മലയാള സിനിമയിലെ അതുല്യ കലാകാരന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. ഒരു കോസ്റ്റ്യൂം ഡിസൈനറായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം, ഇന്ന് ഇന്ത്യൻ സിനിമയിൽത്തന്നെ ശ്രദ്ധേയനായ നടന്മാരിൽ ഒരാളായി മാറി കഴിഞ്ഞു. സൂര്യ നായകനായ ‘കറുപ്പ്’ എന്ന തമിഴ് ചിത്രത്തിലെ പ്രകടനം അദ്ദേഹത്തിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങൾ നേടിക്കൊടുത്തു. കൂടാതെ, മുരളി ഗോപിയുടെ ‘അനന്തൻകാട് ‘ എന്ന സിനിമയിലെ കൃഷ്ണൻ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങളാണ് ഇപ്പൊൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
തുടക്കകാലത്ത് നിരവധി കളിയാക്കലുകൾ നേരിട്ടാണ് ഇന്ദ്രൻസ് എന്ന നടൻ ഇന്നത്തെ നിലയിലേക്ക് ഉയർന്നത്. മലയാളത്തിലെ സീനിയർ താരങ്ങളോടൊപ്പം അഭിനയിച്ച അദ്ദേഹം, ഇന്ന് പുതുതലമുറയോടൊപ്പവും അഭിനയരംഗത്ത് സജീവമാണ്.തന്റെ സിനിമാജീവിതത്തിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന പരിഹാസങ്ങളെയും കളിയാക്കലുകളെയും കുറിച്ച് ഇപ്പോൾ അദ്ദേഹം തുറന്നു സംസാരിക്കുകയാണ്. ‘കൗമുദി മൂവീസിന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ് തുറന്നത്.
ഇന്ദ്രൻസ്.Photo:The Indian Express
‘ചെറുപ്പം മുതലേ നമ്മുടെ മനസ്സിൽ സ്വപ്നമായി കൊണ്ടുനടന്നത് കൊട്ടാരക്കരയും പി. ജെ. ആന്റണിയും നസീറുമൊക്കെ തിളങ്ങിനിന്ന ഒരു കാലഘട്ടമാണ്. അങ്ങനെയുള്ള ഗംഭീര നടന്മാരായിരുന്നു നമ്മുടെ മനസിൽ. ശരീരം കൊണ്ട് നമ്മൾ അവരിലേക്ക് എത്തുന്നില്ലെങ്കിലും നമ്മുടെ സ്വപ്നവും മനസും എപ്പോഴും അവിടെത്തന്നെയായിരുന്നു.
പിന്നീട് എന്റെ ശാരീരിക രൂപം കാരണം എനിക്ക് കോമഡി ചെയ്യാൻ എളുപ്പമായി. അമച്വർ നാടകങ്ങളിൽ അഭിനയിക്കുന്ന കാലത്തുതന്നെ എനിക്ക് കോമഡി മാത്രമേ ചെയ്യാൻ കഴിയൂ എന്ന് എനിക്കറിയാമായിരുന്നു; ഞാൻ തെരഞ്ഞെടുത്ത കഥാപാത്രങ്ങളും അങ്ങനെയുള്ളവയായിരുന്നു. സിനിമയിലേക്ക് എത്തിപ്പെടാൻ എന്റെ ആ രൂപം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കൂടാതെ കൈയിലൊരു തൊഴിൽ (കോസ്റ്റ്യൂം ഡിസൈനിംഗ്) ഉണ്ടായിരുന്നതുകൊണ്ട് സിനിമയിൽ നിന്ന് ചാടി വരേണ്ടി വന്നില്ല.
ഇന്ദ്രൻസ്.Photo:Facebook
അക്കാലത്ത് ആളുകൾ എന്നെ പല പേരുകൾ വിളിച്ചിരുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് കരുതി ഞാൻ അതൊക്കെ ആഘോഷിക്കുകയാണ് ചെയ്തത്. ആ പേരുകൾ കേൾക്കാനും അതിലൂടെ ജീവിക്കാനുമാണ് ഞാൻ ആഗ്രഹിച്ചതും. അതുകൊണ്ട് തന്നെ അതിനെയൊന്നും ഒരു ‘പരിഹാസമായി’ പറയാൻ എനിക്ക് ഇപ്പോഴും തോന്നുന്നില്ല. അതൊക്കെ എന്റെ അടയാളങ്ങളാണ്. ഒരിക്കലും ഞാൻ അതിനെ നെഗറ്റീവായി കാണുന്നില്ല; മറിച്ച് ആ കാലഘട്ടത്തിന്റെ യഥാർത്ഥമായ വിലയിരുത്തലുകളായിട്ടാണ് ഞാൻ അതിനെ കാണുന്നത്.
ഇന്ന് കാലം മാറി, തലമുറകളും മാറി. പുതിയ തലമുറയുടെ ചിന്താഗതികളും വിദ്യാഭ്യാസ രീതികളുമൊക്കെ മാറിയെങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം അന്ന് വിളിച്ച പേരുകളൊക്കെ എന്റെ അടയാളങ്ങൾ തന്നെയാണ്. ചിലപ്പോഴൊക്കെ ഞാനും അറിയാതെ എന്റെ സമപ്രായക്കാരെ ഇത്തരം പേരുകൾ വിളിച്ചുപോകാറുണ്ട്; അറിയാതെ വായിൽ നിന്ന് വീണുപോകുന്നതാണ്. ഇന്നത്തെ കാലത്ത് അതൊരു വലിയ തെറ്റായിട്ടാണ് കാണുന്നത് എന്നതുകൊണ്ട് തന്നെ, സംസാരിക്കുമ്പോൾ നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു,’ ഇന്ദ്രൻസ് പറഞ്ഞു.
Content Highlight:Indrans opens up about early career body shaming