മലയാളി പ്രേക്ഷകരുടെ ഇഷ്ട നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാരത്തിലൂടെയാണ് സിനിമയിലേക്ക് എത്തിപെട്ടതെങ്കിലും താരം
ഇന്ന് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. തുടക്കത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ച ഇന്ദ്രൻസ് പിന്നീട് ക്യാരക്ടർ റോളിലൂടെയും തന്റെ കഴിവ് തെളിയിച്ചു.
ഇപ്പോഴിതാ സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിൻ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പാദമുദ്ര സിനിമയെയും മോഹൻലാൽ എന്ന അതുല്യ നടനെയും കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രൻസ്.
‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾക്ക് ശേഷം വസ്ത്രാലങ്കാരവുമായി തിരക്കിട്ട യാത്രയായിരുന്നു. സർവകലാശാല, പാദമുദ്ര, ഊഹക്കച്ചവടം. സിനിമകൾ വന്നുകൊണ്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട സന്തോഷവും സങ്കടവും നിറഞ്ഞ ഒരുപാട് അനുഭവങ്ങളിലൂടെ മുന്നോട്ടുപോകുകയായിരുന്നു
ഇന്ദ്രൻസ്, Photo: Indrans/ Facebook
പേട്ട ഹൈസ്‌കൂളിലെ ഡ്രോയിങ് സാർ ആർ.സുകുമാരൻ സാറ് തയ്യൽക്കട തുടങ്ങിയ സമയം മുതൽ പാന്റും ജുബ്ബയും ഞങ്ങളുടെ കടയിലാണ് തയ്പ്പിച്ചിരുന്നത്. അദ്ദേഹം ചെയ്യുന്ന ‘പാദമുദ്ര’യിൽ ഒപ്പമുണ്ടാകണമെന്ന് വളരെ മുമ്പേ തന്നെ പറഞ്ഞിരുന്നു.
ഒരുദിവസം വന്ന് കാണണമെന്ന് പറഞ്ഞതനുസരിച്ച് ഞാൻ ഹോട്ടലിലേക്ക് ചെന്നു. ഗീത് ഹോട്ടലിന്റെ മുകളിലത്തെ നിലയിൽ വലിയ ഹാളിൽ സാക്ഷാൽ മോഹൻലാൽ വിയർത്തുകുളിച്ച് ഇടുപ്പിൽ കൈയും കൊടുത്ത് നിൽക്കുകയായിരുന്നു.
തൊട്ടടുത്ത് വയസ്സായ ഒരാൾ നെറ്റി നിറയേ ഭസ്‌മക്കുറിയൊക്കെയിട്ട് തോളിൽ കിടന്ന നേര്യതെടുത്ത് ജുബ്ബയുടെ പുറത്തൂടെ ഇടുപ്പിൽ കെട്ടി കൈ മേലോട്ടുയർത്തി ഒറ്റക്കാലിൽ നിൽക്കുന്നു. സാക്ഷാൽ നട്ടുവം പരമശിവം മാസ്റ്റർ ലാൽ സാറിനെ കാവടിയാട്ടം പഠിപ്പിക്കുന്നു.
പാദമുദ്ര, Photo: IMDB
ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ സിനിമപോലെ കാണാൻ കൗതുകമുള്ള കാഴ്ചകളായിരുന്നു അതെല്ലാം. ഒരുദിവസം റിഹേഴ്സൽ ചെയ്ത് നട്ടുവം പരമശിവം മാസ്റ്റർക്കൊപ്പം ലാൽ സാറ് ആ പാട്ട് ഒറ്റയടിക്ക് ആടിത്തീർത്ത് തളർന്ന് ഫാനിന് താഴേ കസേരയിൽ ചാരി കണ്ണടച്ച് മലർന്നിരിക്കുന്ന ചിത്രം ഇന്നും മനസിലുണ്ട്,’ ഇന്ദ്രൻസ് പറഞ്ഞു.
ആർ. സുകുമാരൻ സംവിധാനം ചെയ്ത ആദ്യചലച്ചിത്രമായാ പാദമുദ്രയിൽ മോഹൻലാൽ, നെടുമുടി വേണു, സീമ, ഉർവ്വശി, രോഹിണി തുടങ്ങി വൻ താര നിര അണിനിരന്നിരുന്നു.
മാതുപ്പണ്ടാരം, കുട്ടപ്പൻ എന്നീ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാലിന് 1988ലെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡും ലഭിച്ചിരുന്നു.
Content Highlight: Indrans talk about Mohanlal