| Monday, 4th May 2026, 12:16 pm

വെറും നാല് സെക്കന്‍ഡ്.... ഹൈറേഞ്ചിന്റെ ചെഗുവേരയായി ശശിയാശാന്‍ തകര്‍ത്തു, ആട് 3യിലെ ഏറ്റവും കിടിലന്‍ ഇന്‍ട്രോ ഇന്ദ്രന്‍സിന് തന്നെ

അമര്‍നാഥ് എം.

തിയേറ്ററില്‍ മികച്ച വിജയമായി മാറിയ ആട് 3 ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഈ വര്‍ഷം മോളിവുഡിലെ 100 കോടി ക്ലബ്ബിന് തുടക്കം കുറിച്ച ചിത്രം കൂടിയാണ് ആട് 3. ആദ്യഭാഗം പരാജയമായെങ്കിലും ആട് ഫ്രാഞ്ചൈസിയിലെ മറ്റ് രണ്ട് സിനിമകളും അത്ഭുത വിജയമാണ് സ്വന്തമാക്കിയത്. ഒ.ടി.ടി റിലീസിന് ശേഷം സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

മൂന്നാം ഭാഗത്തില്‍ ഇതുവരെയുണ്ടായിരുന്ന ഴോണറില്‍ വലിയൊരു ഷിഫ്റ്റ് നടത്തുക എന്ന റിസ്‌ക് മിഥുന്‍ മാനുവല്‍ തോമസ് തന്നാലാകും വിധം നന്നാക്കിയെടുത്തിട്ടുണ്ട്. കോമഡിയിലേക്ക് ടൈം ട്രാവലും കൂടി ചേര്‍ന്നപ്പോള്‍ വലിയൊരു വെടിക്കെട്ടിന് മുമ്പുള്ള സാമ്പിള്‍ പോലെയായിരുന്നു ആട് 3. ചിത്രത്തിന്റെ അടുത്ത ഭാഗം ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഒ.ടി.ടി റിലീസിന് ശേഷം ചിത്രത്തിലെ പല രംഗങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിലൊന്നാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ച ശശിയാശാന്‍ ചെ ഗുവേരയുടെ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ഏറ്റവുമധികം ഗെറ്റപ്പുകള്‍ ലഭിച്ചതും ഇന്ദ്രന്‍സിനാണ്. നാല് വ്യത്യസ്ത ഗെറ്റപ്പിലാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. പാസ്റ്റില്‍ ഒരു ഗെറ്റപ്പും പ്രസന്റില്‍ രണ്ട് ഗെറ്റപ്പും കൂടാതെ ഫ്യൂച്ചര്‍ ടൈംലൈനിലെ ബാബ എന്ന കഥാപാത്രമായും താരം ഞെട്ടിച്ചു.

അതില്‍ ഏറ്റവുമധികം കൈയടി നേടിയത് ചെ ഗുവേരയുടെ ഗെറ്റപ്പാണ്. സണ്ണി വെയ്ന്‍ അവതരിപ്പിച്ച സാത്താന്‍ സേവ്യര്‍ എന്ന കഥാപാത്രം ശശിയാശാനോട് ‘ആശാന്‍ ഈ ഹൈറേഞ്ചിനെ വികസിപ്പിച്ച് ഇതിനെ മറ്റൊരു ബൊളിവീയയാക്കും. അപ്പോള്‍ ആളുകള്‍ ആശാനെ വിളിക്കും, ഹൈറേഞ്ചിന്റെ ചെഗുവേരേ എന്ന്’ ഈ ഡയലോഗിന് ശേഷം ശശിയാശാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ ചെ ഗുവേരയുടെ ഗെറ്റപ്പില്‍ ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇതിന്റെയൊപ്പം ശശിയാശാന്റെ ഐക്കോണിക് ബി.ജി.എമ്മിന്റെ സ്പാനിഷ് വേര്‍ഷനും കൂടിയായപ്പോള്‍ അടുത്തിടെ വന്നതില്‍ വെച്ച് ഏറ്റവും മാസ് രംഗമായി ഇത് മാറിയിട്ടുണ്ട്. തിയേറ്ററിലും ഏറ്റവുമധികം കൈയടി ലഭിച്ച സീനുകളിലൊന്നായിരുന്നു ഇത്. ഇന്ദ്രന്‍സിന്റെ കരിയറിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായി ശശിയാശാനെ കണക്കാക്കാം.

ആട് 4ല്‍ പാസ്റ്റിനും പ്രസന്റിനുമൊപ്പം ഫ്യൂച്ചര്‍ ടൈംലൈനിനെയും കാണിക്കാനുള്ള സാധ്യതകളുണ്ട്. ഇന്ദ്രന്‍സിന്റെ കഥാപാത്രം തന്നെയാകും ഈ ഭാഗങ്ങളില്‍ സ്‌കോര്‍ ചെയ്യുക. മൂന്നാം ഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഗംഭീര സ്‌ക്രിപ്റ്റ് ഒരുക്കിയാല്‍ ആട് ഫ്രാഞ്ചൈസിയുടെ മികച്ച ഫെയര്‍വെല്‍ തന്നെ കാണാനാകും.

Content Highlight: Indrans Che Guevara getup in Aadu 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more