ഫിഫ ലോകകപ്പ് ആവേശത്തിനിടയില്‍ ഐ.സി.സി വനിത ടി-20 ലോകകപ്പിന് ഇന്ന് തുടക്കം കുറിക്കും. ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലാണ് ആദ്യ മത്സരം. എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കുന്നത്.
ഒരുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് 12 ടീമുകളാണ്. രണ്ടു ഗ്രൂപ്പുകളിലായായാണ് മത്സരങ്ങള്‍ നടക്കുക. ഇംഗ്ലണ്ടും വെയ്‌സും സംയുക്തമായാണ് ടൂര്‍ണമെന്റിന് വേദിയാവുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 17 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ വനിതകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
എകദിന ലോകകപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ വനിതാ ടീം
കിരീടത്തോടൊപ്പം ഒരു തകര്‍പ്പന്‍ നേട്ടത്തിലും ഇന്ത്യ കണ്ണുവെക്കുന്നുണ്ട്. നിലവിലെ ഏകദിന ചാമ്പ്യന്മാരായി തന്നെ ടി-20 ലോകകപ്പുയര്‍ത്തുക എന്ന നേട്ടം സ്വന്തമാക്കാനാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. വനിത ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ രണ്ട് ഫോര്‍മാറ്റിലും ഒരേ സമയം ചാമ്പ്യന്മാരായത് രണ്ട് ടീമുകള്‍ മാത്രമാണ്.
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയുമാണ് ഈ ചരിത്രനേട്ടത്തിനുടമകള്‍. 2009ലായിരുന്നു ഇംഗ്ലണ്ടിന്റെ ഈ നേട്ടം. ആ വര്‍ഷം ആദ്യം നടന്ന ഏകദിന ലോകകപ്പില്‍ ടീം ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. മാസങ്ങള്‍ക്കിപ്പുറം നടന്ന ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് ഒരേ സമയം രണ്ട് ഫോര്‍മാറ്റിലും കപ്പെന്ന അപൂര്‍വ നേട്ടം ഇംഗ്ലണ്ട് സ്വന്തമാക്കി.
2013ല്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഏകദിന ലോകകപ്പും 2014ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടി-20 ലോകകപ്പും നേടിയ ഓസ്‌ട്രേലിയയാണ് ഈ നേട്ടത്തില്‍ രണ്ടാമന്‍.
2022 -2023 കാലഘട്ടത്തിലും ഓസീസ് വനിതകള്‍ ഈ നേട്ടം ആവര്‍ത്തിച്ചു. 2022ല്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ച് ഓസീസ് ഒരിക്കല്‍ കൂടി ഏകദിന കപ്പുയര്‍ത്തി. അടുത്ത വര്‍ഷം ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെയും ടീം മുട്ടുകുത്തിച്ചു.
ഇത്തവണ ടി-20 ലോകകപ്പിന് ഇറങ്ങുമ്പോള്‍ ഹര്‍മന്റെയും സംഘത്തിന്റെയും ലക്ഷ്യം ഈ നേട്ടത്തിലെ മൂന്നാം ടീമാകുക എന്നതാണ്. അതിന് ഇന്ത്യയ്ക്ക് സാധിക്കുമോ കാത്തിരുന്ന തന്നെ കാണേണ്ടി വരും. ജൂണ്‍ 14ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. എഡ്ജ്ബാസ്റ്റണിലാണ് ഇരുവരും ഏറ്റുമുട്ടുക.
Content Highlight: Indian women’s team Aims To win T20 World Cup while being ODI World Cup champions