മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. ചൂതാട്ടം എന്ന സിനിമയിലൂടെ അഭിനേതാവായും വസ്ത്രാലങ്കാരനായും കരിയര്‍ തുടങ്ങിയ ഇന്ദ്രന്‍സ് പത്മരാജന്‍ അടക്കമുള്ള നിരവധി പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.
ഇപ്പോഴിതാ, സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍തന്റെ ഫോട്ടോ മാഗസിനില്‍ ആദ്യമായി അടിച്ചുവന്നപ്പോഴുണ്ടായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഇന്ദ്രന്‍സ്. ‘മാലയോഗം’ സിനിമയുടെ കോസ്റ്റ്യൂം റെഡിയാക്കാനായുള്ള ആര്‍ട്ടിസ്റ്റുകളുടെ ലിസ്റ്റില്‍ തന്റെ പേരുമുണ്ടായിരുന്നുവെന്നും ആ സിനിമയിലെ ഒരു സ്റ്റില്‍ ഇമേജാണ് ആദ്യമായി മാഗസിനില്‍ വന്നതെന്നും ഇന്ദ്രന്‍സ് പറയുന്നു.
‘ജയറാമും പാര്‍വതിയും മുരളിയും ഇന്നസെന്റുമൊക്കെയായിരുന്നു ചിത്രത്തിലെ പ്രധാനികള്‍. ആറ്റിങ്ങല്‍, കിളിമാനൂര്‍ ഭാഗത്തായിരുന്നു മാലയോഗത്തിന്റെ ഷൂട്ടിങ്. ഇന്നസെന്റ് ചേട്ടന്റെ സഹായിയായി കൂടെ നടക്കുക യും അദ്ദേഹം പറയുന്നതെല്ലാം ഒന്നൂടെ ഏറ്റുപറയുകയും ചെയ്യുന്ന കഥാപാത്രമായിരുന്നു എനിക്ക്. മേക്കപ്പും കോസ്റ്റ്യൂമും ഇട്ട് അഭിനയിക്കുന്ന എന്റെ ഒരു സീനിന്റെ സ്റ്റില്‍ ആദ്യമായി സിനിമാ വീക്കിലികളില്‍ വരുന്നത് മാലയോഗത്തിലാണ്.
അന്നത്തെ ഫിലിം മാഗസിനിലും നാനയിലും ചിത്രഭൂമിയിലുമൊക്കെ എന്റെ ഫോട്ടോയും ഇന്റര്‍വ്യൂവും വന്നു. അന്ന് ഒരുപാട് വീക്കിലികള്‍ വാങ്ങി കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കുമൊക്കെ വിതരണം ചെയ്തു. വീട്ടിലെല്ലാവരും കൂടിയിരുന്ന് പലതവണ വായിച്ചു. അമ്മ കണ്ണുതുടച്ചു. വീട്ടില്‍ എല്ലാവരും കൂടിയിരുന്നാണ് അഭിമുഖം വായിച്ചുകേട്ടത്.
കുമാരപുരത്ത് പാലവിളവീട്ടില്‍ കൊച്ചുവേലു എന്ന കൂലിവേലക്കാരന്റെ ഏഴ് മക്കളില്‍ മൂന്നാമനാണ് സുരേന്ദ്രന്‍. തടിയറുപ്പുകാരനായ കൊച്ചുവേലു കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയത് എന്നൊക്കെയായിരുന്നു തുടക്കം. വീട്ടിലുള്ളവരൊക്കെ സന്തോഷത്തോടെയും അഭിമാനത്തോടെയുമൊക്കെയാണ് കേള്‍ക്കുന്നതെങ്കിലും, അച്ഛന്റെ ഉള്ളിലെവിടെയോ അതിലെ വരികള്‍ ചെറിയൊരു നോവ് നിറച്ചു,’ ഇന്ദ്രന്‍സ് പറയുന്നു.
അഭിമുഖങ്ങളിലെല്ലാം വരുന്ന ഇല്ലായ്മയുടെ കഥകള്‍ അച്ഛനെ വിഷമിപ്പിക്കുന്നുണ്ടെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്നും താന്‍ കാരണമാണ് മക്കളെല്ലാം കഷ്ടപ്പെടേണ്ടി വന്നതെന്ന ചിന്ത അച്ഛനെ വല്ലാതെ മുറുക്കിയിരുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു. പിന്നീട്് അഭിമുഖങ്ങളിലൊന്നും പഴയ കാര്യങ്ങള്‍ വരാതിരിക്കാനും വന്നാല്‍തന്നെ അതച്ഛന്റെ കണ്ണില്‍പ്പെടാതിരിക്കാനും ശ്രദ്ധിച്ചിരുന്നുവെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Indrans shares his experience of having his photo printed in a magazine