മികച്ച ചിത്രങ്ങള്‍ക്കും അഭിനേതാക്കള്‍ക്കും പേരുകേട്ട മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കളില്‍ ഒരാളാണ് ഇന്ദ്രന്‍സ്. കോസ്റ്റിയൂം ഡിസൈനറായി മലയാള സിനിമയിലെത്തി പിന്നീട് ഹാസ്യ കഥാപാത്രമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അഭിനയപ്രാധാന്യമുള്ള റോളുകളിലേക്ക് ട്രാക്ക് മാറ്റുകയും തന്റെ യഥാര്‍ത്ഥ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിക്കുകയുമായിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.
കറുപ്പ്. Photo: District
എന്നാല്‍ താരത്തിന്റെ അഭിനയമികവ് തമിഴ് പ്രേക്ഷകര്‍ക്ക് കൂടി മനസിലാക്കി നല്‍കിയ ചിത്രമായിരുന്നു കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം കറുപ്പ്. ആര്‍.ജെ.ബാലാജി സംവിധാനം ചെയ്ത ചിത്രം 300 കോടിയിലധികം നേടി വലിയ വിജയമായി മാറുകയും ചെയ്തതോടെ ഇന്ദ്രന്‍സിന്റെ പ്രകടനം സൗത്ത് ഇന്ത്യയിലാകെ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. സൂര്യയ്‌ക്കൊപ്പം ചിത്രത്തില്‍ വേഷമിട്ടപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ഇന്ദ്രന്‍സ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘തമിഴ് ചിത്രം ആയതുകൊണ്ട് ചെയ്യണോ എന്ന് ആദ്യം സംശയമുണ്ടായിരുന്നു. പിന്നീട് സൂര്യ സാര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ചെയ്യാം, അവരെല്ലാം കൂടെ നമ്മളെ റെഡി ആക്കിയെടുത്തോളും എന്ന ധൈര്യത്തില്‍ പോയതാണ്. സൂര്യ സാറിന്റെ മുന്നിലെത്തുമ്പോള്‍ നമ്മള്‍ വീണ്ടും ഒന്ന് ചുരുങ്ങും. എന്റെ ഏതെങ്കിലും സിനിമ അദ്ദേഹം കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇവിടെ മലയാളത്തിലെ ചില സംവിധായകരെ കുറിച്ച് അദ്ദേഹം എന്നേട് ചോദിച്ചിരുന്നു. 2018 എന്ന ചിത്രത്തിന്റെ സംവിധായകനായ ജൂഡ് ആന്തണിയെ കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചു,’കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.
ജൂഡ് ആന്തണി ജോസഫ് . Photo: The Statesman
വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ അടുത്ത ചിത്രം ഒരു മലയാളി സംവിധായകനൊപ്പമായിരിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആവേശത്തിന്റെ സംവിധായകനായ ജീത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമായ സൂര്യ47 ആണ് സൂര്യയുടെതായി ഒരുങ്ങുന്ന അടുത്ത പ്രൊജക്ടുകളിലൊന്ന്. ഇതിനനൊപ്പം മമിതയെ നായികയാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും താരത്തിന്റെ വെയിറ്റിങ് ലിസ്റ്റിലുണ്ട്.
Content Highlight: Indrans talks about actor Suriya and Director Jude Anthany Joseph