എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കവും പശ്ചാത്തലമാക്കി തിരുവനന്തപുരത്ത് നടക്കുന്ന കഥ പറയുന്ന, മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമായ ‘അനന്തൻ കാട്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തമിഴ് താരം ആര്യ, ഇന്ദ്രൻസ്, നിഖില വിമൽ, ദേവ് മോഹൻ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
ഒരു തയ്യൽക്കാരനായി ജീവിതം ആരംഭിച്ച് പിന്നീട് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ അഭിനേതാക്കളിൽ ഒരാളായി മാറിയ വ്യക്തിയാണ് ഇന്ദ്രൻസ്. സിനിമയിലെത്തിയ ആദ്യകാലത്ത് വസ്ത്രാലങ്കാര രംഗത്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് കടന്ന താരം, ഹാസ്യകഥാപാത്രങ്ങളിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ നടനിലേക്കുള്ള അപൂർവ യാത്രയാണ് നടത്തിയത്. ‘ആളൊരുക്കം’, ‘ഹോം’, ‘വെയിൽമരങ്ങൾ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയമികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
തന്റെ എളിമയെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഇപ്പോൾ മനസ്സുതുറക്കുകയാണ് ഇന്ദ്രൻസ്. അനന്തൻ കാട് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മൂവി വേൾഡ് ഒറിജിനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
ഇന്ദ്രൻസ്.photo.X
‘ഈയിടെ ആരൊക്കയോ എന്റെ എളിമ കള്ളത്തരമാണെന്നും അഭിനയമാണെന്നുമൊക്കെ പറയുന്നുണ്ടായിരുന്നു. ചിലപ്പോൾ അവരെ കുറ്റം പറയാൻ പറ്റില്ല. ഞാൻ ഈ എളിമ മാറ്റിവച്ച് കുറച്ച് ഗമയൊക്കെ കാണിച്ചാൽ അഭിനയിക്കുമ്പോഴും അത് പ്രകടമാകുമോ എന്നും ചിന്തിച്ചിട്ടുണ്ട്. ഒരുപക്ഷേ, അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി ഞാൻ സ്വീകരിച്ച ഒരു കള്ളത്തരമായിരിക്കാം അത്. പക്ഷേ ഇന്ന് ആ എളിമ എന്റെ ശീലമായി മാറിക്കഴിഞ്ഞു.
‘ചിന്ന ചിന്ന ആസൈ’യുടെ ഷൂട്ടിംഗ് സെറ്റിൽ ഒരു പെൺകുട്ടി എപ്പോഴും എന്നോട് പുറത്തിരിക്കാതെ കാരവാനിൽ പോയി ഇരിക്കാൻ പറയുമായിരുന്നു. പക്ഷേ ഞാൻ ആ കുട്ടിയോട് പറയാറുള്ളത് , ഞാൻ അങ്ങനെ കാരവനിൽ ഇരിക്കാറില്ല എന്നായിരുന്നു. കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഞാൻ കാരവാനിൽ പോയി ഇരിക്കാറുള്ളൂ. ഒറ്റയ്ക്ക് അങ്ങനെ ഇരിക്കുമ്പോൾ എനിക്ക് ഒരു പേടി തോന്നും,’ ഇന്ദ്രൻസ് അഭിമുഖത്തിൽ പറഞ്ഞു.
സിനിമാ സെറ്റുകളിലും പൊതുപരിപാടികളിലും താരജാഡകളില്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ ഇന്ദ്രൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സഹപ്രവർത്തകരോടും ആരാധകരോടും ഒരേ സ്‌നേഹത്തോടെയും ലാളിത്യത്തോടെയും പെരുമാറുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് നിരവധി സഹപ്രവർത്തകർ മുൻപും സംസാരിച്ചിട്ടുണ്ട്.
ഇന്ദ്രൻസ്.photo.The Hindu