| Thursday, 30th October 2025, 9:47 pm

ഇന്ദിരാ ഗാന്ധി കാണിച്ച ധൈര്യം മോദിക്കില്ല; സമ്മര്‍ദങ്ങളില്‍ നിന്നും ഓടി ഒളിക്കുന്നു: രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നളന്ദ: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.

സ്ത്രീയായിരുന്ന ഇന്ദിരഗാന്ധി പുരുഷനായ ഇപ്പോഴത്തെ പ്രധാനമന്ത്രിയെക്കാള്‍ ധൈര്യം കാണിച്ചിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. നളന്ദയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധകാലത്തെ മോദി കാലത്തെ ഓപ്പറേഷന്‍ സിന്ദൂരുമായി താരതമ്യം ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

1971ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ധൈര്യത്തെയും നേതൃപാടവത്തെയും മാതൃകയായി രാഹുല്‍ ചൂണ്ടിക്കാണിച്ചു.

യുദ്ധ സമയത്ത് അമേരിക്കയുടെ നാവികസേന ഇന്ത്യയെ ഭീഷണിപ്പെടുത്തിയപ്പോള്‍ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നില്ല. ‘നിങ്ങള്‍ ചെയ്യേണ്ടത് ചെയ്യൂ, ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്യും’ എന്നായിരുന്നു ഇന്ദിര സ്വീകരിച്ച നിലപാട്. അതാണ് യഥാര്‍ത്ഥ ധൈര്യമെന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ വിശദീകരിച്ചു.

ഇന്ദിരാഗാന്ധി ഒരു സ്ത്രീയായിരുന്നു, പക്ഷേ ഈ പുരുഷനായ മോദിയെക്കാള്‍ ധൈര്യവതിയായിരുന്നു. നരേന്ദ്ര മോദിക്ക് അമേരിക്കന്‍ പ്രസിഡന്റിനെ നേരിടാനുള്ള കരുത്തില്ലെന്നും രാഹുല്‍ പറഞ്ഞു.

മോദിക്ക് രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ധൈര്യമില്ല. ഇന്ദിരാഗാന്ധിയെ പോലെ വിദേശ സമ്മര്‍ദത്തെ നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.

‘നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ധൈര്യമില്ല. ഇന്ദിരാഗാന്ധിയെ പോലെ അദ്ദേഹം അമേരിക്കന്‍ സമ്മര്‍ദം നേരിടുന്നില്ല, മറിച്ച് അതില്‍ നിന്നും ഒളിക്കുന്നു’, രാഹുല്‍ പറഞ്ഞു.

1971-ലെ യുദ്ധകാലത്ത് ഇന്ത്യയെ ഭീഷണിപ്പെടുത്താനായിരുന്നു അമേരിക്കന്‍ നാവികസേനയുടെ നീക്കം. എന്നാല്‍, അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശക്തമായ നിലപാടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്, രാഹുല്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏഷ്യാ പസിഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിലും (അപെക്)ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ താന്‍ മധ്യസ്ഥത വഹിച്ചുവെന്ന വാദം ആവര്‍ത്തിച്ചിരുന്നു.

താന്‍ വ്യാപാരം മുന്‍നിര്‍ത്തി ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ഇന്ത്യ ആക്രമണങ്ങളില്‍ നിന്നും പിന്മാറിയതെന്ന് ട്രംപ് വീണ്ടും പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കിടെയാണ് രാഹുല്‍ മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്.

ഫോണില്‍ മോദിയോട് സംസാരിച്ചതിനെ തുടര്‍ന്നാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നിര്‍ത്തിയതെന്നാണ് ട്രംപ് പറയുന്നത്. മോദിക്ക് ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം പറയട്ടെ ട്രംപ് കള്ളം പറയുകയാണെന്ന്.

എന്നാല്‍ അദ്ദേഹത്തിന് അങ്ങനെ പറയാന്‍ ഭയമാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

അതേസമയം, വിദേശകാര്യ മന്ത്രാലയം ഈ വാദങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രതികരിച്ചിരുന്നു. ട്രംപിന്റെ പ്രസ്താവനകള്‍ തുടക്കത്തില്‍ ഇന്ത്യ നിഷേധിച്ചിരുന്നെങ്കിലും ട്രംപ് നിരന്തരം ഇതേ വാദം ഉന്നയിച്ചിട്ടും തള്ളിപ്പറയാന്‍ പ്രധാനമന്ത്രി മോദി തയ്യാറായിട്ടില്ല.

Content Highlight: Indira Gandhi, a woman, had more courage than Modi: Rahul

We use cookies to give you the best possible experience. Learn more