| Saturday, 6th December 2025, 10:42 pm

അന്ന് ഞാന്‍ അഭിനയിച്ച സിനിമ ഇന്ന് വാഴ്ത്തപ്പെടുന്നു; വ്യത്യസ്തമായ വേഷം ചെയ്യണമെന്ന് വിചാരിച്ച് തന്നെയാണ് ആ സിനിമകള്‍ തെഞ്ഞെടുത്തത്: ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപാട് പരീക്ഷണ സിനിമകള്‍ക്ക് ഒരു സമയത്ത് കൈകൊടുത്തിട്ടുള്ള ആളാണ് താനെന്ന് നടന്‍ ഇന്ദ്രജിത്ത്. ആ സിനിമകളെല്ലാം തന്നെ കാലത്തിന് ഒരുപാട് മുമ്പേ സഞ്ചരിച്ചതാണെന്നും ഇന്ന് ഓഡിയന്‍സ് ഒന്നു കൂടി വൈഡറായെന്നും ഇന്ദ്രജിത്ത് പറയുന്നു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ദ്രജിത്ത് Photo: Indrajith Sukumaran/ facebook.com

‘ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഉള്ളതുകൊണ്ട് ഒരുപാട് ആളുകള്‍ വ്യത്യസ്തമായ സിനിമകള്‍ കാണുന്നുണ്ട്. പണ്ട് അങ്ങനെയൊരു എക്‌സ്‌പോഷര്‍ ഉണ്ടായിരുന്നില്ല. ആ ഒരു സമയത്ത് എന്തെങ്കിലും ഒന്ന് വ്യത്യസ്തമായി ചെയ്യണം എന്ന് വിചാരിച്ച് തന്നെയാണ് നായകന്‍ പോലുള്ള സിനിമകളുടെ ഭാഗമായത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നായകന്‍ എന്ന സിനിമയെ കുറിച്ച് ഇന്ന് ഒരുപാട് ആളുകള്‍ സംസാരിക്കുന്നുണ്ട്,’ ഇന്ദ്രജിത്ത് പറയുന്നു.

സിറ്റി ഓഫ് ഗോഡ് എന്ന സിനിമയെ കുറിച്ചും ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും ഇപ്പോള്‍ ഒരുപാട് ആളുകള്‍ സംസാരിക്കുന്നുണ്ടെന്നും എന്നാല്‍ അന്ന് സിനിമകള്‍ കുറച്ചുകൂടി എന്റര്‍ടെയ്ന്‍മെന്റിന് മാത്രം പ്രാധാന്യം നല്‍കികൊണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായൊരു വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചു കൊണ്ട് ചെയ്ത ഒരുപാട് സിനിമകള്‍ അന്നത്തെ കാലത്തുണ്ടായിട്ടുണ്ടെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ത്തു.

‘ ലിജോ ജോസ് പെല്ലിശേരി പോലെയുള്ള ഒരുപാട് സംവിധായകര്‍ക്കൊപ്പം അവരുടെ ആദ്യകാലത്തുള്ള സിനിമകളില്‍ ഭാഗമാകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അതൊക്കെ നല്ല സിനിമകളാണെന്ന് പ്രേക്ഷകര്‍ ഇപ്പോള്‍ പറയുന്നുണ്ട്. അന്ന് കൊമേഴ്ഷ്യലി സക്‌സസ് ആവാതെ പോയ സിനിമകള്‍ പോലും ഇന്ന് നല്ല സിനിമകളാണെന്ന് വാഴ്ത്തപ്പെടുന്നുണ്ട്,’ ഇന്ദ്രജിത്ത് പറയുന്നു.

അതേസമയം ഇന്ദ്രജിത്തിനെ നായകനാക്കി ജിതിന്‍ സുരേഷ് സംവിധാനം ചെയ്യുന്ന ധീരം തിയേറ്ററുകളിലെത്തി. ദീപു എസ്. നായരും സന്ദീപ് സദാനന്ദനും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രത്തില്‍ നിഷാന്ത് സാഗര്‍, അജു വര്‍ഗീസ്, റെബ മോണിക്ക ജോണ്‍, വിജയരാഘവന്‍, ദിവ്യ പിള്ള എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Indrajith says that he has tried his hand at many experimental films at one time

We use cookies to give you the best possible experience. Learn more