| Monday, 16th March 2026, 2:33 pm

റോഡിന്റെ മറുഭാഗത്ത് നിൽക്കുന്ന എന്നെ കണ്ട് ഞാൻ ഞെട്ടി; ആ പോസ്റ്റർ ഇന്നും മനസിലുണ്ട്: ഇന്ദ്രൻസ്

നന്ദന എം.സി

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഇന്ദ്രൻസ്. മലയാള സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ആയി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ഇന്ദ്രൻസ്.

തുടക്കത്തിൽ ഹാസ്യവേഷണങ്ങളിലൂടെ ശ്രദ്ധ നേടിയ താരം ഇന്ന് ശക്തമായ ക്യാരക്ട‌ർ റോളുകളിലൂടെയും തൻ്റെ അഭിനയ മികവ് തെളിയിക്കുകയാണ്. ഇപ്പോളിതാ തന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ് ഇന്ദ്രൻസ്. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിൻ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുദിവസം ബ്രോഡ് വേ ഫാൻസി സ്റ്റോറുകളിൽനിന്ന് സാധനങ്ങൾ വാങ്ങി മെയിൻ റോഡിലേക്ക് കയറിയപ്പോൾ, റോഡിന്റെ മറുഭാഗത്ത് നിൽക്കുന്ന എന്നെ കണ്ട് ഞാൻ ഞെട്ടി. ആ വലിയ ചുവരിൽ സിക്സ് ഷീറ്റ് പോസ്റ്ററിൽ ഞാൻ നിലം തൊടാതെ ചാടിനിൽക്കുന്നു. ഉർവശി കഥയെഴുതി സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത‌ ‘ഉത്സവമേള’ത്തിൻ്റെ പോസ്റ്റർ.

ഇന്ദ്രൻസ്, Photo: Indrans/ Facebook

റോഡ് മറികടന്ന് പോസ്റ്ററിന്റെ മുമ്പിൽ പോയിനിന്നു. കലൂരും പാലാരിവട്ടത്തും തുടങ്ങി ആലുവവരെ എല്ലാ ചുവരിലും ഞാനെന്നെ തിരഞ്ഞ് കണ്ടുപിടിച്ചു. തിരുവനന്തപുരത്തും ഉത്സവമേളത്തിൻ്റെ പോസ്റ്റർ ഇറങ്ങിയോ എന്ന ആകാംക്ഷയായിരുന്നു മനസിൽ. നാട്ടിലെത്തി, അടുത്ത ദിവസം സ്‌കൂട്ടറെടുത്ത് കറങ്ങി.

സ്ഥിരമായി സിനിമാപോസ്റ്റർ ഒട്ടിക്കുന്നിടത്തൊക്കെ ഉത്സവമേളത്തിന്റെ പോസ്റ്ററുകൾ നിറഞ്ഞിരുന്നു. ഉത്സവമേളത്തിൽ കതിന ഗോപാലനെന്ന കഥാപാത്രമായിരുന്നു. അമ്പലത്തിലെ ഒരു വെടിക്കാരൻ, പപ്പുച്ചേട്ടനും മാളച്ചേട്ടനും കൈലാസ് നാഥും ചേർന്ന് എന്നെ ചുമന്നുകൊണ്ടുപോകുന്ന പോസ്റ്റർ ഇന്നും മനസ്സിലുണ്ട്,’ ഇന്ദ്രൻസ് പറഞ്ഞു.

ആർ.ജെ ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ നായകവേഷത്തിലെത്തുന്ന തമിഴ് സിനിമയിലും ഇന്ദ്രൻസ് അഭിനയിച്ചിട്ടുണ്ട്. കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് എത്തുന്ന കഥാപാത്രമാണ് ചിത്രത്തിൽ അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ ഭാഷ വലിയ പ്രശ്നമായില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദ്രൻസ്, Photo: Indrans/ Facebook

തമിഴിൽനിന്ന് അഭിനയിക്കാൻ ക്ഷണം ലഭിക്കാറുണ്ടെങ്കിലും ചില മലയാള സിനിമകൾ ഒഴിവാക്കിയാൽ മാത്രമേ പലപ്പോഴും അവിടേക്ക് പോകാൻ കഴിയൂ. അതാണ് പലപ്പോഴും പ്രയാസമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ‘അനന്തൻ കാട്’ ആണ് ഇന്ദ്രൻസിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം.

ജയസൂര്യക്കൊപ്പമുള്ള ‘ആട് 3’യിൽ പി.പി. ശശി ആശാനായി താരം വീണ്ടും എത്തുന്നുണ്ട്. സുരാജിനൊപ്പം ‘റൺ മാമാ റൺ’, അടൂരിന്റെ ‘പദയാത്ര’ എന്നിവയും താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലുണ്ട്.

Content Highlight: Indrans shares the first time he saw his poster\

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more