ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് വാരണാസിയിലെ ലാല്‍ ബഹദൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിങ് നടത്തി. 166 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും അധികൃതര്‍ സ്ഥിരീകരിച്ചു.
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 6E-6961 എന്ന വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്ങിന് ശേഷം വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്നും അധികൃതര്‍ അറിയിച്ചു. വൈകിട്ട് 4:10നാണ് വിമാനം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. സാങ്കേതിക സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും വിമാനത്തിന് പുറപ്പെടാന്‍ അനുമതി നല്‍കുക.