| Saturday, 25th February 2012, 6:15 pm

ചെറുപ്പക്കാരായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കൂടുതല്‍ ഇന്ത്യയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഇന്ത്യയിലെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യയൊട്ടാകെയുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ 75% വും 35 വയസ്സിന് താഴെ ഉള്ളവരാണെന്നാണ് കോംസ്‌കോര്‍ എന്ന ഗവേഷണസ്ഥാപനം കണ്ടെത്തിയത്.

കോംസ്‌കോര്‍ ദല്‍ഹിയില്‍ വച്ചു സംഘടിപ്പിച്ച രണ്ടാമത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരിപാടിയായ “ആഡ്‌ടെക്” നിടയിലാണ് കോംസ്‌കോര്‍ സ്ഥാപിതരില്‍ ഒരുവനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ഗ്യാന്‍.എം.ഫുല്‍ഗോണി ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നടത്തിയ പുതിയ പഠനത്തിന്റെ ഫലങ്ങള്‍ പുറത്തുവിട്ടത്.

ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിലെ യുവജനങ്ങളുടെ ഇന്റര്‍നെറ്റ് ഉപഭോഗം 52% മാത്രമാണ് ഏഷ്യാ-പസഫിക് മേഖലകളില്‍ 55%വും. ഇന്ത്യയിലെ ഉപയോക്താക്കളുടെ മൂന്നില്‍ ഒന്നും 15 നും 24 നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഫുല്‍ഗോണി കൂട്ടിചേര്‍ത്തു.

ഇന്ത്യയില്‍ ചെറുപ്പക്കാര്‍ മാത്രം കഴിഞ്ഞവര്‍ഷം 34.47 ബില്ല്യണ്‍ മിനുറ്റ്‌സ് ഇന്റര്‍നെറ്റില്‍ ചിലവഴിച്ചതായി പഠനങ്ങള്‍ തെളിയിക്കുന്നു. തരംതിരിച്ചുള്ള സര്‍വ്വെയിലും ഇന്ത്യ ലോകശരാശരിയേക്കാള്‍ ഏറെ മുന്നിലാണ്.

ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 82% പേര്‍  സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ സമയം ചിലവഴിക്കുമ്പോള്‍ ഇന്ത്യയിലത് 92% ആണ്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ടുപേര്‍ ഫേസ്ബുക്കും പന്ത്രണ്ടില്‍ ഒരാള്‍ ടിറ്റ്വറും ഉപയോഗിക്കുന്നവരാണ്.

ഇന്ത്യയിലെ ഈ-മെയില്‍ ഉപഭോഗത്തിന്റെ 22%വും 15നും 24നും ഇടയില്‍ പ്രായമുള്ളവരാണ്. 25 മുതല്‍ 34 വരെ പ്രായമുള്ളവര്‍ 8% ഉപയോഗിക്കുന്നതായും കോംസ്‌കോറിന്റെ പഠനം തെളിയിക്കുന്നു.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more