മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ഇന്ദ്രൻസ്. വർഷങ്ങളായി മലയാള സിനിമയിൽ സജീവ സാന്നിധ്യമായ അദ്ദേഹം, ഇപ്പോൾ തമിഴ് സിനിമയിലും തന്റെ അഭിനയ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ആർ.ജെ. ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനായെത്തിയ കറുപ്പ് എന്ന ചിത്രത്തിലെ ഇന്ദ്രൻസിന്റെ കഥാപാത്രവും പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.
ഇപ്പോൾ സിനിഉലഗത്തിന് നൽകിയ അഭിമുഖത്തിൽ, കറുപ്പ് സിനിമയുടെ ഭാഗമായതിനെക്കുറിച്ചും ആ കഥാപാത്രം സ്വീകരിക്കാൻ കാരണമായ സാഹചര്യങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രൻസ്.
ഇന്ദ്രൻസ്, Photo: X.com
‘കറുപ്പിൽ അഭിനയിച്ചത് എന്തോ ദൈവ നിമിത്തം പോലെ സംഭവിച്ചതാണ്. കുറെ പടം ഉണ്ടായിരുന്നു ആ സമയത്ത്. അതിന് മുന്നേ ബാലാജി സാർ പറഞ്ഞിരുന്നു ഒരു അച്ഛന്റെ കഥാപാത്രമാണ്.
കേരളത്തിൽ നിന്നും മകളുടെ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെത്തുന്ന അച്ഛനാണെന്ന് പറഞ്ഞിരുന്നു. അപ്പോൾ തന്നെ ആ കഥാപാത്രം ഉള്ളിൽ ഒരു ബലമുള്ള കഥാപാത്രമാണെന്ന് എനിക്ക് മനസിലായിരുന്നു,’ ഇന്ദ്രൻസ് പറഞ്ഞു.
എന്നാൽ ചിത്രത്തിൽ അഭിനയിക്കുന്നതിന് തുടക്കത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു. തിരക്കേറിയ ഷെഡ്യൂളുകൾ കാരണം ചിത്രത്തിന്റെ ഡേറ്റുകൾ പലതവണ മാറിയെന്നും അതിനാൽ ഒരു ഘട്ടത്തിൽ സിനിമ ചെയ്യാൻ സാധിക്കില്ലെന്ന തോന്നലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘ആ സമയമാണെങ്കിൽ അത് ചെയ്യാൻ കഴിയാതെ ഡേറ്റ് ഇങ്ങനെ മാറി മാറി പോയി. അങ്ങനെ സാറിന്റെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. എപ്പോഴും ഇങ്ങനെ വിളിക്കുമായിരുന്നു, പറ്റുമോ പറ്റുമോ എന്ന് ചോദിച്ചിട്ട്. അങ്ങനെ ഒരു കറക്റ്റ് സമയം എങ്ങനെയോ എല്ലാം ഒത്തുവന്നതാണ്.
ഇന്ദ്രൻസ്, Photo: X.com
അങ്ങനെ കഥയെല്ലാം കേട്ടപ്പോൾ എന്തായാലും എനിക്ക് അഭിനയിക്കണം എന്നായി. ഞാൻ അവർ പറഞ്ഞ ഡേറ്റിന് തന്നെ പോയി,’ ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
ആർ.ജെ. ബാലാജി സംവിധാനം ചെയ്ത കറുപ്പ് തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെയാണ് മുന്നേറുന്നത്. തുടർച്ചയായ ചില പരാജയങ്ങൾക്ക് ശേഷം സൂര്യയുടെ ശക്തമായ തിരിച്ചുവരവായി ചിത്രത്തെ വിലയിരുത്തപ്പെടുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പ്രത്യേകിച്ച് ഇന്ദ്രൻസിന്റെ പ്രകടനം തമിഴ് സിനിമാപ്രേമികൾക്കിടയിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്. മലയാള സിനിമയിൽ പോലെ തന്നെ തമിഴിലും തന്റെ അഭിനയ മികവ് തെളിയിച്ച് മുന്നേറുന്ന ഇന്ദ്രൻസിന്റെ മറ്റൊരു ശ്രദ്ധേയ നേട്ടമായാണ് കറുപ്പിലെ കഥാപാത്രത്തെ വിലയിരുത്തുന്നത്.
Content Highlight: Indrans talk about the movie karuppu