കൊവിഡ് കാലഘട്ടത്തിന് ശേഷം സിനിമാലോകത്തെ ഞെട്ടിച്ച നടന്മാരില്‍ മുന്‍പന്തിയിലാണ് മലയാളികളുടെ സ്വന്തം ഇന്ദ്രന്‍സ്. അഞ്ചാം പാതിരയിലൂടെ തന്റെ ഇമേജ് പൊളിച്ചെഴുതിയ ഇന്ദ്രന്‍സ് പിന്നീട് ക്യാരക്ടര്‍ റോളുകളില്‍ തന്റെ കഴിവ് തെളിയിച്ചു. ഹോമിലെ പ്രകടനത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശമടക്കം അദ്ദേഹം സ്വന്തമാക്കിയിരുന്നു.
മലയാളത്തില്‍ മാത്രമല്ല, തമിഴിലും ഇന്ദ്രന്‍സ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന കറുപ്പില്‍ പലരും എടുത്തുപറയുന്നത് ഇന്ദ്രന്‍സിന്റെ പ്രകടനമാണ്. സൂര്യയെ നായകനാക്കി ആര്‍.ജെ. ബാലാജി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ ഇന്ദ്രന്‍സ് ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു.
ഇന്ദ്രന്‍സ് Photo: Screen grab/ Cine Ulagam
സിനിമ തുടങ്ങി അരമണിക്കൂറോളം കഴിഞ്ഞാണ് സൂര്യയുടെ എന്‍ട്രി. അതുവരെ കറുപ്പിനെ താങ്ങിനിര്‍ത്തിയത് ഇന്ദ്രന്‍സ് അവതരിപ്പിച്ച സുകുമാരന്‍ എന്ന കഥാപാത്രമാണ്. റിലീസിന് ശേഷം ഇന്ദ്രന്‍സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്തെത്തി. ഇപ്പോഴിതാ കരിയറില്‍ ചെയ്യാന്‍ ആഗ്രഹമുള്ള വേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്.
‘ഒരുപാട് റോളുകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. പണ്ട് ശിവാജി ഗണേശന്‍ സാര്‍ ജ്ഞാന ഒളിയില്‍ ചെയ്തുവെച്ച റോളുണ്ടല്ലോ, അതുപോലെ എം.ജി.ആര്‍ സാര്‍ ചെയ്തുവെച്ച പല സിനിമകള്‍, രജിനി സാറും കമല്‍ സാറും ചെയ്ത വലിയ വലിയ ക്യാരക്ടര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. ശരീരം ചെറുതാണെങ്കിലും മനസ് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ റെഡിയാക്കി വെക്കും,’ ഇന്ദ്രന്‍സ് പറയുന്നു.
കറുപ്പിന് മുമ്പ് ഒരൊറ്റ തവണ മാത്രമാണ് ഇന്ദ്രന്‍സ് തമിഴില്‍ പ്രത്യക്ഷപ്പെട്ടത്. ഷങ്കര്‍ സംവിധാനം ചെയ്ത നന്‍ബനില്‍ വെറും രണ്ട് സീന്‍ മാത്രമുള്ള വേഷം ഇന്ദ്രന്‍സ് ചെയ്തിരുന്നു. കറുപ്പിന് ശേഷം തമിഴില്‍ നിന്ന് ഏതെങ്കിലും ഓഫര്‍ വരുന്നുണ്ടോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.
‘കറുപ്പ് ഹിറ്റായതിന് ശേഷം തമിഴില്‍ നിന്ന് ഒരുപാട് റോളുകള്‍ വരുന്നുണ്ട്. എല്ലാം ചെയ്യാന്‍ പറ്റില്ല. വരുന്നതെല്ലാം കറുപ്പിലെ പോലെ പാവത്താന്‍ ക്യാരക്ടറാണ്. ഭാഷ ഒരു പ്രശ്‌നമായതുകൊണ്ട് അതും എനിക്ക് പേടിയാണ്. ചെയ്യുമ്പോള്‍ അത് ആത്മാര്‍ത്ഥമായി ചെയ്യണമല്ലോ. പറ്റുന്ന റോളുകള്‍ ചെയ്യണമെന്നുണ്ട്,’ ഇന്ദ്രന്‍സ് പറഞ്ഞു.
Content Highlight: Indrans about his dream roles
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ