| Saturday, 9th August 2025, 1:37 pm

ചിലരുടെ വേര്‍പാട് മനസില്‍ എന്നും വേദനയായി നില്‍ക്കുന്നു: ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളിക്ക് പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയായ അദ്ദേഹം പില്‍ക്കാലത്ത് സീരിയസ് റോളുകളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ചു. 40 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത ഓര്‍മകളെക്കുറിച്ച് ഇന്ദ്രന്‍സ് സംസാരിക്കുന്നു.

‘ഒരിക്കലും മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ഇഷ്ടമുള്ളവരുടെ വേര്‍പാടാണ്. സിനിമയില്‍ എത്താന്‍ എന്നെ പല ഘട്ടങ്ങളിലും സഹായിച്ചവരുടെ വേര്‍പാട് മനസില്‍ വേദനയായി നിലനില്‍ക്കുന്നു. അകാലത്തില്‍ പൊലിഞ്ഞ പത്മരാജന്‍ സാറെയും സിദ്ധിഖ് സാറെയും ഞാന്‍ ഓര്‍ക്കാറുണ്ട്.

അതോടൊപ്പം എനിക്ക് പ്രോത്സാഹനം നല്‍കാറുള്ള ജഗതി ചേട്ടന്‍, ഉര്‍വ്വശി ഉള്‍പ്പെടെയുള്ള ഒരുപാട്‌പേര്‍ എന്റെ മനസിലുണ്ട്,’ ഇന്ദ്രന്‍സ് പറഞ്ഞു.

പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. പുതിയ സംവിധായകര്‍ വരുമ്പോള്‍ വല്ലാത്തൊരു പ്രതീക്ഷയാണെന്നാണ് അദ്ദേഹം പറയുന്നത്.

‘പുതിയ സംവിധായകര്‍ എടുക്കുന്ന സിനിമ ജീവിതവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. അവര്‍ കഥ പറയുന്നതിലും വ്യത്യസ്തത പുലര്‍ത്താറുണ്ട്. പുതിയ എഴുത്തുകാരുടെ സിനിമകളില്‍ അഭിനയിക്കാനും സമയം കണ്ടെത്താറുണ്ട്. പഴയ തലമുറയിലേയും, പുതിയ കാലത്തെ സംവിധായകരുടേയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് ഞാന്‍. പുതിയ സംവിധായകരോടൊപ്പമുള്ള വര്‍ക്ക് വല്ലാത്തൊരു എക്‌സ്പീരിയന്‍സ് തന്നെയാണ്,’ ഇന്ദ്രന്‍സ് പറഞ്ഞു.

ആരോടും വഴക്കടിക്കാനൊന്നും താന്‍ നില്‍ക്കാറില്ലെന്നും മിക്കവരും സിനിമയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നവരാണെന്നും അദ്ദേഹം പറയുന്നു. അവര്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ഷൂട്ട് ചെയ്യാറുണ്ടെന്നും കഥ പറയാന്‍ വരുമ്പോള്‍ പുതിയ ആളുകളെ ഞാനൊരിക്കലും നിരാശപ്പെടുത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Indrans talks about his film  career and new directors in industry 

We use cookies to give you the best possible experience. Learn more