| Sunday, 19th October 2025, 3:43 pm

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതത്വം അനുഭവിക്കാനുള്ള അവകാശമുണ്ട്; കുടിയേറ്റ വിരുദ്ധതയെ തള്ളി  മന്ത്രി ആന്‍ അലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷങ്ങളെ തള്ളി ഓസ്‌ട്രേലിയന്‍ മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ആന്‍ അലി. ശനിയാഴ്ച ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രി, ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവുമായി കൂടിക്കാഴ്ചയും നടത്തി.

ഓസ്‌ട്രേലിയയില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ഇന്ത്യന്‍ വംശജര്‍ക്കെതിരായ കുടിയേറ്റ വിരുദ്ധ വികാരത്തെ കുറിച്ചും ഓസ്‌ട്രേലിയന്‍ മന്ത്രി സംസാരിച്ചു. ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ സുരക്ഷിതത്വവും ബഹുമാനവും സ്വാഗതവും അനുഭവിക്കാനുള്ള അവകാശമുണ്ടെന്ന് ആന്‍ അലി പറഞ്ഞു.

ഇന്ത്യക്കാര്‍ക്ക് എതിരെ നടന്ന ‘മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ’ ഉള്‍പ്പെടെയുള്ള കുടിയേറ്റ വിരുദ്ധ റാലികളെയും ആന്‍ അലി തള്ളിപ്പറഞ്ഞു.

ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരില്‍ ഏറ്റവും വേഗത്തില്‍ വളരുന്നതും രണ്ടാമത്തെ വലിയ ഗ്രൂപ്പുമാണ് ഇന്ത്യക്കാര്‍. ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയന്‍ സമൂഹത്തിന് നിരവധി സംഭാവനകള്‍ നല്‍കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക്ഷേമം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം വലിയ ഉത്തരവാദിത്തത്തോടു കൂടി ഇന്ത്യന്‍ വംശജര്‍ നിറവേറ്റുന്നുണ്ടെന്നും ആന്‍ അലി പ്രശംസിച്ചു.

സാംസ്‌കാരിക വൈവിധ്യം ദേശീയ സ്വത്വത്തിന്റെ ഭാഗമാണ്. ഇന്ത്യക്കാര്‍ക്ക് എതിരായ പ്രതിഷേധങ്ങളെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസും വിദേശകാര്യമന്ത്രിയും ഉള്‍പ്പടെ ശക്തമായി അപലപിച്ചിരുന്നെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. ‘നിങ്ങള്‍ക്ക് ഇവിടേക്ക് സ്വാഗതം.

നിങ്ങള്‍ ഇവിടെ വന്ന് ഞങ്ങളുടെ രാജ്യത്തെ കൂടുതല്‍ ശക്തമാക്കുന്നു’, എന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും ആന്‍ അലി വിശദീകരിച്ചു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം ബഹുസ്വരത സമ്മര്‍ദത്തിലായ ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ആന്‍ അലി പറഞ്ഞു.

ഭൂരിഭാഗം ഓസ്‌ട്രേലിയക്കാരും ഇന്ത്യക്കാരേയോ കുടിയേറ്റത്തേയോ എതിര്‍ക്കുന്നവരല്ല. മള്‍ട്ടികള്‍ച്ചറിലസത്തെ അവര്‍ പിന്തുണക്കുന്നുണ്ട്. ബഹുസ്വരത സമ്മര്‍ദത്തിലാകുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. വിഭജനത്തിനുള്ള ആഹ്വാനങ്ങള്‍, ഓണ്‍ലൈനിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍, വിദേശ ഇടപെടല്‍ എന്നിങ്ങനെയുള്ള അപകടങ്ങളെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ശരിയായ രീതിയില്‍ തന്നെ നേരിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഈജിപ്ത് വംശജയായ താന്‍ രണ്ടാമത്തെ വയസിലാണ് ഓസ്‌ട്രേലിയയിലെത്തിയതെന്നും അവിടെ ഒരു മുസ്‌ലിം സ്വത്വത്തില്‍ ജീവിച്ചതിനെ കുറിച്ചും സംസാരിച്ചു.

അഭിമാനത്തോടുകൂടിയാണ് താന്‍ തന്റെ വ്യക്തിത്വത്തെ മറയ്ക്കാതെ ജീവിക്കുന്നതെന്നും തന്നെ പോലെ സന്തുഷ്ടമായ അനുഭവമുള്ള ഇന്ത്യന്‍ വംശജര്‍ ഓസ്‌ട്രേലിയയിലുണ്ടെന്നും അവര്‍ക്ക് പറയാനുള്ളത് സമാനമായ കഥയായിരിക്കുമെന്നും ആന്‍ അലി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ പുതുതായി രൂപീകരിച്ച മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സിന്റെ പ്രഥമ മന്ത്രിയും രാജ്യത്തെ തന്നെ ആദ്യത്തെ മുസ്‌ലിം ക്യാബിനറ്റ് മന്ത്രി കൂടിയാണ് ആന്‍ അലി.

കഴിഞ്ഞ ഓഗസ്റ്റ് 30ന് ആയിരക്കണക്കിന് ഓസ്‌ട്രേലിയന്‍ യുവാക്കള്‍ തെരുവിലിറങ്ങി ‘മാര്‍ച്ച് ഫോര്‍ ഓസ്‌ട്രേലിയ’ റാലി നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ‘ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി തിരിച്ചുപിടിക്കുക’, എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു റാലി.

ഇന്ത്യക്കാര്‍ക്ക് എതിരായ മുദ്രാവാക്യങ്ങളായിരുന്നു റാലിയില്‍ കൂടുതലും പ്രത്യക്ഷപ്പെട്ടത്. ഈ പ്രതിഷേധത്തിനെതിരെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തിരുന്നു.

Content Highlight: Indians have the right to feel safe in Australia; Minister Anne Aly rejects anti-immigration sentiment

We use cookies to give you the best possible experience. Learn more