| Thursday, 1st October 2026, 7:21 pm

കഥാപാത്രങ്ങളിൽ നിന്ന് ഇറങ്ങി വരാൻ ഇപ്പോൾ സമയമെടുക്കാറുണ്ട് : ഇന്ദ്രൻസ്

അനുപമ കെ. സീത

മലയാള സിനിമയിലേക്ക് തയ്യൽക്കാരനായി വന്ന് മലയാളികളെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾ ചെയ്ത് പിന്നീട് അമ്പരപ്പിക്കുന്ന കഥാപാത്രങ്ങളും ചെയ്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന നടനാണ് ഇന്ദ്രൻസ്. നാല് പതിറ്റാണ്ടിലേറെയായി അഞ്ഞൂറ്റമ്പതോളം സിനിമകൾ മലയാളത്തിലും തമിഴിലുമായി ഇന്ദ്രൻസ് ചെയ്തു.

ഇപ്പോഴുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോൾ തയ്യാറെടുത്തു പോവുന്നതു പോലെ തന്നെ അങ്ങനെയുള്ള കഥാപാത്രങ്ങളിൽ നിന്നും ഇറങ്ങി വരാനും സമയം എടുക്കുമെന്ന് പറയുകയാണ് ഇന്ദ്രൻസ്. ഈ അടുത്ത കാലത്തായിട്ടാണ് അത്തരം നല്ല കഥാപാത്രങ്ങൾ കിട്ടി തുടങ്ങിയതെന്നും ഇന്ദ്രൻസ് പറഞ്ഞു. താരത്തിന്റെ പുതിയ സിനിമ ‘ദി തേർഡ് മർഡർ’ എന്ന സിനിമയുടെ ഭാഗമായി ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഈ അടുത്ത കാലത്തായിട്ടാണ് നല്ല ക്യാരക്ടർ കിട്ടി തുടങ്ങിയത്. അതുകൊണ്ട് ഒരു വലിയ ക്യാരക്ടറിന് തയ്യാറെടുത്തു പോവുന്നതു പോലെ തന്നെ അത്തരം കഥാപാത്രങ്ങളിൽ നിന്നും ഇറങ്ങി വരാൻ സമയമെടുക്കും. ആദ്യം കോമഡി കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരുന്നപ്പോൾ ഈ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. അന്ന് ഞാൻ അന്വേഷിച്ചതും എന്റെ ഇഷ്ടവും കോമഡി കഥാപാത്രങ്ങൾ ആയിരുന്നു.’ ഇന്ദ്രൻസ് പറഞ്ഞു.

ഏത് കഥാപാത്രമാണ് താൻ ചെയ്യുന്നതെന്ന് അറിയാതെയാണ് സിനിമയുടെ കഥ മുഴുവൻ കേട്ടത്. കഥ മുഴുവൻ പറഞ്ഞതിന് ശേഷമാണ് സംവിധായകൻ ഏത് കഥാപാത്രമാണ് താൻ ചെയ്യണ്ടതെന്ന് പറഞ്ഞതെന്നും ഇന്ദ്രൻസ് പറയുന്നു. ‘കഥ പറഞ്ഞ് തീരുന്നതു വരെ എനിക്കറിയില്ലായിരുന്നു ഞാൻ ഏത് കഥാപാത്രമാണ് ചെയ്യുന്നതെന്ന്. കഥ മുഴുവനും കേട്ട് ആസ്വദിച്ച ശേഷമാണ് സംവിധായകൻ ഞാൻ ഏത് കഥാപാത്രമാണ് ചെയേണ്ടതെന്ന് പറഞ്ഞത്.’ ഇന്ദ്രൻസ് പറഞ്ഞു.

ചാപ്‌റ്റേഴ്‌സ് , അരികിൽ ഒരാൾ , റോയ് എന്നീ സിനിമകൾ ചെയ്ത സുനിൽ ഇബ്രാഹിം രചനയും സംവിധാനവും ചെയ്ത ‘ദി തേർഡ് മർഡർ’ ആണ് ഇന്ദ്രൻസിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. സൈക്കോളജിക്കൽ ക്രൈം ത്രില്ലർ പ്രമേയമുള്ള സിനിമയാണിത്. ഒക്ടോബർ 2ന് തിയേറ്ററിലെത്തുന്ന സിനിമയിൽ അനന്യ , സൈജു കുറുപ്പ് , വിനയ് ഫോർട്ട് , ഫറാ ഷിബ്‌ല തുടങ്ങിയവരും അഭിനയിക്കുന്നു

Content Highlight: Indrans about the characters he got recently

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more