| Friday, 2nd January 2026, 8:02 pm

ഇൻഡോർ ദുരന്തം; മധ്യപ്രദേശ് ബി.ജെ.പി സർക്കാരിനെ വിമർശിച്ച് ഉമാ ഭാരതി

ശ്രീലക്ഷ്മി എ.വി.

ഭോപ്പാൽ: ഇൻഡോറിലെ ജല മലിനീകരണത്തെത്തുടർന്നുണ്ടായ മരണങ്ങളിൽ മധ്യപ്രദേശ് ബി.ജെ.പി സർക്കാരിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഉമാ ഭാരതി.

ജല മലിനീകരണവുമായി ബന്ധപ്പെട്ട മരണങ്ങൾ സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയെന്നാരോപിച്ചായിരുന്നു ഉമാ ഭാരതിയുടെ വിമർശനം.

‘2025 അവസാനത്തോടെ മലിനജലം ഉപയോഗിച്ചുണ്ടായ മരണം സംസ്ഥാനത്തെയും സർക്കാരിനെയും നമ്മുടെ മുഴുവൻ സംവിധാനത്തെയും അപമാനിച്ചു,’ ഉമാ ഭാരതി എക്സിലൂടെ പറഞ്ഞു.

ഇത്രയും വൃത്തികെട്ടതും വിഷം കലർന്നതുമായ വെള്ളം ആളുകളുടെ ജീവൻ അപഹരിക്കുകയും ജനങ്ങളെ രോഗികളാക്കുകയും ചെയ്‌തെന്ന് അവർ പറഞ്ഞു.

മധ്യപ്രദേശിലെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇൻഡോറിന്റെ റാങ്കിങ്ങും ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് ഇതൊരു പരീക്ഷണ സമയമാണെന്നും ഉമാ ഭാരതി പറഞ്ഞു.

മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം മോഹൻ യാദവ് ധനസഹായം പ്രഖ്യാപിച്ചതിനെതിരെയും അവർ പ്രതികരിച്ചു.

ജീവന്റെ വില രണ്ടുലക്ഷം രൂപയല്ലെന്നും. മരിച്ചവരുടെ കുടുംബങ്ങൾ ജീവിതകാലം മുഴുവൻ ദുഃഖത്തിൽ കഴിയേണമെന്നും അവർ പറഞ്ഞു.

ദുരിത ബാധിതരായ ആളുകളോട് പരസ്യമായി മാപ്പ് പറയണമെന്നും ഉത്തരവാദികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവത്തെ അധികാരികൾ കൈകാര്യം ചെയ്തതിനെയും അവർ ചോദ്യം ചെയ്തു. ചുമതലയുള്ളവർ ഓഫീസിൽ തുടരുമ്പോൾ സർക്കാരിന്റെ പ്രതികരണ പദ്ധതി വിജയിച്ചില്ലെങ്കിൽ എന്തിനാണ് ബിസ്‌ലേറി വെള്ളം കുടിക്കുന്നതെന്നും അവർ ചോദിച്ചു.

‘എന്തുകൊണ്ടാണ് നിങ്ങൾ പൊതുജനങ്ങളെ സന്ദർശിക്കാൻ പോകാത്തത്? പ്രായശ്ചിത്തം ശിക്ഷയോ അല്ലാതെ ഈ പാപങ്ങൾക്ക് ഒരു വിശദീകരണവുമില്ല,’ ഉമാ ഭാരതി പറഞ്ഞു.

കഴിഞ്ഞ മാസം 31നായിരുന്നു ഇൻഡോറിലെ ഭഗീരഥ്പുരയിൽ മലിനജലം കുടിച്ച് 10 പേർ മരിച്ചതായി മേയർ പുഷ്യമിത്ര ഭാർഗവ സ്ഥിരീകരിച്ചത്.

എന്നാൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം 14 പേർ മരിച്ചതായാണ് നാട്ടുകാർ അവകാശപ്പെടുന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 1,400-ലധികം ആളുകൾക്ക് ഛർദ്ദിയും വയറിളക്കവും ബാധിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlight: Indore tragedy; Uma Bharti criticizes Madhya Pradesh BJP government

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more