| Wednesday, 15th April 2026, 11:26 pm

വേഷമൊരുക്കാന്‍ വന്നതാണങ്കിലും വേഷം കെട്ടാനായി കൊതിച്ച മനസായിരുന്നു എന്റേത്; ഇന്ദ്രന്‍സ്

ഐറിന്‍ മരിയ ആന്റണി

തുടക്കത്തില്‍ ഹാസ്യവേഷങ്ങളിലൂടെ തിളങ്ങുകയും പിന്നീട് ഗൗരവമുള്ള വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്ത നടനാണ് ഇന്ദ്രന്‍സ്. ചൂതാട്ടം എന്ന സിനിമയിലൂടെ അഭിനേതാവായും വസ്ത്രാലങ്കാരകനായും കരിയര്‍ തുടങ്ങിയ ഇന്ദ്രന്‍സ് പത്മരാജന്റെ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

പത്മരാജന്റെ സിനിമകളില്‍ കോസ്റ്റിയൂം ഡിസൈനറായും അഭിനേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ പത്മരാജാന്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതെങ്ങനെയാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം.

വേഷമൊരുക്കാന്‍ വന്നതാണങ്കിലും വേഷം കെട്ടാനായി കൊതിച്ച മനസായിരുന്നു തന്റെതെന്ന് അദ്ദഹം പറയുന്നു.

‘അസോസിയേറ്റ് ഡയറക്ടറായ ഉണ്ണിച്ചേട്ടനും (സുരേഷ് ഉണ്ണിത്താന്‍) അസിസ്റ്റന്റ് ഡയറക്ടര്‍മാരായ വേണുഗോപനും പൂജപ്പുര രാധാകൃഷ്ണനും ബ്ലെസ്സിയുമൊക്കെ പറഞ്ഞ് എന്റെ അഭിനയ മോഹം പദ്മരാജന്‍സാറും അറിഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു കുഞ്ഞ് കഥാപാത്രം എനിക്ക് തരാന്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. കോസ്റ്റ്യൂം റെഡിയാക്കാന്‍ വേണ്ടി തരുന്ന ലിസ്റ്റില്‍ എനിക്ക് കിട്ടാന്‍ സാധ്യതയുള്ള കഥാപാത്രം ഏതായിരിക്കുമെന്ന് ഉണ്ണിച്ചേട്ടനോട്  രഹസ്യമായി ചോദിച്ചറിഞ്ഞുവയ്ക്കും.

ഒഴിവുസമയങ്ങളില്‍ സാറ് ഫ്രീയായിരിക്കുമ്പോള്‍ പതുക്കെ അടുത്തുചെല്ലും, ഡ്രെസ്സ് റെഡിയാക്കിവയ്ക്കാന്‍ ചോദിക്കുന്നപോലെ പോസ്റ്റ്മാന്‍ ആരാണ് സര്‍, വെയിറ്റര്‍ ആരാണ് സര്‍, വാച്ചര്‍ ആരാണ് സര്‍ എന്നൊക്കെ ചോദിക്കുമ്പോള്‍ സാറിന് കാര്യം മനസിലാവും.

ഉണ്ണിത്താനോട് ചോദിച്ചിട്ട് അതിലേതെങ്കിലുമൊന്ന് സുരേന്ദ്രന്റെ അളവില്‍ തയ്‌ച്ചോളാന്‍ അദ്ദേഹം പറയും.സാറിന്റെ ഓര്‍ഡര്‍ കിട്ടിക്ക ഴിഞ്ഞാല്‍ പിന്നെ ഉണ്ണിച്ചേട്ടന്‍ കൂടുതല്‍ ഡയലോഗുള്ളതുനോക്കി നല്ലൊരു കഥാപാത്രം എനിക്ക് തരും,’ ഇന്ദ്രന്‍സിന്റെ വാക്കുകള്‍.

എന്നാല്‍ പദ്മരാജന്റെ സിനിമയിലേക്കുള്ള വിളി വന്നപ്പോള്‍ പോകാന്‍ ആദ്യമൊന്ന് മടിച്ചുവെന്നും സിനിമയില്‍ ജോലിചെയ്തുള്ള ആദ്യ അനുഭവങ്ങള്‍ മോശമായതിനാല്‍, അമ്മയാണ് കൂടുതലായി എതിര്‍ത്തതെന്നും താരം പറഞ്ഞു.

45വര്‍ഷകാലമായി ഇന്‍ഡസ്ട്രിയില്‍ സജീവമായ ഇന്ദ്രന്‍സ് നായകനടനായും ഇപ്പോള്‍ വെളളിത്തിരയില്‍ തിളങ്ങി നില്‍ക്കുകയാണ്. ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തിലെത്തിയ ആശനാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Content Highlight: Indrans on asking for a chance in Padmarajan’s film and his hesitation to go

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more