| Wednesday, 18th November 2026, 10:54 pm

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ; യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന

ശ്രീരാഗ് പാറക്കല്‍

ന്യൂദല്‍ഹി: സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ നാല് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കി ഇന്‍ഡിഗോ എയര്‍ ലൈന്‍സ്. ജിദ്ദ, മദീന, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളാണ് 30 വരെ റദ്ദാക്കിയതായി വിമാനക്കമ്പനി ബുധനാഴ്ച അറിയിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്‍ഡിഗോ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ വഴി സര്‍വീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ ഇന്‍ഡിഗോ നേരിട്ട് അറിയിക്കും. ബുക്കിങ് സമയത്ത് നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.

നേരത്തേ ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 21 വരെയും റിയാദ്, ദമാം സര്‍വീസുകള്‍ നവംബര്‍ 30 വരെയുമായിരുന്നു റദ്ദാക്കിയിരുന്നത്. സൗദിയിലെ സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തുടര്‍നടപടികള്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തീരുമാനിക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും നവംബര്‍ 13ന് റിയാദ്, ദമാം സര്‍വീസുകളുടെ റദ്ദാക്കല്‍ നവംബര്‍ 30 വരെ നീട്ടിയിരുന്നു. ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 21 വരെയും നിര്‍ത്തിവച്ചിട്ടുണ്ട്. ആകാശ എയറും റിയാദ്, ജിദ്ദ സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കിയിരുന്നു.

ഹൂത്തി ആക്രമണങ്ങളെ തുടര്‍ന്ന് സൗദിയിലെ നഗരങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലും സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികളുടെ തീരുമാനം. സര്‍വീസുകളുടെ റദ്ദാക്കല്‍ സൗദിയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ബാധിക്കും.

Content Highlight: IndiGo Air has cancelled flight services to four major cities in Saudi Arabia, taking the security situation into account

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more