മലയാള സിനിമയില്‍ കോസ്റ്റിയൂം ഡിസൈനറായി കരിയറാരംഭിക്കുകയും പിന്നീട് 1981ല്‍ പുറത്തിറങ്ങിയ ചൂതാട്ടം എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേതാവാണ് ഇന്ദ്രന്‍സ്. പതിറ്റാണ്ടുകളോളം ഹാസ്യതാരമായി സിനിമയുടെ ഭാഗമായ താരം ട്രാക്ക് മാറ്റിയതോടെ മികച്ച അഭിനേതാവിനെയായിരുന്നു മലയാള സിനിമയ്ക്ക് ലഭിച്ചത്.
അടുത്തിടെ തമിഴില്‍ പുറത്തിറങ്ങിയ സൂര്യ ചിത്രം കറുപ്പില്‍ പ്രധാനവേഷം കൈകാര്യം ചെയ്ത് പ്രശംസ പിടിച്ചുപറ്റിയ ഇന്ദ്രന്‍സ് നായകനായെത്തുന്ന ചിത്രമാണ് വര്‍ഷ വാസുദേവ് സംവിധാനം ചെയ്ത് ജൂണ്‍ 19ന് തിയേറ്ററുകളിലേക്കെത്തുന്ന ചിന്ന ചിന്ന ആസൈ. റോജ എന്ന മണിരത്‌നം ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുബാല നായികയായെത്തുന്ന ചിത്രത്തില്‍ നായകനായതിനെ കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ചിന്ന ചിന്ന ആസൈ. Photo: X.com
‘ചില സിനിമകള്‍ ഒരുപാട് കാത്തിരുന്നിട്ടാണ് കിട്ടാറുള്ളത്. ഈ ചിത്രത്തിലേതു പോലെ ചില ജീവനുള്ള ക്യാരക്ടറുകള്‍ കിട്ടുമെങ്കിലും അത് സംഭവിക്കുന്നത് വരെ ഭയങ്കര ആധിയാണ്. വര്‍ഷ വന്ന് ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ വേറെ ഒന്നും ചോദിക്കാതെ ഞാന്‍ റെഡി പറഞ്ഞു. അന്ന് നായികയായിട്ട് മധു മാഡത്തിന്റെ പേര് സൂചിപ്പിച്ചിരുന്നു. മാഡത്തെ കാണാന്‍ പോകുന്നതിന് മുമ്പ് വര്‍ഷയോട് എനിക്ക് ചില കാര്യങ്ങള്‍ പറയണമെന്നുണ്ടായിരുന്നു.
ചിത്രത്തില്‍ മാധവന്‍ മാഷ് എന്ന കഥാപാത്രം ആരാണ് എന്ന് ചോദിച്ചാല്‍ പേര് പറയണ്ട, തീരുമാനിച്ചിട്ട് പറയാം എന്ന് പറഞ്ഞാല്‍ മതിയെന്നാണ് വര്‍ഷയോട് പറയാന്‍ തോന്നിയത്. കാരണം കോമഡി എല്ലാം ചെയ്യുന്ന ആളാണെന്ന് അറിഞ്ഞാല്‍ ചിലപ്പോള്‍ ചിത്രത്തില്‍ നിന്നും മധു മാം പിന്മാറിയേക്കും എന്ന ടെന്‍ഷനുണ്ടായിരുന്നു. എനിക്ക് ചില സിനിമകളില്‍ ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്. മധു മാം ഓക്കെയാണെന്ന് പറഞ്ഞെങ്കിലും പിന്നീട് ചിത്രം തുടങ്ങാന്‍ ചെറിയ കാലതാമസം വരുമ്പോള്‍ തന്നെ എനിക്ക് വെപ്രാളമായിരുന്നു. പക്ഷേ അതൊന്നും സംഭവിക്കാതെ മധു മാം വന്നപ്പോള്‍ ഒരുപാട് സന്തോഷമായി,’ ഇന്ദ്രന്‍സ് പറഞ്ഞു.
ചിന്ന ചിന്ന ആസൈ. Photo: Screen Grab/ Think Music India/ Youtube.com
എന്നാല്‍ ഇന്ദ്രന്‍സിനൊപ്പം അഭിനയിക്കുന്നതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ചിത്രത്തിന്റെ കഥയും തന്റെ കഥാപാത്രവുമാണ് ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാറുള്ളതെന്നും മധുബാല നേരത്തേ പറഞ്ഞിരുന്നു. ഇന്ദ്രന്‍സിനും മധുബാലക്കും പുറമെ ചിത്രത്തില്‍ അപര്‍ണ ബാലമുരളി, വിഷ്ണു അഗസ്ത്യ, ജാഫര്‍ സാദിഖ്, തമ്പി രാമയ്യ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Indrans talks about being hero in Chinna chinna aasai movie