| Saturday, 16th August 2025, 5:13 pm

എന്റെ അഭിനയജീവിതത്തില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രമാണ് അത്:ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ഇന്ദ്രന്‍സ്. തുടക്കത്തില്‍ ഹാസ്യവേഷങ്ങളിലൂടെ നമ്മളെ ചിരിപ്പിച്ച അദ്ദേഹം പിന്നീട് സീരിയസ് വേഷങ്ങളിലും ഞെട്ടിച്ചു.

ചിരിപ്പിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും സീരിയസ് കഥാപാത്രങ്ങളിലേക്കുള്ള തന്റെ കടന്നുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്. അതൊരു വല്ലാത്ത മാറ്റം തന്നെയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്.

‘കോമഡി കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ സീരിയസ് കഥാപാത്രങ്ങളും എനിക്ക് വഴങ്ങുമെന്ന് തോന്നിയിരുന്നു. എം.പി. സുകുമാരന്‍ സാറിന്റെ ശയനം, ദൃഷ്ടാന്തം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചുകൊണ്ടാണ് ഞാന്‍ സീരിയസ് കഥാപാത്രങ്ങളിലേക്ക് കടന്നുവന്നത്. ശയനത്തിലെ കപ്യാരെന്ന കഥാപാത്രത്തെ കണ്ടിട്ടിട്ടാണ് അടൂര്‍ ഗോപാലകൃഷ്ണണന്‍ സാറ് നിഴല്‍ക്കുത്തിലെ ബാര്‍ബറായി എന്നെ തെരഞ്ഞെടുത്തത്.

അടൂര്‍ സാറിന്റെ നാല് പെണ്ണുങ്ങള്‍, പിന്നെയും തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അപ്പോത്തിക്കിരിയിലെ ജോസഫ് എന്റെ അഭിനയജീവിതത്തില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രമാണ്. ദിലീപ് നിര്‍മ്മിച്ച് ടി.വി. ചന്ദ്രന്‍ സാറ് സംവിധാനം ചെയ്ത കഥാവശേഷനില്‍ കള്ളന്‍ കൊച്ചാപ്പിയെന്ന കഥാപാത്രത്തേയും മറക്കാനാവില്ല. മണ്‍ട്രോതുരുത്ത്, ഹോം തുടങ്ങിയ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളായിരുന്നു.

ഇന്ദ്രന്‍സ് സീരിയസായ കഥാപാത്രങ്ങള്‍ ചെയ്ത മിക്ക സിനിമകളും അവാര്‍ഡിനായി പരിഗണിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തോട് അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘അതുകൊണ്ട് അവാര്‍ഡ് കമ്മിറ്റിയിലുള്ളവര്‍ക്ക് ഓരോ സിനിമകളിലെയും എന്റെ കഥാപാത്രങ്ങളിലെ മാറ്റം അറിയാവുന്നതാണ്. അതൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. മാധവ് രാംദാസിന്റെ അപ്പോത്തിക്കിരിയിലെ എന്റെ അഭിനയം ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് വിധേയമായിരുന്നു. ആളൊരുക്കത്തില്‍ പപ്പു പിഷാരടിയെന്ന കഥാപാത്രമായി അഭിനയിച്ചതിനാണ് എനിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഡോ. ബിജുവിന്റെ വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ചൈനയിലെ ഷാങ്യായ് ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു,’ ഇന്ദ്രന്‍സ് പറഞ്ഞു.

Content Highlight: Indrans talks about his foray into serious roles

We use cookies to give you the best possible experience. Learn more