മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ഇന്ദ്രന്‍സ്. ചൂതാട്ടം എന്ന സിനിമയിലൂടെ അഭിനേതാവായും വസ്ത്രാലങ്കാരകനായും കരിയര്‍ തുടങ്ങിയ ഇന്ദ്രന്‍സ് പത്മരാജന്‍ അടക്കമുള്ള നിരവധി പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു.
കഥാവശേഷന്‍, അഞ്ചാം പാതിര, ഉടല്‍ എന്നീ സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ തിളങ്ങിയ അദ്ദേഹം, ഹോം എന്ന സിനിമയിലൂടെ ദേശീയപുരസ്‌കാരവും സ്വന്തമാക്കി. 45വര്‍ഷ കാലമായി ഇന്‍ഡസ്ട്രിയില്‍ സജീവമായ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആശാനാണ്. തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ആട് 3യിലും ഇന്ദ്രന്‍സ് പ്രധാനവേഷത്തിലുണ്ട്.
തന്റെ അഭിനയമോഹത്തെ കുറിച്ചും ജീവിത പ്രതിസന്ധികളെ കുറിച്ചും ഇന്ദ്രന്‍സ് മുമ്പും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനുമായുള്ള അഭിമുഖത്തില്‍ പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയില്‍ അഭിനയിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് നടന്‍ പറയുന്നു.
‘അഭിനയത്തോട് അടങ്ങാത്ത മോഹവും താത്പര്യവുമായിരുന്നു. എന്നാല്‍ അന്ന് ജീവിതം മുന്നോട്ട് പോകണമെങ്കില്‍ തയ്യല്‍ ജോലിതന്നെ ചെയ്യേണ്ടിവന്നു. പദ്മരാജന്‍സാറിന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടിയെന്നത് ശരിയാണ്. ‘പെരുവഴിയമ്പലം’ സിനിമയാക്കാന്‍ ഒരുങ്ങിയ സന്ദര്‍ഭത്തിലായിരുന്നു അത്.
നോവല്‍ സിനിമയാക്കുന്നതായും, അഭിനയിക്കാന്‍ പുതുമുഖങ്ങള്‍ക്കവസരം എന്നുമുള്ള പത്രത്തിലെ പരസ്യം കണ്ടാണ് അപേക്ഷ അയച്ചത്. കഥാപാത്രത്തിന്റെ രൂപവും ഭാവവും പ്രായവും നിറവുമൊക്കെ പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഒരാഗ്രഹത്തിന്റെ പുറത്ത് അപേക്ഷ അയയ്ക്കുകയായിരുന്നു,’ ഇന്ദ്രന്‍സിന്റെ വാക്കുകള്‍.
സിനിമയിലേക്ക് തെരഞ്ഞെടുക്കാത്തതില്‍ അന്ന് വിഷമമൊന്നും തോന്നിയില്ലെന്നും പെരുവഴിയമ്പലം തിയേറ്ററില്‍ എത്തിയപ്പോള്‍ ആദ്യദിവസം ആദ്യ ഷോതന്നെ കണ്ടിരുന്നുവെന്നും ഇന്ദ്രന്‍സ് പറയുന്നു. അശോകന്‍ എന്ന പയ്യന്റെ രൂപവും അഭിനയവും കണ്ട് അതിശയിച്ചുപോയെന്നും ഇതിനാണല്ലോ താന്‍ അപേക്ഷിച്ചതെന്ന് ആലോചിച്ചപ്പോള്‍ നാണം തോന്നിയെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.
പത്മരാജന്‍ ആദ്യമായി സംവിധാനത്തിലേക്കും അശോകന്‍ ആദ്യമായി അഭിനയത്തിലേക്കും അരങ്ങേറ്റം കുറിച്ച ചിത്രമാണ് പെരുവഴിയമ്പലം. പത്മരാജന്‍ തന്നെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ അതേ പേരിലുള്ള പെരുവഴിയമ്പലം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 1979-ല്‍ സിനിമ റിലീസ് ചെയ്തത്. ചിത്രത്തില്‍ ഭരത് ഗോപി, കെ.പി. എ.സി ലളിത തുടങ്ങയിവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
Content Highlight: Indrans says that he wanted to act in Padmarajan’s film Peruvazhiyambalam