| Sunday, 19th May 2019, 7:21 pm

കേരളത്തില്‍ യു.ഡി.എഫിന് മുന്‍തൂക്കം; ദക്ഷിണേന്ത്യയില്‍ യു.പി.എ; എന്‍.ഡി.എയ്ക്ക് അനുകൂലം കര്‍ണാടക മാത്രമെന്ന് ഇന്ത്യാ ടുഡേ ആക്‌സിസ് പോള്‍ സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ യു.ഡി.എഫിനു വ്യക്തമായ മുന്‍തൂക്കമെന്ന് ഇന്ത്യ ടുഡേ ആക്‌സിസ് പോള്‍ സര്‍വേ. കേരളത്തില്‍ യു.ഡി.എഫ് 15-16 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫ് 3-5 സീറ്റുകളും ബി.ജെ.പി 0-1 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു.

അതേസമയം ദക്ഷിണേന്ത്യയില്‍ യു.പി.എ പിടിമുറുക്കുമെന്ന സൂചനയാണ് സര്‍വേ നല്‍കുന്നത്. യു.പി.എ 55-63 സീറ്റുകളും എന്‍.ഡി.എ 23-33 സീറ്റുകളും നേടുമെന്ന് സര്‍വേ പറയുന്നു. അതേസമയം മറ്റു കക്ഷികള്‍ 35-46 സീറ്റുകള്‍ നേടുമെന്നും സര്‍വേ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുള്ള ഡി.എം.കെ 34-38 സീറ്റുകള്‍ നേടുമെന്ന് സര്‍വേ കണ്ടെത്തി. എ.ഐ.എ.ഡി.എം.കെ നേടുന്നത് 0-4 സീറ്റുകള്‍ മാത്രമാണ്. തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടന്നത് 38 എണ്ണത്തിലാണ്.

അതേസമയം കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അനുകൂലതരംഗം കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇത്തവണ മുതലാക്കാനായില്ലെന്ന് സര്‍വേ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് 21-25 സീറ്റുകള്‍ ബി.ജെ.പി സഖ്യം നേടുമ്പോള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിക്കുക 3-6 സീറ്റുകള്‍ മാത്രമാണ്. സംസ്ഥാനത്താകെയുള്ളത് 28 സീറ്റാണ്.

പ്രതിപക്ഷ ഐക്യത്തിന് കിണഞ്ഞുശ്രമിക്കുന്ന എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്ക് (ടി.ഡി.പി) ആന്ധ്രാപ്രദേശില്‍ നേട്ടമുണ്ടാക്കാനാവില്ലെന്ന് സര്‍വേ പറയുന്നു. അവിടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി 18-20 സീറ്റുകള്‍ നേടുമെന്നും ടി.ഡി.പി 4-6 സീറ്റുകള്‍ മാത്രമേ നേടൂവെന്നും സര്‍വേ പറയുന്നു. സംസ്ഥാനത്താകെയുള്ളത് 25 സീറ്റുകളാണ്.

തെലങ്കാനയില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം നില്‍ക്കുമെന്ന് സര്‍വേ പറയുന്നു. 1-3 സീറ്റുകളാണ് ഇവര്‍ക്കു പ്രവചിക്കുന്നത്. അതേസമയം ടി.ആര്‍.എസ് 10-12 സീറ്റുകള്‍ നേടി മേല്‍ക്കൈ നേടുമെന്ന് സര്‍വേ പറയുന്നു. ടി.ആര്‍.എസാണ് സംസ്ഥാനത്തെ ഭരണകക്ഷി. അതേസമയം എ.ഐ.എം.ഐ.എം ഒരു സീറ്റ് വരെ നേടുമെന്ന് സര്‍വേ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more