| Friday, 11th September 2026, 9:22 am

പത്തരമാറ്റിൽ ഇന്ത്യ! എട്ടാം തവണയും ഏഷ്യ കീഴടക്കാനൊരുങ്ങി ഹർമന്റെ പെൺപട

സുദേവ് എ

2026 വിമൺസ് ഏഷ്യാകപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ഇന്ത്യ. സെമിഫൈനലിൽ ബംഗ്ലാദേശിനെ വീഴ്ത്തിയാണ് ഇന്ത്യ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 40 റൺസിന് കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് അടിച്ചെടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസിന് ബംഗ്ലാദേശിന് കളി അവസാനിപ്പിക്കേണ്ടി വന്നു.

വിമൺസ് ഏഷ്യാകപ്പിലെ പത്താം ഫൈനൽ പോരാട്ടത്തിനാണ് ഹർമൻപ്രീത് കൗറും സംഘവും ഒരുങ്ങുന്നത്. 2004, 2005, 2006, 2008, 2012, 2016, 2018, 2022, 2024 എന്നീ വർഷങ്ങളിലായിരുന്നു ഇതിന് മുമ്പ് ഫൈനലിലെത്തിയത്. ഇതിൽ ഏഴ് തവണ കിരീടം സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

2018ലും 2024ലുമാണ് ഇന്ത്യക്ക് കിരീടം നഷ്ടമായത്. ഇത്തവണ എട്ടാം കിരീടം ഉയർത്താനാവും ഇന്ത്യ ലക്ഷ്യം വെക്കുക. ഇന്ന് നടക്കുന്ന ശ്രീലങ്ക-പാകിസ്ഥാൻ രണ്ടാം സെമി ഫൈനലിലെ വിജയികളെയായിരിക്കും ഇന്ത്യ ഫൈനലിൽ നേരിടുക. സെപ്റ്റംബർ 13നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.

അതേസമയം ബംഗ്ലാദേശിനെതിരെയുള്ള സെമി ഫൈനലിൽ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങിൽ തിളങ്ങിയത് ഷെഫാലി വർമയാണ്. അർധ സെഞ്ച്വറി നേടിയാണ് താരം ഇന്ത്യയുടെ സ്‌കോർ ഉയർത്തിയത്. 40 പന്തിൽ മൂന്ന് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 64 റൺസാണ് ഷെഫാലി സ്വന്തമാക്കിയത്.

താരത്തിന് പുറമെ 24 റൺസ് നേടിക്യാപ്റ്റൻ ഹർമൻപ്രീത് കൗറും 21 റൺസ് നേടി റിച്ചാ ഘോഷും മികവ് പുലർത്തി. സമൃതി മന്ഥാനയ്ക്ക് (അഞ്ച് പന്തിൽ രണ്ട്) തിളങ്ങാനായില്ല. ദീപ്തി ശർമ 13 റൺസെടുത്തു.

ഇന്ത്യൻ ബൗളിങ്ങിൽ ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. താരത്തിന് പുറമെ നന്ദിനി ശർമ രണ്ട് വിക്കറ്റ് നേടിയപ്പോൾ പ്രേമ റാവത്, ശ്രീ ചരണി എന്നിവർ ഒരോ വിക്കറ്റും നേടി.

ബംഗ്ലാദേശിന് വേണ്ടി ബൗളിങ്ങിൽ സുൽത്താന ഖാത്തുൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ മറൂഫ അക്തർ, നഹിദ അക്തർ, റബെയ ഖാത്തുൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ബാറ്റിങ്ങിൽ ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ ഷോമ അക്തറാണ്. പുറത്താകാതെ 22 റൺസാണ് താരം നേടിയത്. ഓപ്പണർ ദിലാര അക്തർ 21 റൺസും നേടി. മറ്റാർക്കും മികച്ച സ്‌കോർ കണ്ടെത്താനായില്ല.

Content Highlight: Indian womens cricket team qualify 10th final in womens Asia cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more