| Friday, 15th May 2026, 7:31 pm

അങ്ങ് തമിഴ്‌നാട്ടില്‍ ചെന്ന് സൂര്യയെ സൈഡാക്കി പെര്‍ഫോം ചെയ്യാന്‍ ഒരു റേഞ്ച് വേണം, കറുപ്പിനെ താങ്ങിനിര്‍ത്തിയ മലയാളത്തിന്റെ ഇന്ദ്രന്‍സ്

അമര്‍നാഥ് എം.

മലയാളത്തില്‍ ഗംഭീര പെര്‍ഫോമര്‍മാരായിട്ടുള്ള ആര്‍ട്ടിസ്റ്റുകളെ വിളിച്ചുകൊണ്ടുപോയി നായകന്റെ ആട്ടും തൂപ്പും കൊള്ളുന്ന കഥാപാത്രങ്ങള്‍ കൊടുക്കുന്നതായിരുന്നു ഒരുകാലത്ത് തമിഴ് സിനിമയുടെ പ്രധാന ഹോബി. ഇന്ത്യന്‍, അന്യന്‍ തുടങ്ങിയ സിനിമകളില്‍ നെടുമുടി വേണുവിന്റെ കഥാപാത്രം ഒഴിച്ചുനിര്‍ത്തിയാല്‍ ഷങ്കറായിരുന്നു ഈ രീതി കൂടുതലായും ഉപയോഗിച്ചിരുന്നത്.

എന്നാല്‍ ഒ.ടി.ടിയുടെ കടന്നുവരവും ഭാഷാതിര്‍ത്തികള്‍ കടന്ന് നല്ല സിനിമകളും അതിലെ ആര്‍ട്ടിസ്റ്റുകളും കൂടുതലും ചര്‍ച്ച ചെയ്യപ്പെട്ടതോടെ മലയാളത്തിലെ താരങ്ങള്‍ക്ക് തമിഴില്‍ മികച്ച വേഷങ്ങള്‍ ലഭിച്ചുതുടങ്ങി. രജിനികാന്തിന്റെ വില്ലനായി സൗബിന്‍ ഷാഹിര്‍ എത്തിയതെല്ലാം അതിന് ഉദാഹരണങ്ങളാണ്. ഈ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് കറുപ്പിലെ ഇന്ദ്രന്‍സ്.

ഒരുകാലത്ത് മലയാളസിനിമ വെറും ബോഡിഷെയ്മിങ്ങിന് മാത്രം ഉപയോഗിച്ചിരുന്ന നടന്‍ ഇന്ന് ഓരോ സിനിമ കഴിയുന്തോറും ഞെട്ടിക്കുകയാണ്. കറുപ്പിലും സ്ഥിതി വ്യത്യസ്തമല്ല. സെമി സ്പൂഫ് ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യപകുതി ഇന്ദ്രന്‍സ് അവതരിപ്പിച്ച സുകുമാരന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.

കറുപ്പ് സാമിയായി സൂര്യ എത്തുമ്പോള്‍ അതിന് കാരണമാകുന്നത് സുകുമാരനാണ്. മകള്‍ക്ക് വേണ്ടി ജീവിക്കുന്ന അച്ഛന്‍ തനിക്ക് നീതി നഷ്ടപ്പെടുമ്പോള്‍ അവസാന ആശ്രയമെന്ന രീതിയിലാണ് ദൈവത്തെ വിളിക്കുന്നത്. സുകുമാരനോടും മകളോടും പ്രേക്ഷകര്‍ക്ക് ഇമോഷന്‍ തോന്നിയില്ലെങ്കില്‍ സിനിമയുടെ ആത്മാവ് തന്നെ ഇല്ലാതാകും. അവിടെയാണ് ആദ്യപകുതിയില്‍ ഇന്ദ്രന്‍സ് എന്ന പെര്‍ഫോമര്‍ പൂണ്ടുവിളയാടുന്നത്.

എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് മകള്‍ പൊട്ടിക്കരയുമ്പോഴും സുകുമാരന്‍ കൂളായി ഇരിക്കുകയാണ്. തനിക്ക് നീതി ലഭിക്കുമെന്ന ചിന്തയാണ് അയാള്‍ക്ക് അപ്പോഴും. എന്നാല്‍ മകള്‍ പോലും കാണാതെ അയാള്‍ കരയുമ്പോള്‍ ആ ഇമോഷന്‍ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിയിട്ടുണ്ട്.

പ്രീ ഇന്റര്‍വെല്‍ പോര്‍ഷനില്‍ കാലങ്ങളായി കാണുന്ന ക്ലീഷേ സീനാണെങ്കിലും ഇന്ദ്രന്‍സിന്റെ പെര്‍ഫോമന്‍സ് ആ തോന്നല്‍ ഇല്ലാതാക്കി. നടിപ്പിന്‍ നായകനെന്ന് അറിയപ്പെടുന്ന സൂര്യയെപ്പോലും സൈഡാക്കിക്കൊണ്ട് ഇന്ദ്രന്‍സ് നിറഞ്ഞാടുന്നത് സിനിമാപ്രേമിയെന്ന നിലയില്‍ സന്തോഷം നല്‍കുന്ന കാഴ്ചയായിരുന്നു. തമിഴ് സിനിമയില്‍ ഇനി വരുംകാലങ്ങളില്‍ ഇന്ദ്രന്‍സും ചര്‍ച്ചയാകും.

ശരീരപ്രകൃതി കൊണ്ട് പലരും പരിഹസിച്ചിരുന്ന ഇന്ദ്രന്‍സില്‍ നിന്ന് അന്യഭാഷയില്‍ തിളങ്ങുന്ന ഇന്ദ്രന്‍സിലേക്ക് അദ്ദേഹം നടന്ന യാത്ര കൈയടി അര്‍ഹിക്കുന്നതാണ്. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും ചിത്രത്തിനായി അദ്ദേഹം നടത്തിയ കമ്മിറ്റ്‌മെന്റ് കറുപ്പിന്റെ പ്രൊമോഷന്‍ സമയത്ത് തന്നെ ചര്‍ച്ചയായിരുന്നു. 70ാം വയസിലും കഥാപാത്രത്തിന് വേണ്ടി അദ്ദേഹം നല്‍കുന്ന എഫര്‍ട്ട് എടുത്തു പറയേണ്ടതാണ്.

കുട്ടന്റെ ഷിനിഗാമി പോലെ തിയേറ്ററില്‍ ചര്‍ച്ചയാകാതെ പോയ സിനിമയെക്കുറിച്ച് മമ്മൂട്ടി പല അഭിമുഖങ്ങളിലും എടുത്തു പറയുക, തമിഴില്‍ വമ്പന്‍ താരങ്ങളുടെ കൂടെ കട്ടക്ക് പെര്‍ഫോം ചെയ്യുക, ആട് 3യില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തി കൈയടി നേടുക ഇതെല്ലാം കാണുമ്പോള്‍ റീ ഇന്‍ട്രോഡ്യൂസിങ് ഇന്ദ്രന്‍സ് എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

Content Highlight: Indrans performance in Karuppu movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more