| Monday, 1st June 2026, 10:16 am

രൂപത്തിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, സിനിമയിൽ നടനായല്ല, ഒരു കോസ്റ്റ്യൂം ഡിസൈനറായിട്ടാണ് ഞാൻ ഇപ്പോഴും നിൽക്കുന്നത്: ഇന്ദ്രൻസ്

കെ.എസ് ഷാബിന

അഭിനയ മികവ് കൊണ്ടും നിഷ്കളങ്കമായ വ്യക്തിത്വം കൊണ്ടും മലയാള സിനിമയിൽ ജനപ്രീതിയേറെയുള്ള നടനാണ് ഇന്ദ്രൻസ്. ഒരു കോസ്റ്റ്യൂം ഡിസൈനർ ആയി ആരംഭിച്ച അദ്ദേഹത്തിന്റെ സിനിമാജീവിതം, സൂര്യ നായകനായചിത്രം കറുപ്പ് വരെ എത്തിനിൽക്കുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമാലോകത്തും ഇപ്പോൾ ഇന്ദ്രൻസ് എന്ന നടൻ കയ്യടികൾ നേടുകയാണ്.

സിനിമയുടെ തുടക്കകാലത്ത് താൻ കടന്ന് വന്ന വഴികളിലെ വേദനിപ്പിക്കുന്ന ഓർമ്മകൾ പങ്കുവെക്കുകയാണ് ഇന്ദ്രൻസ്. ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്ന് പറച്ചിൽ. സിനിമ എന്ന മോഹവുമായി ഒരു കോസ്റ്റ്യൂം ഡിസൈനർ ആയിട്ടാണ് താൻ സിനിമയിലേയ്ക്ക് എത്തിയതെന്നും ആദ്യകാലങ്ങളിൽ വേദനപ്പെടുത്തുന്ന ഒരുപാട് അനുഭവങ്ങൾ നേരിട്ടെന്നും അദ്ദേഹം പറയുന്നു.

ഇന്ദ്രൻസ്.Photo: Book my show /The Indian express

‘സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്ന് പുറത്തു പറഞ്ഞാൽ കൂട്ടുകാർ പരിഹസിക്കുന്ന തരത്തിലുള്ള ഒരു ശരീരപ്രകൃതിയായിരുന്നു എന്റേത്. മുൻപ് എന്റെ രൂപ വൈകല്യങ്ങളെ ഓർത്ത് ഞാൻ ഒരുപാട് വേദനിച്ചിട്ടുണ്ട്. സിനിമയ്ക്കും അതിനുള്ളിൽ ജോലി ചെയ്യുന്നവർക്കുമെല്ലാം കൃത്യമായ ഒരു നിറവും സൗന്ദര്യവുമുണ്ട്; എല്ലാ മേഖലകളിലും രൂപം എന്നത് എപ്പോഴും ഒരു വലിയ വിഷയം തന്നെയാണ്.

ഒരു അസിസ്റ്റന്റായി ജോലി ചെയ്യുന്ന കാലത്ത് പലരും എന്റെ രൂപം ക്ഷമിക്കുമായിരുന്നു. ‘ഇവനെ ഒന്ന് ശ്രദ്ധിച്ചേക്കണേ’ എന്ന് കൂടെയുള്ളവർ ചീഫിനോട് ഉപദേശിക്കാറുണ്ട്. എന്നാൽ, ചീഫ് തന്നെ തന്നെ അങ്ങനെ പറയുമ്പോൾ വലിയ വിഷമം തോന്നും. ഒരിക്കൽ കാറിൽ കയറാൻ പോയപ്പോൾ, ‘അടുത്ത വണ്ടിയിൽ വാ, പുറകിലുള്ള ജീപ്പിൽ വന്നാൽ മതി’ എന്ന് ചിലർ പറഞ്ഞത് എന്നെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് ചെയ്യേണ്ട കാര്യങ്ങൾക്കുള്ള എല്ലാ സാധനങ്ങളും എന്റെ കൈവശം ഉണ്ടായിരുന്നിട്ടും അവർ എന്നോട് അങ്ങനെയാണ് പെരുമാറിയത്. ഇന്ന് അവർക്ക് എന്നെ ഓർമ്മയുണ്ടാകാൻ വഴിയില്ല, എന്നെപ്പോലെ ഒരുപാട് പേരെ അവർ ഇന്നും നോവിക്കുന്നുണ്ടാകാം.

ഒരു നടനായ ശേഷവും ഞാൻ എന്നെ പൂർണ്ണമായും ഒരു നടനായി കണ്ടിട്ടില്ല; ഒരു കോസ്റ്റ്യൂമർ ആയി മാത്രമാണ് ഇപ്പോഴും സ്വയം അടയാളപ്പെടുത്തുന്നത്. എനിക്ക് അതുതന്നെ ധാരാളമാണ്. കാരണം, ആ പഴയ കൈപ്പേറിയ അനുഭവങ്ങൾ നടനായ ശേഷവും എന്നെ സ്വയം പിന്നോട്ട് വലിച്ചിരുന്നു. ആ ഒരു പെരുമാറ്റ രീതി ഇന്നും എന്നെ വിട്ടു പോയിട്ടില്ല’ ഇന്ദ്രൻസ് പറയുന്നു.

ഇന്ദ്രൻസ്.Photo:Facebook

ആദ്യകാലങ്ങളിൽ കോമഡി കഥാപാത്രങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. പിന്നീട് 2018 ൽ പുറത്തിറങ്ങിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിലൂടെ ഒരു കോമഡി കഥാപാത്രം എന്ന പ്രതിച്ഛായ തന്നെ പൊളിച്ചെഴുതപ്പെട്ടു. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹം നേടി. പിന്നീട് നിരവധി ഗൗരവമേറിയ കഥാപാത്രങ്ങൾ അദ്ദേഹം ചയ്തു.

2021 ൽ പുറത്തിറങ്ങിയ ‘ഹോം’ ചിത്രത്തിലെ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തിലൂടെ ദേശിയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ സ്പെഷ്യൽ ജൂറി മെൻഷനും അദ്ദേഹം കരസ്ഥമാക്കി. ഇപ്പോൾ കറുപ്പ് എന്ന ചിത്രത്തിലെ മട്ടാഞ്ചേരി സുകുമാരൻ എന്ന കഥാപാത്രത്തിന് നിറഞ്ഞ കയ്യടി നേടുകയാണ് അദ്ദേഹം.

Content Highlight: Indrans says that he had faced a lot of mockery regarding his appearance

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more