മലയാള സിനിമയിലെ അതുല്യ കലാകാരന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. ഒരു കോസ്റ്റ്യൂം ഡിസൈനറായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം, ഇന്ന് ഇന്ത്യൻ സിനിമയിൽത്തന്നെ ശ്രദ്ധേയരായ നടന്മാരിൽ ഒരാളായി മാറിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു ‘ആട്’ എന്ന സിനിമയിലെ മണി ആശാൻ.
ചിത്രത്തിന്റെ ആദ്യഭാഗത്തിൽ, രാഷ്ട്രീയ നേതാവായ മണി ആശാന്റെ തന്നെ വിവാദമായി മാറിയ വാക്കുകൾ ഡയലോഗായി പറഞ്ഞ് ഇന്ദ്രൻസ് കയ്യടി നേടിയിരുന്നു. ഇപ്പോൾ ആ സിനിമയ്ക്ക് ശേഷം മണി ആശാനെ നേരിൽ കണ്ട ഓർമകൾ പങ്കുവെക്കുകയാണ് ഇന്ദ്രൻസ്.
ഇന്ദ്രൻസ് എം എം മണി.Photo;The NewsMinute
‘ആട്’ എന്ന സിനിമയിലെ മണി ആശാന്റെ കഥാപാത്രം അദ്ദേഹത്തെ അനുകരിച്ച് ചെയ്തതാണ്. എനിക്ക് ഉള്ളിൽ അദ്ദേഹത്തോട് ഭയങ്കര ഇഷ്ടമായിരുന്നു. എന്തും തുറന്നു സംസാരിക്കുന്നതാണ് അദ്ദേഹത്തിന്റെ സ്വഭാവം. ‘പേടിക്കാൻ എന്തിരിക്കുന്നു, വരുന്നത് വരട്ടെ’ എന്ന മനോഭാവമാണ് അദ്ദേഹത്തിന്. ‘ഞാൻ ഇതാണ് ചെയ്തത്, ഇങ്ങനെയാണ് ചിന്തിച്ചത്’ എന്ന് തുറന്നു പറയാൻ സാധിക്കുന്നത് വളരെ വലിയൊരു കാര്യമാണ്. അവർ വളരെ ശുദ്ധന്മാരുമാണ്.
അദ്ദേഹത്തെ നേരിട്ട് കാണുമ്പോൾ ഇനി എന്താകുമോ എന്നോർത്ത് ഞാൻ പേടിച്ചിരുന്നു; എനിക്ക് ഒന്നും അറിയില്ലല്ലോ. അദ്ദേഹത്തിന്റെ ശിഷ്യന്മാരായ സഖാക്കളാണ് ആ സമയത്ത് സിനിമ ഷൂട്ട് ചെയ്യാൻ അവിടെ സ്ഥലമൊക്കെ ഒരുക്കിത്തന്നത്. അതുകൊണ്ട് ഷൂട്ടിങ് സമയത്ത് ഡയറക്ടർ മിഥുൻ മാനുവൽ തോമസ് എന്റെ അടുത്ത് വന്ന് പറഞ്ഞു: ‘ചേട്ടാ, ഈ ഡയലോഗൊന്നും ഉറക്കെ പറയേണ്ട; മനസിൽ പറഞ്ഞ് ചുണ്ട് അനക്കിയാൽ മതി. ഇല്ലെങ്കിൽ നമ്മൾ ഇപ്പോൾ ഇവിടെനിന്ന് പോകേണ്ടി വരും, അവർ നമ്മളെ ഓടിക്കും’. അങ്ങനെയാണ് ആ രംഗം ചെയ്തത്.
ഇന്ദ്രൻസ്.Photo:New Indian Express
ഒരു ചടങ്ങിൽ മണി ആശാൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഭയന്നു. കട്ടപ്പനയിലെ മാധ്യമപ്രവർത്തകരുടെ സംഘടനയാണ് ആ വർഷത്തെ അവാർഡ് ചേട്ടനാണ് തരുന്നത് എന്ന് പറഞ്ഞ് എന്നെ ക്ഷണിച്ചിരുന്നത്. എന്നാൽ അതിന്റെ പോസ്റ്റർ നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി; അധ്യക്ഷൻ മണി ആശാനായിരുന്നു! അപ്പോൾ ശരിക്കും പേടിയായി.
എവിടെന്നോ എന്തോ എനിക്ക് വലിയ വെപ്രാളമായിപ്പോയി. പക്ഷേ, സമയമായി എല്ലാവരും വന്നതിന് ശേഷമാണ് ആശാൻ വരുന്നത്. അദ്ദേഹം സ്റ്റേജിലേക്ക് കയറിവന്നപ്പോൾ എല്ലാവരും എഴുന്നേറ്റു, ഞാനും എഴുന്നേറ്റു. അദ്ദേഹം നേരെ ഓടിവന്ന് ചിരിച്ചുകൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. അങ്ങനെയാണ് ഞാൻ അദ്ദേഹത്തെ കണ്ടത്; അത് ഗംഭീരമായിരുന്നു. അപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്. പിന്നീട് ഞങ്ങൾ വലിയ കൂട്ടായി; ഇടയ്ക്ക് വല്ലപ്പോഴും കാണാറുണ്ട്’,ഇന്ദ്രൻസ് ഓർത്തെടുത്തു.
Content Highlight;Indrans says he feared after doing p.p shashi charactar in aadu movie