| Thursday, 27th November 2025, 2:07 pm

അന്നത്തെ ചോരതിളപ്പില്‍ ചെയ്ത രംഗം, ഇന്നായിരുന്നെങ്കില്‍ ഒരിക്കലും ചെയ്യില്ലായിരുന്നു: ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏഴാമത്തെ വരവ് എന്ന സിനിമയിലെ ഒരു സീനാണ് തന്റെ കരിയറില്‍ വളരെ റിസ്‌ക് എടുത്ത് ചെയ്ത ഒരു രംഗമെന്ന് നടന്‍ ഇന്ദ്രജിത്ത്.

ഇന്ദ്രജിത്ത് Photo: Screen Grab/Ginger Media

എം.ടി.യുടെ രചനയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 2013 പുറത്തിറങ്ങിയ ചിത്രമാണ് ഏഴാമത്തെ വരവ്. സിനിമയില്‍ ഇന്ദ്രജിത്ത്, വിനീത്, ഭാവന, മോഹന, കവിത, മാമുക്കോയ, സുരേഷ്‌കൃഷ്ണ, ക്യാപ്റ്റന്‍ രാജു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.

തന്റെ ഏറ്റവും പുതിയ സിനിമയായ ധീരത്തിന്റെ പ്രൊമോഷന്റെ ഭാഗമായ അഭിമുഖത്തില്‍ ജിഞ്ചര്‍ മീഡിയയോട് സംസാരിക്കവെയാണ് ഏഴാമത്തെ വരവ് സിനിമയുടെ ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചത്.

‘ഏഴാമത്തെ വരവില്‍ ഒരു ഏറുമാടത്തിന്റെ മുകളില്‍ നിന്ന്  ഞാന്‍  35, 40 അടി ഉയരത്തില്‍ നിന്ന് ചാടുന്ന ഒരു സ്വീക്വന്‍സുണ്ട്. അന്ന് റോപ്പൊന്നും ഇല്ല. കുറെ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സൊക്കെ താഴെ നിരത്തിയിട്ടുണ്ടായിരുന്നു. കയറൊന്നമില്ലാതെ എന്തായാലും അത്ര ഒരു സേഫ്റ്റി ഉണ്ടാകില്ല. കൂടാതെ എന്റെ കയ്യില്‍ തോക്കോ മറ്റെന്തോ ഉണ്ട്. പേടിച്ച് കൊണ്ടാണ് ചാടിയത്,’ ഇന്ദ്രജിത്ത് പറയുന്നു.

അന്ന് അപകടം ഒന്നും പറ്റിയില്ലെന്നും എന്നാല്‍ ആ വീണതിന്റെ ഒരു ഓര്‍മ ഇപ്പോഴും മനസിലുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. കാര്‍ഡ് ബോര്‍ഡിന്റെ അടിയില്‍ ബെഡ് ഒക്കെ ഇട്ടിട്ടുണ്ടെന്നും അത് തനിക്ക് വളരെ റിസ്‌ക്കിയായി തോന്നിയ ഒരു ഷോട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നാണെങ്കില്‍ അങ്ങനെയൊരു സീന്‍ ചെയ്യില്ലെന്നും അന്ന് ആ ചോരതിളപ്പില്‍ എടുത്ത് ചാടിയതാണെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ത്തു.

ദീപു എസ്. നായരും സന്ദീപ് സദാനന്ദനും തിരക്കഥയെഴുതി ജിതിന്‍ സുരേഷ് സംവിധാനം ചെയ്യുന്ന ധീരം റിലീസിനൊരുങ്ങുകയാണ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയില്‍ നിഷാന്ത് സാഗര്‍, അജു വര്‍ഗീസ്, റെബ മോണിക്ക ജോണ്‍, വിജയരാഘവന്‍, ദിവ്യ പിള്ള എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content highlight: Indrajith says that a scene in the movie ‘Ezamathe Varav’ was a very risky scene for him to do

We use cookies to give you the best possible experience. Learn more