| Thursday, 2nd April 2026, 11:07 pm

ഏതെങ്കിലും മലയാള സിനിമ ഒഴിവാക്കിയാല്‍ മാത്രമേ തമിഴില്‍ പോകാന്‍ കഴിയൂ: ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ഇന്ദ്രന്‍സ്. ചൂതാട്ടം എന്ന സിനിമയിലൂടെ അഭിനേതാവായും വസ്ത്രാലങ്കാരകനായും കരിയര്‍ തുടങ്ങിയ ഇന്ദ്രന്‍സ് പത്മരാജന്‍ അടക്കമുള്ള നിരവധി പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തുടക്കത്തില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം പിന്നീട് ഗൗരവമുള്ള വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. 45വര്‍ഷകാലമായി ഇന്‍ഡസ്ട്രിയില്‍ സജീവമായ താരം നായകനടനായും ഇപ്പോള്‍ വെളളിത്തിരയില്‍ തിളങ്ങി നില്‍ക്കുകയാണ്. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങി ആശാന്‍ എന്ന സിനിമയിലെ പ്രകടനത്തിലൂടെയും നടന്‍ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ വരാന്‍ പോകുന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന, സൂര്യ നായകവേഷത്തിലെത്തുന്ന തമിഴ് സിനിമയില്‍ താന്‍ അഭിനയിച്ചുവെന്ന് അദ്ദേഹം പറയുന്നു.

‘കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് എത്തുന്ന കഥാപാത്രമാണ് എന്റേത്. അതുകൊണ്ടുതന്നെ ഭാഷയൊന്നും വലിയ പ്രശ്‌നമായിരുന്നില്ല. ശങ്കറിന്റെ നന്‍മ്പനില്‍ മുന്‍പ് അഭിനയിച്ചിരുന്നു. തമിഴില്‍ നിന്ന് അഭിനയിക്കാനുള്ള ക്ഷണം ലഭിക്കാറുണ്ടെങ്കിലും, ഏതെങ്കിലും ചില മലയാള സിനിമ ഒഴിവാക്കിയാല്‍ മാത്രമേ പലപ്പോഴും അവിടേക്ക് പോകാന്‍ പറ്റുകയുള്ളൂ.

അത് പ്രയാസമായതിനാലാണ് വിട്ടുനില്‍ക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണ കുമാര്‍ ഒരുക്കുന്ന ‘അനന്തന്‍ കാടാണ് പ്രദര്‍ശനത്തിനൊരുങ്ങുന്ന മലയാളചിത്രം. കോമഡി ചെയ്യാനാണ് താത്പര്യം, ക്യാമറയ്ക്കുമുന്നില്‍ കുസൃതിയൊക്കെ കാണിച്ച് ചിരിച്ചും ചിരിപ്പിച്ചും അഭിനയിക്കുക എന്നത് പ്രത്യേക സന്തോഷവും ഊര്‍ജവും ലഭിക്കുന്ന കാര്യമാണ്,’ ഇന്ദ്രന്‍സ് പറയുന്നുത്.

അത്തരം വേഷങ്ങളെല്ലാം സ്വീകരിക്കാന്‍ ഉത്സാഹംകൂട്ടുന്ന മനസ്സാണ് ഇന്നും തന്റെതെന്നും എന്നാല്‍, അടു ത്തകാലത്തായി തേടിവരുന്നതെന്നതെല്ലാം ഗൗരവമുള്ള വേഷങ്ങളാണെന്നും നടന്‍ പറഞ്ഞു. ചിരിയില്ലാത്ത ചില കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ, ആ വഴിയിലൂടെ വീണ്ടും നടത്താനാണ് പലരും ശ്രമിക്കുന്നതെന്നും ഗൗരവമുള്ള വേഷങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കേണ്ടിവരുമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

Content Highlight:  Indrans on coming to Tamil cinema

- 
We use cookies to give you the best possible experience. Learn more