മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ഇന്ദ്രൻസ്. കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് അഭിനയത്തിലേക്ക് കടന്ന് ഹാസ്യവേഷങ്ങളിൽ നിന്ന് ശക്തമായ കഥാപാത്രങ്ങളിലേക്ക് വളർന്ന അപൂർവ കലാകാരന്മാരിൽ ഒരാളായി മാറുകയായിരുന്നു.
ഇന്ന് ഏത് തരത്തിലുള്ള കഥാപാത്രവും അനായാസം കൈകാര്യം ചെയ്യുന്ന നടനായി ഇന്ദ്രൻസ് മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില രസകരമായ ശീലങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇന്ദ്രൻസ്, Photo: YouTube/ Screengrab
നറേറ്റീവ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രൻസ് തന്റെ ആരോഗ്യപരിപാലന രീതികളെക്കുറിച്ച് തമാശ കലർത്തി സംസാരിച്ചത്.
‘എന്റെ ഈ ബോഡി ഞാൻ അങ്ങ് അഴിച്ചു വിട്ടേക്കുകയാണ്. അതിനെ പ്രത്യേകിച്ച് നോക്കുന്നൊന്നുമില്ല. വ്യായാമം ചെയ്യാൻ നേരം കിട്ടില്ലല്ലോ. വെറുതെ ഇങ്ങനെ അങ്ങ് പോകും,’ എന്നാണ് താരം പറഞ്ഞത്. പ്രായം കൂടുന്നതിനൊപ്പം ശരീരത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ഇന്ദ്രൻസ് തുറന്നു പറഞ്ഞു.
‘ആദ്യത്തെ എന്റെ ശരീരത്തെ അപേക്ഷിച്ച് ഇപ്പോൾ എനിക്ക് വയറൊക്കെ ഉണ്ട്. അങ്ങനെ മാറാതിരിക്കുന്നൊന്നുമില്ല. പക്ഷേ ബോഡി ഫിറ്റാകുന്ന മറ്റ് ചില ശീലങ്ങളുണ്ട്. എല്ലാം അറിയുന്ന ഒരു കള്ളനാണ് ഞാൻ.
വീട്ടിൽ ഭാര്യക്ക് ഒന്നും അറിയില്ല,’ എന്നായിരുന്നു ഇന്ദ്രൻസിന്റെ രസകരമായ മറുപടി. താരത്തിന്റെ ഈ തുറന്നുപറച്ചിൽ അവതാരികയെയും ചിരിപ്പിച്ചു.
ഇന്ദ്രൻസ്, Photo: Indrans/ Facebook
തുടർന്ന്, ‘ഈ വീഡിയോ കണ്ടാൽ ഇനി വീട്ടിൽ എല്ലാവരും അറിയില്ലേ?’ എന്ന അവതാരകയുടെ ചോദ്യത്തിന് ഇന്ദ്രൻസ് തമാശരീതിയിൽ മറുപടി പറയുകയും ചെയ്തു. ‘അബദ്ധമായി പോയി.
ഇനി ഇപ്പോൾ അവരൊക്കെ വാങ്ങി തരും. പറഞ്ഞത് നന്നായി. എന്തായാലും കാണാൻ വരുന്നവരൊക്കെ കൊണ്ടുതരും,’ എന്നായിരുന്നു താരത്തിന്റെ മറുപടി. അഭിമുഖത്തിലെ ഈ ഭാഗം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
അതേസമയം സിനിമകളിലും ഇന്ദ്രൻസ് സജീവ സാന്നിധ്യമാണ്. കറുപ്പ് എന്ന ചിത്രത്തിലാണ് താരം ഒടുവിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. സൂര്യ നായകനായെത്തിയ ചിത്രത്തിൽ ഇന്ദ്രൻസിന്റെ കഥാപാത്രം പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്.
ആർ.ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഹാസ്യവും വൈകാരികവും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഇന്ദ്രൻസിന്റെ പ്രകടനം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
Content Highlight: Indrans opens up about some interesting habits in life