ഒരിഷ്ടക്കൂടുതലുണ്ട്. തേ ടിവരുന്ന കോമഡി കഥാപാത്രങ്ങളൊന്നും വിട്ടുകളയാറില്ല,’ ഇന്ദ്രന്‍സ് പറയുന്നു.
അമ്പിളിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോമോന്‍ ജ്യോതിര്‍, ഷോബി തിലകന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഗപ്പി സിനിമാസിന്റെ ബാനറില്‍ അന്നം ജോണ്‍ പോളും ജോണ്‍ പോള്‍ ജോര്‍ജും നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ്.
Content Highlight: Indrans talks about serious and comedic roles