| Sunday, 24th May 2026, 11:38 am

ഇത്രയും ഗംഭീര നടനെ വെറും പാവ റോളില്‍ ഒതുക്കിയ ഷങ്കറിന് മാപ്പില്ല, കറുപ്പ് ഹിറ്റായതിന് പിന്നാലെ തമിഴ് പേജുകളില്‍ ചര്‍ച്ചയായി നന്‍ബനിലെ ഇന്ദ്രന്‍സ്

അമര്‍നാഥ് എം.

ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് കറുപ്പ്. സൂര്യയെ നായകനാക്കി ആര്‍.ജെ. ബാലാജി ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടിക്ക് മുകളില്‍ സ്വന്തമാക്കി കഴിഞ്ഞു.

സൂര്യയെ അങ്ങേയറ്റം മാസാക്കിയാണ് ബാലാജി അവതരിപ്പിച്ചത്. കറുപ്പ് സാമി എന്ന ദൈവമായി സൂര്യ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമ ആരംഭിച്ച് മുക്കാല്‍ മണിക്കൂറാകുമ്പോഴാണ് സൂര്യയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. അതുവരെ സിനിമയെ താങ്ങിനിര്‍ത്തിയത് മലയാളികളുടെ സ്വന്തം ഇന്ദ്രന്‍സാണ്. സുകുമാരന്‍ എന്ന കഥാപാത്രമായി ഇന്ദ്രന്‍സ് സിനിമാപ്രേമികളെ ഞെട്ടിച്ചു.

ഇന്ദ്രന്‍സ് Photo: Screen grab/ Think Music India

ഇന്റര്‍വെല്ലിന് മുമ്പുള്ള സീനില്‍ സൂര്യയെ പോലും സൈഡാക്കിയ പെര്‍ഫോമന്‍സായിരുന്നു ഇന്ദ്രന്‍സിന്റേത്. തമിഴ് സിനിമാപേജുകള്‍ ഇന്ദ്രന്‍സിനെ വാനോളം പുകഴ്ത്തുകയാണ്. ഇതിന് പിന്നാലെ വിജയ് ചിത്രം നന്‍ബനും ചര്‍ച്ചയായിരിക്കുകയാണ്. വിജയ്‌യെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത നന്‍ബനില്‍ ഇന്ദ്രന്‍സ് ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സത്യരാജ് അവതരിപ്പിച്ച വൈറസ് (വിരുമാണ്ഡി സന്തനം) എന്ന കഥാപാത്രത്തിന്റെ അസിസ്റ്റന്റായാണ് ഇന്ദ്രന്‍സ് വേഷമിട്ടത്. വെറും മൂന്ന് സീനും രണ്ട് ഡയലോഗും മാത്രമാണ് ചിത്രത്തില്‍ ഇന്ദ്രന്‍സിന് ലഭിച്ചത്. ഇത്രയും ഗംഭീര നടനെ ചെറിയ റോളില്‍ ഒതുക്കിയ ഷങ്കറിനെതിരെ വലിയ വിമര്‍ശനമാണ് തമിഴ് സിനിമാപേജുകളില്‍ ഉയരുന്നത്.

നന്‍ബന്‍ Photo: Screen grab/ Simply South

ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ തമിഴില്‍ തന്നെ ആര്‍ട്ടിസ്റ്റുകള്‍ ഉള്ളപ്പോള്‍ എന്തിനാണ് ഇന്ദ്രന്‍സിനെപ്പൊലൊരു നല്ല നടനെ മലയാളത്തില്‍ നിന്ന് വിളിച്ചുവരുത്തിയതെന്നും ചിലര്‍ ചോദിക്കുന്നു. വെറും പാവ റോളില്‍ ഇന്ദ്രന്‍സിനെ കാസ്റ്റ് ചെയ്ത ഷങ്കറിനെതിരെ വലിയ വിമര്‍ശനമാണ് പലരും ഉയര്‍ത്തുന്നത്. തന്റെ സിനിമകളില്‍ മലയാളി ആര്‍ട്ടിസ്റ്റുകള്‍ക്ക് കോമാളി റോള്‍ നല്‍കുന്നത് ഷങ്കറിന്റെ സ്ഥിരം സ്വഭാവമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ശിവാജിയിലെ വില്ലന്‍ വേഷത്തിലേക്ക് മോഹന്‍ലാലിനെ പരിഗണിച്ചതും മുതല്‍വന്‍, അന്യന്‍, എന്തിരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ കൊച്ചിന്‍ ഹനീഫയെ പ്രാധാന്യമില്ലാത്ത വേഷങ്ങളില്‍ കാസ്റ്റ് ചെയ്തതും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഗെയിം ചേഞ്ചറില്‍ ജയറാമിന്റെ കഥാപാത്രവും ഇത്തരത്തിലൊന്നാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഷങ്കറിനെ ന്യായീകരിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. നന്‍ബന്‍ ചെയ്യുന്ന സമയത്ത് ഇന്ദ്രന്‍സിനെ മലയാളത്തിലും കോമഡി റോളുകളില്‍ മാത്രമായിരുന്നു തളച്ചിട്ടിരുന്നതെന്ന് ഒരുകൂട്ടം ആളുകള്‍ അഭിപ്രായപ്പെടുന്നു. ഹോമിന് ശേഷമാണ് മലയാളത്തിലും ഇന്ദ്രന്‍സിന് മികച്ച വേഷങ്ങള്‍ ലഭിച്ചതെന്നും കമന്റുകളുണ്ട്.

Content Highlight: Indran’s character in Nanban discussing after Karuppu movie release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more