ടെഹ്‌റാന്‍: ടെഹ്‌റാനിലെ ഇന്ത്യക്കാര്‍ ഉടന്‍ നഗരം വിടണമെന്ന് ഇറാനിലെ ഇന്ത്യന്‍ എംബസിയുടെ അപായ സന്ദേശം. ടെഹ്‌റാന്‍ നഗരം വിട്ട് ഒറ്റപ്പെട്ട ഇടങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറണമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ലഭിക്കുന്ന വാഹനങ്ങളില്‍ കയറി ഉടന്‍ നഗരം വിടണമെന്നും സന്ദേശമുണ്ട്.
വളരെ ഗൗരവതരമായ ടെഹ്‌റാനിലെ നില സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യന്‍ എംബസിയുടെ അപായ സന്ദേശം. എത്രയും പെട്ടെന്ന് ടെഹ്‌റാന്‍ വിട്ട് ഇറാനിലെ മറ്റേതെങ്കിലും നഗരങ്ങളിലേക്ക് മാറാനാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് ഇന്ത്യന്‍ പൗരന്മാര്‍ക്കുമെല്ലാം എംബസി സന്ദേശം കൈമാറിയിട്ടുള്ളത്.
നിലവില്‍ 6000ത്തോളം ഇന്ത്യക്കാര്‍ ടെഹ്‌റാനില്‍ ഉണ്ടെന്നാണ് വിവരമെന്നും ലോക്കല്‍ മാധ്യമങ്ങളിലൂടെയും മറ്റ് ആശയവിനിമയ ഉപാധികളിലൂടെയുമെല്ലാം സന്ദേശം കൈമാറിയിട്ടുണ്ട്.
‘സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് ടെഹ്‌റാനില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരും പി.ഐ.ഒകളും നഗരത്തിന് പുറത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ നിര്‍ദേശിക്കുന്നു,’ എംബസി പുറത്തിറക്കിയ സന്ദേശത്തില്‍ പറയുന്നു.
ടെഹ്‌റാനിലെ ഇന്ത്യക്കാരുമായി ഉടന്‍ തന്നെ ബന്ധപ്പെടണമെന്നും അവരുടെ സ്ഥലവും കോണ്‍ടാക്ട് നമ്പറുകളും കൈമാറണമെന്നും എംബസി അറിയിച്ചു.
ഇസ്രഈലില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സുരക്ഷിതരായിരിക്കാനാണ് നിര്‍ദേശം. ഇസ്രഈലിലും ഇറാനിലും 24 x 7 കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
Content Highlight: Indians in Tehran should leave the city immediately; Indian Embassy in Iran sends out a distress message